മിന്നി മിന്നി മിന്നുമണി: രണ്ടാം മത്സരത്തിലും തിളക്കം, കയ്യടി
വയനാട്ടിൽ നിന്ന് ടീം ഇന്ത്യയിലേക്ക് വിളി വന്നപ്പോൾ ആരാരും പ്രതീക്ഷിച്ചിരുന്നില്ല, മിന്നുമണിയിൽ നിന്ന് ഇങ്ങനെയാരു ഫോം.
മിന്നുമണി
ധാക്ക: അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ വിക്കറ്റ്. രണ്ടാം മത്സരത്തിലും വിക്കറ്റ്, അതും രണ്ടെണ്ണം, വിട്ടുകൊടുത്തതോ ഒമ്പത് റൺസ്. അതിൽ ഒരു മെയ്ഡൻ ഓവറും. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മലയാളിതാരം മിന്നുമണി തകർക്കുകയാണ്. വയനാട്ടിൽ നിന്ന് ടീം ഇന്ത്യയിലേക്ക് വിളി വന്നപ്പോൾ ആരാരും പ്രതീക്ഷിച്ചിരുന്നില്ല, മിന്നുമണിയിൽ നിന്ന് ഇങ്ങനെയാരു ഫോം.
കന്നി വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് മിന്നുമണിയെ ഇന്ത്യൻ ടീമിലെത്തിച്ചത്. എന്നാൽ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20പരമ്പരയിൽ അവസരം കിട്ടുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. എന്നാൽ ഇന്ത്യൻ ടീമും നായകന്‍ ഹർമൻപ്രീത് കൗറും മിന്നു മണിയിൽ വിശ്വാസമർപ്പിച്ചു. ആദ്യ മത്സരത്തിൽ തന്നെ അവസരം കൊടുത്തു. എറിഞ്ഞ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയ മിന്നുമണി, ഇന്ത്യൻ ടീമിൽ തന്നെ എടുത്തതിലുള്ള നന്ദി പ്രകാശിപ്പിച്ചു. മൂന്ന് ഓവറിൽ 22 റൺസ് വിട്ടുകൊടുത്തായിരുന്നു മിന്നുമണിയുടെ പ്രകടനം. എന്നാല്‍ ആദ്യ മത്സരത്തിൽ മിന്നുമണിക്ക് ബാറ്റിങിന് അവസരം ലഭിച്ചില്ല.
ബംഗ്ലാദേശ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. രണ്ടാം മത്സരത്തിലാണ് മിന്നുമണി എന്താണെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്. മിന്നുമണിയുടെ നാല് ഓവറിൽ ബംഗ്ലാദേശ് ബാറ്റർമാർ വിയർത്തു. തട്ടിയും മുട്ടിയും അവർ മിന്നുമണിയുടെ 24 പന്തുകൾ നീക്കി. നേടിയതോ ഒമ്പത് റൺസ് മാത്രം. അതിൽ ഒരു ഓവർ മെയ്ഡനും. ഇന്ത്യയുടെ ജയത്തിൽ മിന്നുമണിയുടെ ഓവറുകൾ നിർണായകം. ബാറ്റെടുത്തപ്പോഴും മിന്നുമണി നിരാശപ്പെടുത്തിയില്ല.
മൂന്ന് പന്തുകളിൽ നിന്ന് ഒരു ബൗണ്ടറിയുൾപ്പെടെ നേടിയത് അഞ്ച് റൺസ്. ഇന്ത്യ നേടിയത് ആകെ 95 റൺസ്. വിശ്രമം അനുവദിച്ചില്ലെങ്കില്‍ മൂന്നാം ടി20 വ്യാഴാഴ്ച അരങ്ങേറുമ്പോൾ മിന്നുമണിക്ക് അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. നിലവിലെ ഫോമിൽ ഇന്ത്യയുടെ വരും പരമ്പരകളിലും മിന്നുമണിയുടെ സാന്നിധ്യമുണ്ടാകും. അതേസമയം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Adjust Story Font
16