ടി20: പാകിസ്താനെതിരെ ഇന്ത്യ തോൽക്കാൻ കാരണം മോദി; രാകേഷ് ടികായത്ത്
വോട്ട് കിട്ടുമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു.
ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഭാഗപട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ടികായത്ത് നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
കൂടുതല്‍ വോട്ട് ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ മോദി സര്‍ക്കാരിന് ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ സാധിക്കുമെന്നും പാര്‍ട്ടിക്ക് കായിക മത്സരമല്ല, വോട്ടാണ് പ്രധാനമെന്നുമുള്ള ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം താന്‍ കണ്ടിട്ടില്ല. എന്നാൽ മോദി സർക്കാരാണ് ഇന്ത്യയെ തോൽപ്പിച്ചത് എന്ന കാര്യം ഗ്രാമവാസികളാണ് തന്നോട് പറഞ്ഞതെന്നും ടികായത്ത് പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും ചിലരെങ്കിലും പടക്കം പൊട്ടിച്ച് ആഘോഷിക്കും. ആളുകള്‍ ഇന്ത്യന്‍ ടീമിനെ അപമാനിക്കുകയും ചെയ്യും ഇതെല്ലാം ഗ്രാമത്തിലുള്ളവരാണ് തന്നോട് പറഞ്ഞതെന്നും ടികായത്ത് അവകാശപ്പെട്ടു. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളില്‍ നേടുന്ന ആദ്യ ജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.
അതേസമയം ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലാൻഡിനെതിരെയാണ്. അടുത്ത ഞായറാഴ്ചയാണ് മത്സരം. ഇന്ത്യക്ക് ഈ കളിയിൽ ജയിക്കൽ അനിവാര്യമാണ്. രണ്ട് ജയവുമായി പാകിസ്താനാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
Adjust Story Font
16