Quantcast

'ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു'; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മൊയീൻ അലി

മൂന്ന് ഫോർമാറ്റിലുമായി 6,678 റൺസാണ് താരം നേടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും സ്വന്തമാക്കി.

MediaOne Logo

Sports Desk

  • Published:

    8 Sep 2024 7:47 AM GMT

It feels like the right time; Moeen Ali retires from international cricket
X

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് താരം മൊയീൻ അലി. 37ാം വയസിലാണ് താരം കരിയറിന് വിരാമമിടുന്നത്. 2014ൽ ഇംഗ്ലണ്ടിനായി അരങ്ങേറിയ മൊയീൻ അലി 68 ടെസ്റ്റിലും 138 ഏകദിനങ്ങളിലും 92 ടി20യിലും കളത്തിലിറങ്ങി. കഴിഞ്ഞ ടി20 ലോകകപ്പിലാണ് അവസാനമായി കളിച്ചത്.ആസ്‌ത്രേലിയക്കെതിരെ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. 'ഇംഗ്ലണ്ടിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു. ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു'- മൊയീൻ അലി പറഞ്ഞു.

മൂന്ന് ഫോർമാറ്റിലുമായി 6,678 റൺസാണ് താരത്തിന്റെ സമ്പാദ്യം. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും സ്വന്തമാക്കി. 366 വിക്കറ്റുകളും നേടി. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിച്ചേക്കും. നിലവിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമാണ്. ഏകദിന, ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട താരം, ആഷസ് നേടിയ സംഘത്തിലും ഉൾപ്പെട്ടിരുന്നു. ഓവലിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ടെസ്റ്റ് ഹാട്രികാണ് കരിയറിലെ മികച്ച പ്രകടനമെന്ന് താരം പറഞ്ഞു. 2022ൽ ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ 16 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ ഫിഫ്റ്റിയാണിത്. നേരത്തെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ അഭ്യർത്ഥന പ്രകാരം മടങ്ങിയെത്തുകയായിരുന്നു

TAGS :

Next Story