അർജുൻ തെണ്ടുൽക്കറെ ഇനി കളിപ്പിക്കണം, മുംബൈക്ക് ഭാഗ്യം കൊണ്ടുവന്നേക്കും: മുഹമ്മദ് അസ്ഹറുദ്ദീൻ
അര്‍ജുനെ കളിപ്പിക്കണമെന്നും ചിലപ്പോള്‍ സച്ചിന്റെ പേര് മുംബൈക്ക് ഭാഗ്യം കൊണ്ടുവന്നേക്കുമെന്നായിരുന്നു അസ്ഹറിന്റെ കമന്റ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവെക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റ അവര്‍ പോയിന്റ് ടേബിളിന്റെ അടിയിലാണ്. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ക്യാപ്റ്റ്ന്‍ രോഹിതിന് പോലും കഴിയുന്നില്ല. ബുംറ ഒഴികെയുള്ള ബൗളർമാരെല്ലാം എട്ടുനിലയില്‍ പൊട്ടുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പതറുകയാണ് മുംബൈ.
ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന് തിരിച്ചുവരാനൊരു നിര്‍ദേശം വെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കളിപ്പിക്കണമെന്നാണ് അസ്ഹറുദ്ദീന്‍ പറയുന്നത്.
അര്‍ജുനെ കളിപ്പിക്കണമെന്നും ചിലപ്പോള്‍ സച്ചിന്റെ പേര് മുംബൈക്ക് ഭാഗ്യം കൊണ്ടുവന്നേക്കുമെന്നായിരുന്നു അസ്ഹറിന്റെ കമന്റ്. 'മുംബൈ ഇന്ത്യന്‍സ് ആറ് മത്സരങ്ങളും തോറ്റു. ചില പുതിയ താരങ്ങളെ പരീക്ഷിക്കേണ്ടതായുണ്ട്. അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം നല്‍കാവുന്നതാണ്. അവന് മികച്ച പ്രകടനം കാഴ്ചവെക്കാനായേക്കും. സച്ചിന്റെ പേര് ചിലപ്പോള്‍ മുംബൈക്ക് ഭാഗ്യം നല്‍കിയേക്കും- സ്പോര്‍ട്സ് മാധ്യമമായ ക്രിക്ക്ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ അസ്ഹര്‍ വ്യക്തമാക്കി.
കോടികളെറിഞ്ഞ് ടീമിലെത്തിച്ച സിംഗപ്പൂര്‍ ക്രിക്കറ്റ് താരം ടിം ഡേവിഡിനും ആവശ്യത്തിന് അവസരം ലഭിക്കണം. ഒരുപാട് പണം മുടക്കി ടീമിലെത്തിച്ച അദ്ദേഹം കളിക്കാതിരുന്നാൽ പിന്നെയെന്താണ് ഉപകാരമുള്ളത്. മുംബൈയ്ക്കു താരങ്ങളുണ്ടെങ്കില്‍ അവരെ ഇനിയും മാറ്റി ഇരുത്തരുത്. കാര്യങ്ങൾ മുംബൈ ഉദ്ദേശിച്ച പോലെ നടക്കുന്നില്ലെങ്കിൽ വ്യത്യസ്തരായ താരങ്ങളെ കളിക്കാനിറക്കുകയാണു വേണ്ടതെന്നും അസ്ഹര്‍ പറഞ്ഞു.
ഐപിഎൽ ചരിത്രത്തില്‍ ആദ്യ ആറ് മത്സരങ്ങളിലും തോൽക്കുന്ന മൂന്നാമത്തെ ടീം മാത്രമാണ് മുംബൈ ഇന്ത്യൻസ്. അതേസമയം 2014ൽ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ശേഷം പ്ലേ ഓഫിലെത്തിയ ചരിത്രവും മുംബൈക്കുണ്ട്. എന്നാല്‍ ഇക്കുറി ഇനിയുള്ള എല്ലാ മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നതാണ് മുംബൈയുടെ നിലവിലെ സ്ഥിതി.
Summary- Mohammad Azharuddin - Arjun Tendulkar
Adjust Story Font
16