അതിരുവിട്ട പെരുമാറ്റം; സിറാജിനും ഹെഡിനും ശിക്ഷ വിധിച്ച് ഐസിസി
സിഡ്നി: അഡലൈഡ് ടെസ്റ്റിനിടെ അപമരാദ്യയോടെ പെരുമാറിയെന്ന് കാണിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ആസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും ഐ.സി.സി ശിക്ഷ വിധിച്ചു. സിറാജിന് മത്സര ഫീസിന്റെ 20 ശതമാനം പിഴയും ഹെഡിന് താക്കീതുമാണ് ഐസിസി വിധിച്ചത്. ഐസിസിയുടെ അച്ചടക്ക നടപടികൾ ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി.
ഇരുവർക്ക് മേലും ഒരു ഡിമെറിറ്റ് പോയന്റും ഐസിസി ചാർത്തിയിട്ടുണ്ട്. ഒരു ഡിമെറിറ്റ് പോയന്റ് കൂടി ചാർത്തിയാൽ ഇരുവർക്ക് മേലും വിലക്ക് വരും. അഡ്ലൈഡിൽ ഹെഡ് സിറാജിന്റെ പന്തിൽ ബൗൾഡായി പുറത്തായതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റതിൽ ഏർപ്പെട്ടത്. 140 റൺസെടുത്ത ഹെഡ് ഓസീസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പിന്നാലെ സിറാജിനോട് ‘well bowled’ (നന്നായി പന്തെറിഞ്ഞു) എന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി ഹെഡ് എത്തിയിരുന്നു. എന്നാൽ ഹെഡിന്റെ വിശദീകരണം നിഷേധിച്ച് സിറാജും രംഗത്തെത്തി.
‘‘ഹെഡുമായി മികച്ച പോരാട്ടമാണ് നടന്നത്. അവൻ നന്നായി ബാറ്റ് ചെയ്തു. ഞാനെറിഞ്ഞ നല്ല പന്തിലാണ് അവൻ സിക്സർ അടിച്ചത്. അതുകൊണ്ടാണ് അവനെ ബൗൾഡ് ആക്കിയപ്പോൾ ആഘോഷിച്ചത്. അവൻ എനിക്കെതിരെ അധിക്ഷേപ വാക്കുകൾ പറഞ്ഞത് നിങ്ങളും ടിവിയിൽ കണ്ടില്ലേ?’’
‘‘ഞാൻ ആഘോഷം മാത്രമാണ് നടത്തിയത്. അവനോട് ഒന്നും പറഞ്ഞില്ല. പത്രസമ്മേളനത്തിൽ ഹെഡ് പറഞ്ഞത് ശരിയല്ല. അവൻ പറഞ്ഞത് ‘നന്നായി പന്തെറിഞ്ഞു’ എന്നാണെന്നത് നുണയാണ്. ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണ്. പക്ഷേ അവൻ ചെയ്തത് ശരിയല്ല. അതെനിക്ക് ഇഷ്ടമായില്ല.’’ -സിറാജ് പ്രതികരിച്ചു.
Adjust Story Font
16