Quantcast

സമ്മാനമായി ഓട്ടോഗ്രാഫിട്ട പന്ത്; കണ്ണുനിറഞ്ഞ് ധോണിയുടെ കുട്ടിയാരാധകര്‍

അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ സന്തോഷം അടക്കാനാകാതെ കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം...

MediaOne Logo

Web Desk

  • Updated:

    2021-10-11 08:17:31.0

Published:

11 Oct 2021 8:16 AM GMT

സമ്മാനമായി ഓട്ടോഗ്രാഫിട്ട പന്ത്; കണ്ണുനിറഞ്ഞ് ധോണിയുടെ കുട്ടിയാരാധകര്‍
X

ഡല്‍ഹിയെ തോല്‍പ്പിച്ച ഫൈനലിലെത്തിയതിന് പിന്നാലെ ധോണിയെന്ന ക്യാപ്റ്റന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. പഴയ ഫിനിഷിങ് സ്റ്റൈലുമായി ധോണി പിന്നെയും കളിക്കളം അടക്കിവാഴുന്നതാണ് ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചത്.

നാളുകള്‍ക്ക് ശേഷം വീണ്ടും ആ ധോണി മാജിക് ആരാധകര്‍ കണ്ടു. കടുത്ത ധോണി ആരാധകര്‍ പോലും ജഡേജ ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് അസാധ്യമെന്ന് വിധിയെഴുതിയ മത്സരത്തെ കരയ്ക്കടുപ്പിച്ച് ആ നായകന്‍‌ വീണ്ടും ചിരിച്ചു... ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ക്യാപ്റ്റന്‍റെ അതേ ചിരി. അഞ്ച് ബോളില്‍ 13 റണ്‍സെന്ന ലക്ഷ്യം രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ധോണി മറികടന്നു. കഴിഞ്ഞ സീസണിലെ ഏഴാംസ്ഥാനക്കാരില്‍ നിന്ന് പുതിയ സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍കിങ്സ്.

ഏറ്റവുമധികം ആരാധകരുള്ള ഐ.പി.എല്‍ ടീമുകളിലൊന്നായ ചെന്നൈയുടെ വിജയത്തിന് പിന്നാലെ അവരുടെ ഡൈ ഹാര്‍ഡ് ഫാന്‍സിന്‍റെ ഒരു വീഡിയോയും വൈറലാകുന്നുണ്ട്. ചെന്നൈയുടെ വിജയത്തില്‍ വികാരഭരിതരായ രണ്ട് കുട്ടി ആരാധകരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍. ചെന്നൈയുടെ വിജയത്തില്‍ മതിമറന്ന് ആഘോഷിച്ച കുട്ടികള്‍ക്ക് ധോണി മത്സരത്തിലെ ബോള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ഓട്ടോഗ്രാഫ് ഇട്ട ബോള്‍ കുട്ടി ആരാധകര്‍ക്ക് എറിഞ്ഞ് കൊടുത്താണ് ധോണി കൈയ്യടി വാങ്ങിയത്.

അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ സന്തോഷം അടക്കാനാകാതെ കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ ആരാധകര്‍ ആകുക എന്നതും ഒരു വികാരമാണ് എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ കുട്ടികളുടെ വീഡിയോ പ്രചരിക്കുന്നത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്‍റെ വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. 50 പന്തിൽ 70 റൺസുമായി ഋതുരാജ് ഗെയ്ഗ്വാദും 44 പന്തിൽ 63 റൺസുമായി റോബിൻ ഉത്തപ്പയും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അവസാന രണ്ടോവറിൽ 24 റൺസ് വേണമെന്നിരിക്കെ 19 ആം ഓവറിലെ ആദ്യ പന്തിൽ ഗെയ്ഗ്വാദ് പുറത്തായി. ശേഷം ധോണി ക്രീസിലെത്തുന്നു..തുടർന്ന് ഓവറിലെ നാലാം പന്തിൽ സ്‌ട്രൈക്ക് ലഭിച്ച ധോണി ആദ്യ പന്ത്‌ മിസ്സ് ചെയ്തു. ആരാധകര്‍ തലയില്‍ കൈവെച്ചു പോയ നിമിഷം. പക്ഷേ അടുത്ത ബോളില്‍ 'തല' നയം വ്യക്തമാക്കി. ആവേശ് ഖാന്‍റെ അടുത്ത പന്ത് ചെന്ന് നിന്നത് ഗ്യാലറിയിലാണ്. അവസാന ഓവറിൽ ജയിക്കാന്‍ 13 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ മൊയിൻ അലിയെ ചെന്നൈക്ക് നഷ്ടമായി. ഇതിനിടയില്‍ സ്‌ട്രൈക്ക് ലഭിച്ച ധോണി തുടർച്ചയായ മൂന്ന് ബൌണ്ടറികളോടെ ടീമിനെ വിജയത്തിലെത്തിച്ചു. ചെന്നൈ ഡഗൌട്ടില്‍ ആവേശം അണപൊട്ടി... സി.എസ്.കെ ഫൈനലില്‍

.

TAGS :

Next Story