'ചെന്നൈക്കായി 200': ധോണിക്ക് മറ്റൊരു നേട്ടം കൂടി...
ഐപിഎല്ലിൽ ചെന്നൈയ്ക്കായി 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും എം.എസ് ധോണി സൃഷ്ടിക്കുന്ന നേട്ടങ്ങൾക്ക് കുറവൊന്നുമില്ല. രവീന്ദ്ര ജഡേജയിൽ നിന്ന് നായക സ്ഥാനം ഏറ്റെടുത്ത ധോണി ചെന്നൈ ടീമിനെ കരകയറ്റാനുള്ള തീവ്രശ്രമത്തിലാണ്.
ഈ സീസണിൽ നായകനായ ആദ്യ മത്സരം ജയിച്ചവെങ്കിലും ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി. ഇപ്പോഴിതാ ധോണിയെ തേടി മറ്റെരു നേട്ടം കൂടി എത്തിയിരിക്കുന്നു.
ഐ.പി.എല്ലിൽ ചെന്നൈയ്ക്കായി 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോഹ്‌ലി മാത്രമേ ധോണിക്ക് മുൻപ് ഒറ്റ ടീമിന് വേണ്ടി 200 മത്സരം കളിച്ചിട്ടുള്ളൂ. വിരാട് കോഹ്‌ലി ബാംഗ്ലൂരിനായി 218 മത്സരത്തിൽ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ധോണിയുടെ 230-ാം മത്സരമായിരുന്നു ബാംഗ്ലൂരിനെതിരായ മത്സരം. ഇതിൽ മുപ്പത് മത്സരം റൈസിങ് പുനെ സൂപ്പർ ജയന്റ്സിന് വേണ്ടിയായിരുന്നു.
അതേസമയം ധോണിയുടെ 200ാം മത്സരമായിരുന്നുവെങ്കിലും ടീമിന് തോല്‍ക്കാനായിരുന്നു വിധി. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. നിർണായക മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചെലഞ്ചേഴ്സ് 13 റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്. 174എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ 160 റൺസെ നേടാനായുള്ളു. 42 റൺസെടുത്ത മഹിപാൽ ലോംറോറും 38 റൺസെടുത്ത ഫാഫ് ഡു പ്ലെസിസുമാണ് ബാംഗ്ലൂരിന്റെ വിജയശില്പികൾ. തോൽവിയോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ഒമ്പതാമതാണ്.
ഓപ്പണർമാരായ ഗെയ്ക്വാദും ഡെവൺ കോൺവേയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചതാണ് ചെന്നൈക്ക് വിനയായത്. ഗെയ്ക്‌വാദ് 23 പന്തിൽ 28 റൺസ് നേടി. കോൺവേ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 37 പന്തിൽ 56 റൺസ് നേടിയ കോൺവേയുടെ ഇന്നിങ്‌സിൽ 6 ഫോറുകളും 2 സിക്‌സറും അടങ്ങിയതായിരുന്നു.
Summary-MS Dhoni plays 200th IPL match for CSK and joins Virat Kohli in elite list
Adjust Story Font
16