'ഫിഫ്റ്റിയടിച്ചാലും ജനങ്ങൾ പറയും, അവൻ തോൽവിയാണ്'; കോഹ്‌ലിയെ പിന്തുണച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ടി20 മത്സര പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്
സമീപകാലത്ത് ഏറെ വിമർശനങ്ങൾ നേരിടുന്ന വിരാട് കോഹ്‌ലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. 'ഞാൻ വിരാട് കോഹ്‌ലിക്കൊപ്പമാണ്. അദ്ദേഹം അർധസെഞ്ച്വറി നേടിയാലും ജനങ്ങൾ പറയും അവൻ പരാജയപ്പെട്ടിരിക്കുകയാണ്' ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവേ അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. 'എല്ലാ ക്രിക്കറ്റർക്കും ഈ അവസ്ഥ സംഭവിക്കുന്നതാണ്. മികച്ച താരങ്ങൾ വരെ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ രീതികളിൽ പ്രശ്‌നമില്ലെന്നും ചില സമയത്ത് കുറച്ച് ഭാഗ്യം കൂടി വേണമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. ഇനി ഒരു സെഞ്ച്വറി, വമ്പൻ സ്‌കോർ നേടിയാൽ കോഹ്‌ലിയുടെ ആത്മവിശ്വാസവും ആക്രമണോത്സുകതയും തിരിച്ചുവരുമെന്നും ഇന്ത്യ കണ്ട മികച്ച ബാറ്റർമാരിലൊരാളായ അസ്ഹറുദ്ദീൻ വ്യക്തമാക്കി.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ടി20 മത്സര പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റിൽ കോഹ്ലി കളിക്കും.
വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ പാകിസ്താൻ താരം ഷുഹൈബ് അക്തറും രംഗത്ത് വന്നിരുന്നു. 'നിങ്ങൾ വിരാട് കോഹ്ലിയെ കുറിച്ച് നല്ല കാര്യങ്ങൾ പറയൂ... അദ്ദേഹത്തിന് ബഹുമാനം നൽകൂ... എന്ത് കൊണ്ടാണ് ബഹുമാനിക്കാത്തത്. ഒരു പാകിസ്താനിയെന്ന നിലയിൽ ഞാൻ പറയുന്നു, കോഹ്ലി എക്കാലത്തെയും മികച്ച താരമാണ്. അദ്ദേഹം 110 സെഞ്ച്വറിയടക്കുമെന്ന് എനിക്ക് പന്തയം വെക്കാനാകും' സ്പോർട്സ് കീഡ ക്രിക്കറ്റിന് അനുവദിച്ച അഭിമുഖത്തിൽ താരത്തെ പിന്തുണച്ച് അക്തർ പറഞ്ഞു.
2015 മുതൽ 2019 വരെയുള്ള കാലയളവിൽ നിരവധി സെഞ്ച്വറികളുമായി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായിരുന്നു കോഹ്ലി. എന്നാൽ 2019 നവംബർ മുതൽ അദ്ദേഹം ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടിയിട്ടില്ല. 2022 ഐപിഎല്ലിലും മികച്ച പ്രകടനമല്ല താരം കാഴ്ചവെച്ചത്. 16 മത്സരങ്ങളിലായി 22.73 ആവറേജിൽ 341 റൺസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. രണ്ടു അർധ സെഞ്ച്വറികൾ നേടിയിരുന്നെങ്കിലും ആർസിബിയെ ഫൈനലിലെത്തിക്കാനായില്ല. മോശം പ്രകടനത്തെ തുടർന്ന് നിരവധി മുൻ താരങ്ങൾ കോഹ്ലിയെ വിമർശിച്ചിരുന്നു. അവധിയെടുക്കാൻ ഉപദേശിച്ചിരുന്നു.
Former India captain Muhammad Azharuddin has backed Virat Kohli
Adjust Story Font
16