പുറത്തായതിന് പിന്നാലെ മുംബൈയിൽ 'വീണ്ടും അടി';പാണ്ഡ്യക്കെതിരെ പരാതി പ്രളയം
ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്
മുംബൈ: ചെറിയ ഇടവേളക്ക് ശേഷം മുംബൈ ഇന്ത്യൻസിൽ വീണ്ടും തലപൊക്കി ഡ്രസിങ് റൂം പ്രശ്‌നങ്ങൾ. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കെതിരെ മുൻ നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ മാനേജ്‌മെന്റിന് പരാതി നൽകിയതായാണ് റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമാണ് മുംബൈ ഇന്ത്യൻസിലെ പൊട്ടിതെറിയെന്ന രീതിയിൽ വാർത്ത നൽകിയത്. നേരത്തെ തന്നെ ഹാർദികിന്റെ സമീപനത്തിൽ സീനിയർ താരങ്ങൾ അതൃപ്തരായിരുന്നു. രോഹിതിന് പുറമെ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരടങ്ങുന്ന താരങ്ങളാണ് മുംബൈ മാനേജ്‌മെന്റിന് മുന്നിലെത്തിയത്.
ഹാർദികിന്റെ മോശം പെരുമാറ്റത്തിന് പുറമെ ടീമിന്റെ ഈ സീസണിലെ പരാജയത്തിനുള്ള കാരണവും താരങ്ങൾ മാനേജ്‌മെന്റിനെ ധരിപ്പിച്ചതായും വാർത്തയുണ്ട്. ഇതിനുശേഷം ടീം മാനേജ്‌മെൻറ് പ്രതിനിധികൾ സീനിയർ താരങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഐപിഎൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തോൽവി നേരിട്ടതോടെയാണ് മുംബൈയുടെ വിദൂര സാധ്യതയും അടഞ്ഞത്. നിലവിൽ 12 മാച്ചിൽ നിന്നായി എട്ട് പോയന്റാണ് ഹാർദികിന്റേയും സംഘത്തിന്റേയും സമ്പാദ്യം. ഇനി അവശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും പ്ലേഓഫിലെത്താനാവില്ല.
Adjust Story Font
16