ചേസിങിലെ പുലികൾ മുംബൈ അല്ലാതെ പിന്നെയാര്? ഈ സീസണിൽ 200 റൺസ് പിന്തുടർന്ന് ജയിച്ചത് നാല് തവണ
മുംബൈയുടെ മുന്‍നിര ക്ലിക്കായപ്പോള്‍ വിജയം എളുപ്പമാകുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സ്
മുംബൈ: ഐ.പി.എല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് 200 റണ്‍സിന് മുകളില്‍ റണ്‍സ് ചേസ് ചെയ്ത് വിജയിച്ചത് നാല് തവണ. മറ്റൊരു ടീമും ഇത്രയും തവണ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് മുംബൈ, 200 റണ്‍സോ അതിലധികമോ റണ്‍സ് ചേസ് ചെയ്‌തെടുത്തത്.
മുംബൈയുടെ മുന്‍നിര ക്ലിക്കായപ്പോള്‍ വിജയം എളുപ്പമാകുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഏപ്രില്‍ 30 ന് 213 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മുംബൈ തൊട്ടടുത്ത മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ മറികടന്നു. മേയ് ഒന്‍പതിന് നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം മുംബൈ വെറും 16.3 ഓവറില്‍ നേടിയെടുത്തു. ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു മുംബൈ അവസാവനം 200 റണ്‍സിന് മുകളില്‍ ചേസ് ചെയ്ത് വിജയിച്ചത്.
നായകൻ രോഹിത് ശർമ്മ ഫോമിന് പുറത്തായിരുന്നുവെങ്കിലും അവസാന മത്സരത്തിൽ അർധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ് എന്നിവരെല്ലാം ഫോമിലാണ്. അതേസമയം ഐ.പി.എൽ 16ാം സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടതോടെ മുംബൈ അവസാന നാലിൽ ഇടം പിടിച്ചു. ആദ്യ ക്വാളിഫയറിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ മുംബൈയാണ് ലക്‌നൗവിന്റെ എതിരാളികൾ. ആദ്യ ക്വാളിഫയറിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനൽ യോഗ്യത നേടും.
Adjust Story Font
16