'ഒരു മത്സരത്തിന് 25 ലക്ഷം വാങ്ങിയിരുന്നു'; കമന്ററി ബോക്‌സിലെത്തുമ്പോൾ സിദ്ധു പറയുന്നു...
രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോഴും കളിയുടെ അപ്‌ഡേറ്റുകളെല്ലം വള്ളിപുള്ളിവിടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
മുംബൈ: ഏറെ കാലത്തിന് ശേഷം ക്രിക്കറ്റ് കമന്ററി ബോക്‌സിലേക്ക് തിരിച്ചെത്തുകയാണ് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു. 2024 ഐ.പി.എൽ കമന്ററി പറയാൻ താനുണ്ടാകുമെന്ന് സിദ്ധു നേരത്തെ വ്യക്തമാക്കിയതാണ്. സ്റ്റാർസ്‌പോർട്‌സിന് വേണ്ടിയാണ് സിദ്ധു കളി പറയുന്നത്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഹിറ്റാണ് സിദ്ധുവിന്റെ കളിപറച്ചിൽ. ഒരു പ്രത്യേക ഫാൻബേസ് തന്നെ സിദ്ധുവിനുണ്ട്.
ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത സിദ്ധുവിനെ രാഷ്ട്രീയത്തിലാണ് പിന്നെ കണ്ടത്. രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോഴും കളിയുടെ അപ്‌ഡേറ്റുകളെല്ലം വള്ളിപുള്ളിവിടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ സിദ്ധു തന്റെ ക്രിക്കറ്റ് കാലത്തെക്കുറിച്ചും കമന്ററി ബോക്‌സിലുണ്ടായിരുന്ന സമയത്തെ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയുണ്ടായി. അതിലൊന്നായിരുന്നു കമന്ററി പറഞ്ഞ് താൻ നേടിയ വരുമാനം.
ഒരൊറ്റ മത്സരത്തിന് 25 ലക്ഷമായിരുന്നു കമന്ററിയുടെ പ്രതിഫലം. ടൂർണമെന്റിൽ ഉടനീളം ഭാഗമായാൽ 60 മുതൽ 70 ലക്ഷം വരെ ലഭിച്ചിരുന്നെന്നും സിദ്ധു പറയുന്നു. എന്നാൽ ഈ പണത്തിലായിരുന്നില്ല തന്റെ സംതൃപ്തിയെന്നും ആ സമയത്തെ ഓരോ നിമിഷങ്ങൾ പണത്തേക്കാളെറെ ഓർത്തുവെക്കാനുള്ളതാണെന്നും സിദ്ധു പറയുന്നു.
അതേസമയം ടി20 ലോകകപ്പിലേക്കുളള വഴിയായതിനാൽ കളിക്കാർക്ക് ഇന്ത്യൻ ടീമിലെത്താനുള്ള അവസാന ചാൻസാണ് ഐപിഎൽ. മറ്റു പ്രധാന മത്സരങ്ങളൊന്നും ഈ ഐപിഎൽ വേളയിൽ നടക്കുന്നില്ല. അതിനാൽ ക്രിക്കറ്റ് പ്രേമികളുടെ കണ്ണുംകാതും ഇന്ത്യയിൽ ആയിരിക്കും. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്‌സും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് വേദിയാകുന്നത്.
കളിക്കാരനെന്ന നിലയിൽ എം.എസ് ധോണിയുടെ അവസാന ഐപിഎല്ലായിരിക്കും 2024 എന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ഒത്തിരി മാറ്റങ്ങളും ഈ ഐപിഎല്ലിനെ വേറിട്ടതാക്കുന്നുണ്ട്. രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതും ഈ സീസണിലാണ്. ഹാർദിക് പാണ്ഡ്യയാണ് 2024ൽ മുംബൈയെ നയിക്കുന്നത്.
Adjust Story Font
16