Quantcast

അന്ന് സഞ്ജുവിനെ പിന്തുണച്ച് ഗംഭീർ; പരിശീലക സ്ഥാനത്തെത്തുമ്പോഴും ഇതേ പരിഗണന ലഭിക്കുമോ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിന്റെ പരിശീലനത്തിലുള്ള ആദ്യ മേജർ ടൂർണമെന്റ്

MediaOne Logo

Sports Desk

  • Published:

    11 July 2024 11:08 AM GMT

അന്ന് സഞ്ജുവിനെ പിന്തുണച്ച് ഗംഭീർ; പരിശീലക സ്ഥാനത്തെത്തുമ്പോഴും ഇതേ പരിഗണന ലഭിക്കുമോ
X

രാഹുൽ ദ്രാവിഡായിരിക്കില്ല ഗൗതം ഗംഭീർ. ഇന്ത്യൻ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് 42 കാരൻ എത്തുമ്പോൾ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. കളിക്കളത്തിലും പുറത്തും എന്നും അഗ്രസീവായാണ് ഗംഭീറിനെ കണ്ടിട്ടുള്ളത്. ദ്രാവിഡാകട്ടെ ഏതു സാഹചര്യത്തിലും സൗമ്യനായി സമീപിക്കുന്ന വ്യക്തിത്വവും. ഇതിഹാസ താരത്തിൽ നിന്ന് സമകാലികനായ പരിശീലകനിലേക്കുള്ള ഇന്ത്യൻ ടീമിന്റെ ചുവടുമാറ്റം. കരിയറിലെ അവസാന സമയത്ത് നിൽക്കുന്ന രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ശേഷം മികച്ചൊരു യങ് ഇന്ത്യൻ നിരയെ കെട്ടിപടുക്കുകയെന്നതാണ് ഗംഭീറിന് മുന്നിലുള്ള പ്രധാന ദൗത്യം. 2025 ചാമ്പ്യൻസ് ട്രോഫി, ഇതേ വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ്, 2027 ഏകദിന ലോകകപ്പ്. മൂന്നര വർഷ നിയമനത്തിൽ ഗംഭീറിന് മുന്നിലുള്ളത് സുപ്രധാന ടാസ്‌കുകൾ.

ദ്രാവിഡിൽ നിന്ന് ഗംഭീറിലേക്ക് ബാറ്റൺ കൈമാറുമ്പോൾ ടീം സെലക്ഷനിലടക്കം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് പുതിയ കോച്ചിന്റെ ടീമിൽ ഇടമുണ്ടാകുമോ... ആരാധകർ ഉറ്റുനോക്കുന്ന ചോദ്യത്തിനുള്ള ഉത്തരം വൈകാതെ ലഭിക്കും. നിലവിൽ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ട സഞ്ജുവിന് തുടർന്നും കുട്ടിക്രിക്കറ്റിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംബാബ്വെക്കെതിരായ പരമ്പരയിൽ ഉപനായക പദവി നൽകിയതും ഇക്കാര്യം അടിവരയിടുന്നതാണ്. സ്റ്റാർഡത്തിൽ വിശ്വസിക്കാത്ത, യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ എന്നെന്നും ശ്രമിച്ചിട്ടുള്ള ഗംഭീറിന്റെ ഗുഡ് ലിസ്റ്റിലുള്ള താരമാണ് സഞ്ജുവും. മലയാളിതാരത്തിന് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട് ഗംഭീർ. ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടവരിലും ഈ ഡൽഹിക്കാരനുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിലെ താരത്തിന്റെ നായക മികവിനും നൂറിൽ നൂറുമാർക്കാണ് നൽകിയത്. എന്നാൽ പരിശീലക സ്ഥാനത്തിന് മുൻപും ശേഷവുമുള്ള ഗംഭീർ എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഇതുവരെ 16 ഏകദിന മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 57 ബാറ്റിങ് ശരാശരിയിൽ ഒരു സെഞ്ച്വറിയടക്കം 510 റൺസാണ് സമ്പാദ്യം. മൂന്ന് അർധ സെഞ്ച്വറിയും ആ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ ഏകദിന ടീമിലേക്ക് ഓരോ തവണ സെലക്ഷൻ നടക്കുമ്പോഴും അവസാന നിമിഷം തഴയപ്പെടുന്ന സാഹചര്യം. ടി20യേക്കാൾ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും വൺഡേയിലേക്കെത്തുമ്പോൾ താരത്തിന് മുന്നിൽ അവസരങ്ങളുടെ ജാലകം കൊട്ടിയടക്കപ്പെട്ടു. രവി ശാസ്ത്രിയിലും രാഹുൽ ദ്രാവിഡിലും ഇതിനൊരു മാറ്റവുമുണ്ടായില്ല. വരാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ടുള്ള ടീമിനെ ഒരുക്കുന്ന ഗംഭീറിന് മുന്നിൽ സഞ്ജു പരിഗണനാ വിഷയമാകുമെന്നുറപ്പാണ്. നിലവിൽ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായ കെ.എൽ രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ സഞ്ജുവിനേയോ ഋഷഭ് പന്തിനെയോ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഇവരിൽ ആരാണ് സ്ഥിരം വിക്കറ്റ് കീപ്പറെന്നതിൽ ഗംഭീറിന്റെ നിർദേശം നിർണായകമാകും.

കളിക്കാരുടെ പ്രതിഭയെ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള മികവ് ഗംഭീറിൽ നിന്ന് പലകുറി കണ്ടതാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ മുൻ സീസണുകളിൽ നിറം മങ്ങിയ സുനിൽ നരേനെ ഓപ്പണിങ് റോളിലേക്ക് മടക്കികൊണ്ടുവന്ന് ഉജ്ജ്വല ഫോമിലേക്കെത്തിച്ചത് മെന്ററായിരുന്ന ഗംഭീറിന്റെ നീക്കമായിരുന്നു. ഒന്നു രണ്ട് മത്സരത്തിൽ പരാജയമാകുമ്പോഴേക്ക് കളിക്കാരെ മാറ്റിനിർത്തുകയെന്നതല്ല. കോൺഫിഡൻസ് നൽകി മടക്കികൊണ്ടുവരികയാണ് ഗംഭീർ സിദ്ധാന്തം.

24.75 കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് ഐ.പി.എല്ലിലെ തുടക്ക മത്സരങ്ങളിൽ പരാജയപ്പെടുമ്പോഴും നിരന്തരം അവസരം നൽകി കൂടെ നിർത്താനാണ് ഗംഭീർ ശ്രമിച്ചത്. ഒടുവിൽ കൊൽക്കത്തയെ ഐ.പി.എൽ കിരീടത്തിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അപകടകാരിയായ പേസറെയാണ് പ്ലേ ഓഫിലും ഫൈനലിലുമെല്ലാം ക്രിക്കറ്റ് ലോകം കണ്ടത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ തുടരെ രണ്ട് സീസണിൽ പ്ലേഓഫിലെത്തിക്കുന്നതിലും ഗംഭീർ തന്ത്രങ്ങളുണ്ടായിരുന്നു. സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാനുള്ള ഈയൊരു മികവാണ് പരിശീലക സ്ഥാനത്ത് ഒറ്റമത്സര പരിചയം പോലുമില്ലാതിരുന്നിട്ടും മുൻ ഇന്ത്യൻ ഓപ്പണറിൽ വിശ്വാസമർപ്പിക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. ഒരു മത്സരത്തിൽ പരാജയപ്പെടുമ്പോഴേക്ക് സഞ്ജുവിനെ മാറ്റിനിർത്താതെ വീണ്ടും അവസരങ്ങൾ നൽകി ചേർത്തുനിർത്താൻ ഗംഭീർ തയാറായാൽ സുപ്രധാന ഐ.സി.സി ടൂർണമെന്റുകളിൽ മലയാളി താരത്തെ ഇനിയും കാണാനാകും. അതുപക്ഷെ ഒരു മത്സരം പോലും കളിക്കാതെ ബെഞ്ചിലിരിക്കുന്ന സഞ്ജുവിനെയാകില്ല. ഗംഭീർ യുഗത്തിൽ സഞ്ജുവിന്റെ കരിയർ ഉയർച്ചയിലേക്ക് കുതിക്കട്ടെ.

TAGS :

Next Story