ശ്രദ്ധയോടെ ഓപ്പണർമാർ; രണ്ടാം ദിനം ന്യൂസിലൻഡ് ശക്തമായ നിലയിൽ
ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിങ് പാർട്ട്ണർഷിപ്പാണിത്.
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് വിക്കറ്റൊന്നും നഷ്ടമാകാതെ 129 റൺസ് എന്ന ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 216 റൺസ് മാത്രം പിറകിലാണ് നിലവിൽ ന്യൂസിലൻഡ്.
180 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെ 75 റൺസ് നേടിയ വിൽ യങും 165 പന്തിൽ 4 ബൗണ്ടറിയുടെ അകമ്പടിയോടെ നേടിയ 50 റൺസുമായി ടോം ലാതവുമാണ് ക്രീസിൽ. ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിങ് പാർട്ട്ണർഷിപ്പാണിത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്.
ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ മൂന്നാം ദിനം പെട്ടെന്ന് വിക്കറ്റുകൾ നേടേണ്ടതുണ്ട്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിൽ ഒരുഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്നു തോന്നിപ്പിച്ച ഇന്ത്യൻ ഇന്നിങ്സ് 345 റൺസിലൊതുങ്ങി. അഞ്ച് വിക്കറ്റുകളുമായി ടിം സൗത്തിയാണ് ഇന്ത്യൻ മധ്യനിരയെ പിടിച്ചുകെട്ടിയത്. ആദ്യദിനം കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറി കടന്നത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇന്ന് ഓർക്കാനുള്ളത്.
ഇന്നലെ കളി നിർത്തുമ്പോൾ 50 റൺസുമായി ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനായില്ല. ജഡേജയുടെ കുറ്റി പിഴുത് സൗത്തിയാണ് ഇന്നത്തെ 'ചടങ്ങുകൾ'ക്ക് തുടക്കമിട്ടത്. പിന്നാലെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ സൗത്തി കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ കൈയിലെത്തിച്ചു. വെറും ഒരു റൺസ് മാത്രം നേടി തിരിച്ചുവരവിലും മോശം പ്രകടനം ആവർത്തിക്കുകയായിരുന്നു സാഹ.
തുടർന്ന് രവിചന്ദ്രൻ അശ്വിനുമായി ചേർന്ന് ശ്രേയസ് അയ്യർ ഇന്ത്യയെ 400 കടത്താനുള്ള നീക്കമാരംഭിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. കന്നിക്കാരനെ വിൽ യങ്ങിന്റെ കൈയിലെത്തിച്ച് ഇന്ത്യയ്ക്ക് വീണ്ടും സൗത്തിയുടെ പ്രഹരം. ഒൻപതാമനായെത്തിയ അക്സർ പട്ടേലിനെക്കൂടി വന്ന പിറകേ പവലിയനിലേക്ക് തിരിച്ചയച്ച് സൗത്തിക്ക് തുടർച്ചയായി നാലാം വിക്കറ്റ്. പേസർ ഉമേഷ് യാദവിനെ ഒരറ്റത്ത് നിർത്തി അവസാന രക്ഷാപ്രവർത്തനം ഏറ്റെടുത്തു നടത്തുകയായിരുന്നു പിന്നീട് അശ്വിൻ. അതീവ സൂക്ഷ്മതയോടെയുള്ള മറ്റൊരു മനോഹര ടെസ്റ്റ് ഇന്നിങ്സായിരുന്നു അശ്വിന്റേത്. എന്നാൽ, അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ അജാസ് പട്ടേൽ ബൗൾഡാക്കി. പുറത്താകുമ്പോൾ 56 പന്തിൽ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 38 റൺസെടുത്തിരുന്നു അശ്വിൻ. തുടർന്നുള്ള ഉമേഷ് യാദവിന്റെ ചെറുത്തുനിൽപ്പും അധികം നീണ്ടില്ല. ഇഷാന്ത് ശർമയെ വിക്കറ്റിനുമുന്നിൽ കുരുക്കി അജാസ് ഇന്ത്യൻ ഇന്നിങ്സിന് അന്ത്യംകുറിച്ചു.
കിവി ബൗളിങ് നിരയിൽ ആദ്യദിനം ഇന്ത്യൻ മുൻനിരയെ വിറപ്പിച്ചത് കൈൽ ജാമീഷനായിരുന്നുവെങ്കിൽ ഇന്ന് സൗത്തിയുടെ ദിനമായിരുന്നു. ടെസ്റ്റ് കരിയറിലെ 12-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സൗത്തി ഇന്ന് സ്വന്തമാക്കിയത്. ജാമീഷൻ മൂന്നും അജാസ് രണ്ടും വിക്കറ്റുകൾ നേടി.
Adjust Story Font
16