Quantcast

"ആർ.സി.ബി കപ്പടിച്ചിട്ടേ കല്യാണമുള്ളൂ"; വൈറലായി ആരാധികയുടെ ചിത്രം

മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര രസകരമായൊരു തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-04-14 08:11:18.0

Published:

14 April 2022 5:25 AM GMT

ആർ.സി.ബി കപ്പടിച്ചിട്ടേ കല്യാണമുള്ളൂ; വൈറലായി ആരാധികയുടെ ചിത്രം
X

ഐ.പി.എല്ലിൽ വൻ ആരാധക പിന്തുണയുള്ള ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. എല്ലാ സീസണുകളിലും മികച്ച താരനിരയുമായി ഐ.പി.എല്ലിനെത്താറുണ്ടെങ്കിലും ഇതുവരെ ആർ.സി.ബിക്ക് ഐ.പി.എല്ലിൽ കിരീടം നേടാനായിട്ടില്ല. കന്നടയിൽ "ഈ വർഷം കപ്പ് നമുക്കെന്ന്" മുദ്രാവാക്യമുയർത്തി ഒരു സീസണിൽ കളിക്കാനെത്തിയ ടീം അന്നും പരാജയപ്പെട്ടു. അതിനു ശേഷം ക്രിക്കറ്റ് ട്രോളന്മാരുടെ ട്രോളുകളിൽ ബാംഗ്ലൂർ എക്കാലവും നിറസാന്നിധ്യമായിരുന്നു. ഇത്തവണയെങ്കിലും തങ്ങളുടെ ചീത്തപ്പേര് മാറ്റി ബാംഗ്ലൂർ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തങ്ങളുടെ ഇഷ്ട താരങ്ങളോടും ടീമുകളോടുമുള്ള ആരാധന മൂത്ത് അതിശയോക്തി കലർന്ന പല വർത്തമാനങ്ങളും ആരാധകർ പറയാറുണ്ട്. ചൊവ്വാഴ്ച അങ്ങനെയൊരു കാഴ്ചക്കാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായത്.

ചൊവ്വാഴ്ച മുംബൈ-ബാംഗ്ലൂര്‍ മത്സരത്തിനിടെ ഗ്യാലറിയിൽ ഒരു ബാംഗ്ലൂർ ആരാധിക ഉയർത്തിയ ബാനറിലെ വാചകങ്ങൾ ഇങ്ങനെ.. "ഐ.പി.എല്ലിൽ ആര്‍.സി.ബി കപ്പടിക്കുന്നത് വരെ ഞാൻ വിവാഹം കഴിക്കില്ല". ബാനറുയർത്തി നിൽക്കുന്ന ആരാധിക ക്യാമറക്കണ്ണുകളിൽ കുടുങ്ങിയതോടെ ചിത്രം ക്രിക്കറ്റ് ലോകത്ത് വൈറലായി. മുൻ ഇന്ത്യൻ താരം അമിത് മിശ്ര ചിത്രം പങ്കുവച്ചു. ഈ കുട്ടിയുടെ രക്ഷിതാക്കളെ ഓർത്ത് തനിക്ക് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിന് നൽകിയ തലവാചകം.

ഇതിനോടകം തന്നെ നിരവധി ട്രോളുകളാണ് ആരാധിക ഏറ്റുവാങ്ങിയത്. നിരവധി പെൺകുട്ടികളുടെ വിവാഹക്കാര്യമാണ് ഇതെന്നും ഈ വർഷമെങ്കിലും കപ്പടിച്ച് ആർ.സി.ബി അവരെയൊക്കെ രക്ഷിക്കണമെന്നുമാണ് ഒരു വിരുതൻ ട്വീറ്റ് ചെയ്തത്.

ഐ.പി.എല്ലിൽ മൂന്നു തവണ കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും ഒരു തവണ പോലും കിരീടം ചൂടാൻ ബാംഗ്ലൂരിനായിട്ടില്ല. ഫൈനൽ ശാപം എക്കാലവും തങ്ങളുടെ ടീമിനെ വിടാതെ പിന്തുടരുന്നുവെന്നാണ് ആരാധകർ പറയുന്നത്. 2009, 2011 , 2016 സീസണുകളിലാണ് ബാംഗ്ലൂർ ഫൈനലിൽ പ്രവേശിച്ചത്. ഒരു തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും അന്ന് മുംബൈയോട് പരാജയപ്പെടാനായിരുന്നു വിധി.

summery - IPL 2022: Woman's 'No Marriage Till RCB Wins Trophy' Leaves Internet In Splits

TAGS :

Next Story