'ഒന്നല്ല, രണ്ട്': നാണക്കേടിന്റെ 'റെക്കോർഡുമായി' അർഷദീപ് സിങ്
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ നോബോൾ എറിയുന്ന ബൗളറായി താരം മാറി. വെറും 24 മത്സരങ്ങളിൽ നിന്ന് അർഷ്ദീപ് ഇതുവരെയായി 15 നോബോളുകൾ എറിഞ്ഞു.
അര്‍ഷദീപ് സിങ്- ഹാര്‍ദിക് പാണ്ഡ്യ
റാഞ്ചി: അരങ്ങേറ്റ ഗംഭീരമാക്കിയെങ്കിലും ഇന്ത്യൻ പേസർ അർഷദീപ് സിങിന് ഇപ്പോൾ കഷ്ടകാലമാണ്. കരിയറിന്റെ ആദ്യം ലഭിച്ചിരുന്ന 'താളം' ഇപ്പോൾ അർഷദീപിന് ലഭിക്കുന്നില്ല. ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ അർഷദീപ് അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ നാണക്കേടിന്റെ രണ്ട് റെക്കോർഡുകള്‍ താരത്തെ തേടി എത്തിയിരിക്കുന്നു.
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ നോബോൾ എറിയുന്ന ബൗളറായി താരം മാറി. വെറും 24 മത്സരങ്ങളിൽ നിന്ന് അർഷ്ദീപ് ഇതുവരെയായി 15 നോബോളുകൾ എറിഞ്ഞു. ഈ മാസം ആദ്യം നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ അർഷ്ദീപ്, ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരെ അവസാന ഓവറിലാണ് അർഷ്ദീപ് നോബോൾ വഴങ്ങിയത്.
ടി20 മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അവസാന ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറെന്ന റെക്കോർഡും അർഷദീപിന്റെ പേരിലായി. ആ ഓവറായിരുന്നു കളി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 27 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഡാരൽ മിച്ചൽ ആയിരുന്നു അര്‍ഷദീപിനെ ബാറ്റ് കൊണ്ട് കടന്നാക്രമിച്ചത്. സുരേഷ് റെയ്നയുടെ പേരിലായിരുന്നു മോശം റെക്കോര്‍ഡ്. 2016ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ സുരേഷ് റെയ്ന വഴങ്ങിയത് 26 റൺസായിരുന്നു.
ന്യൂസിലന്‍റിനെതിരായ ആദ്യ ടി20 യില്‍ 21 റണ്‍സിനാണ് കിവീസ് ഇന്ത്യയെ തോല്‍പിച്ചത്. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 177 റൺസ് റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 155 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മാത്രമാണ് പൊരുതിയത്. ഒരു ഘട്ടത്തില്‍ 15 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യകുമാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് വന്‍തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
Adjust Story Font
16