''ബാറ്റിങ്ങ് മാത്രമല്ല ബൗളിങ്ങിലെ കഴിവുകൂടി ഉപയോഗപ്പെടുത്തണം''; ജയ്സ്വാളിനോട് കുംബ്ലെ
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 109 ബാറ്റിംഗ് ശരാശരിയില്‍ 545 റണ്‍സുമായി ജയ്സ്വാളാണ് റണ്‍വേട്ടയില്‍ മുന്നില്‍.
മുംബൈ: ഇന്ത്യയുടെ ബാറ്റിങ് യുവതാരം യശസ്വി ജയ്‌സ്വാളിനോട് ടീമിനുവേണ്ടി ബൗളിങ്ങിലും സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ബാറ്റിംഗില്‍ കത്തിക്കയറുമ്പോഴും യശസ്വിക്ക് ഒരു ഉപദേശമെന്ന നിലയ്ക്കാണ് കുംബ്ലെ ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടി മിന്നുംഫോമില്‍ നില്‍ക്കുകയാണ് താരം. വിശാഖപട്ടണം, രാജ്കോട്ട് ടെസ്റ്റുകളിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ച്വറികള്‍. ട്രെയിനിങ് സെഷനിടെ ജയ്‌സ്വാള്‍ സ്പിന്‍ ബൗളെറിയുന്നത് സാധാരണമാണ്.
'നിങ്ങളുടെ ബാറ്റിങ് നന്നായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്വാഭാവികമായ ലെഗ് സ്പിന്‍ പന്തുകള്‍ കൂടി എനിക്ക് കാണണം എന്നുണ്ട്. അതിനാല്‍ ഉപേക്ഷിക്കരുത്. കാരണം അത് എപ്പോഴാണ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയെന്ന് നിങ്ങള്‍ക്കറിയില്ല. നടുവേദന ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നാലും പരിശ്രമിക്കുക. ക്യാപ്റ്റനോട് കുറച്ച് ഓവര്‍ എറിയാന്‍ തരാന്‍ ആവശ്യപ്പെടുക'-കുംബ്ലെ ഒരഭിമുഖത്തില്‍ ജയ്‌സ്വാളിനോട് പറഞ്ഞു.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ 209 റൺസെടുത്ത ജയ്സ്വാൾ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താവാതെ 214റൺസ് അടിച്ചുകൂട്ടുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 109 ബാറ്റിംഗ് ശരാശരിയില്‍ 545 റണ്‍സുമായി ജയ്സ്വാളാണ് റണ്‍വേട്ടയില്‍ മുന്നില്‍.
ഈ മാസം 23ന് റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് നാലാം ടെസ്റ്റ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നാലാംദിനംതന്നെ ഇന്ത്യ ജയിച്ചിരുന്നു. 434 റണ്‍സിന്റെ റെക്കോഡ് ജയമാണ് ഇന്ത്യ നേടിയിരുന്നത്.
Adjust Story Font
16