Quantcast

അഫ്ഗാനെയും കീഴടക്കി കിവികൾ സെമിയിൽ; ഇന്ത്യ പുറത്ത്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനെ 124 റൺസിൽ കിവി ബൗളർമാർ എറിഞ്ഞൊതുക്കി. 11 പന്ത് ബാക്കിനിൽക്കെയാണ് ന്യൂസിലൻഡ് ലക്ഷ്യം മറികടന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-07 13:51:40.0

Published:

7 Nov 2021 1:12 PM GMT

അഫ്ഗാനെയും കീഴടക്കി കിവികൾ സെമിയിൽ; ഇന്ത്യ പുറത്ത്
X

ലോകകപ്പ് സെമിയിലേക്കുള്ള ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ന്യൂസിലൻഡ് സെമിയിൽ. സൂപ്പർ 12ലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ കിവികൾ എട്ടു വിക്കറ്റിന് തകർത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനെ 124 റൺസിൽ കിവി ബൗളർമാർ എറിഞ്ഞൊതുക്കി. 11 പന്ത് ബാക്കിനിൽക്കെയാണ് ന്യൂസിലൻഡ് ലക്ഷ്യം മറികടന്നത്.

നായകൻ കെയിൻ വില്യംസനും വിക്കറ്റ് കീപ്പർ ഡേവൻ കോൺവെയും ചേർന്നാണ് കിവി വിജയം എളുപ്പമാക്കിയത്. വില്യംസൻ 42 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 40 റണ്ണെടുത്തു. കോൺവേ 32 പന്തിൽ നാല് ബൗണ്ടറിയുടെ അകമ്പടിയോടെ 36 റണ്ണും സ്വന്തമാക്കി. ഓപണർമാരായ മാർട്ടിൻ ഗപ്റ്റിലും(23 പന്തിൽ നാല് ബൗണ്ടറിയോടെ 28) ഡാറിൽ മിച്ചലും(12 പന്തിൽ 17) മികച്ച തുടക്കമാണ് ന്യൂസിലൻഡിന് നൽകിയത്.

റാഷിദ് ഖാന് പ്രതീക്ഷിച്ച തരത്തിൽ തിളങ്ങാനായില്ല. നിശ്ചിത ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് ഗപ്റ്റിലിന്റെ വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. പരിക്കു മാറിയെത്തിയ മുജീബുറഹ്‌മാൻ നാല് ഓവറിൽ 31 റണ്ണും വിട്ടുകൊടുത്തു. മിച്ചലിനെ മാത്രമാണ് മുജീബിനു പുറത്താക്കാനായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനുള്ള അഫ്ഗാൻ നായകൻ മുഹമ്മദ് നബിയുടെ തീരുമാനം പിഴച്ചെന്നു തോന്നുന്ന തരത്തിലായിരുന്നു ടീമിന്റെ തുടക്കം. ഓപണർ മുഹമ്മഷ് ഷഹ്സാദി(നാല്)നെ മൂന്നാം ഓവറിൽ ആദം മിൽനെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡേവൻ കോൺവേ വിസ്മയകരമായ ക്യാച്ചിലൂടെ പുറത്താക്കി. പിന്നാലെ നാലാം ഓവറിൽ ഹസ്റത്തുല്ല സസായി(രണ്ട്)യെ ട്രെന്റ് ബോൾട്ട് മിച്ചൽ സാന്റ്നറുടെ കൈയിലുമെത്തിച്ചു. മൂന്നാമനായെത്തിയ മികച്ച ഫോമിലുള്ള റഹ്‌മാനുല്ല ഗുർബാസി(ആറ്)നും അധികം ആയുസുണ്ടായില്ല. ടിം സൗത്തി താരത്തെ വിക്കറ്റിനുമുന്നിൽ കുരുക്കി.

തുടർന്ന് ഒന്നിച്ച ഗുലാബുദ്ദീൻ നായിബും നജീബുല്ലാ സദ്റാനുമാണ് അഫ്ഗാനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. നജീബുല്ല ഒരു വശത്ത് തകർത്തടിച്ചപ്പോൾ ഗുലാബുദ്ദീൻ മികച്ച പിന്തുണയും നൽകി. എന്നാൽ, പത്താം ഓവറിൽ ഇഷ് സോധിയുടെ പന്തിൽ ഗുലാബുദ്ദീന്(18 പന്തിൽ ഒരു ഫോറോടെ 15) നിർഭാഗ്യകരമായ മടക്കം. താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് തിരിഞ്ഞുമാറി സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. നജീബുല്ല സദ്റാന്റെ ഒറ്റയാൻ പോരാട്ടമാണ് അഫ്ഗാനെ പ്രതിരോധിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 48 പന്തിൽ ആറ് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ 73 റണ്ണാണ് താരം അടിച്ചെടുത്തത്. കത്തിക്കയറിയ സദ്‌റാനെ 19-ാം ഓവറിൽ ബോൾട്ട് ജിമ്മി നീഷാമിന്റെ കൈയിലെത്തിക്കുകയായിരുന്നു. അതോടെ അഫ്ഗാന്റെ പോരാട്ടം അവസാനിച്ചു.

നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ബോൾട്ടാണ് അഫ്ഗാൻരെ പ്രതീക്ഷകളെ വരിഞ്ഞുമുറുക്കിയത്. ടിം സൗത്തി രണ്ട് വിക്കറ്റും ആദം മിൽനെ, നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

TAGS :

Next Story