ബോറടിപ്പിക്കുന്ന കളി; ഏകദിന ക്രിക്കറ്റ് ആർക്കും വേണ്ടാതെയായോ?
ചില കാര്യങ്ങളിൽ പ്രവചനങ്ങളെല്ലാം തെറ്റാറുണ്ട്. ഏകദിനത്തിന്റെ കാര്യം അതിലൊന്നാണ്
- Updated:
2025-01-16 16:29:16.0
‘‘പോയ വർഷം ഇന്ത്യ ഒരു ഏകദിന മത്സരം പോലും വിജയിച്ചില്ല’’ - കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഒരു വാർത്തയാണത്. പക്ഷേ 2024ൽ ഇന്ത്യ ആകെ കളിച്ചത് വെറും 3 മത്സരങ്ങൾ മാത്രമാണ് എന്നറിയുമ്പോൾ ആ കൗതുകം ഏറെക്കുറെ അലിഞ്ഞില്ലാതാകും. 2024ൽ ഇന്ത്യ ലങ്കക്കെതിരെ മാത്രമാണ് ഏകദിനത്തിൽ കളിച്ചത്. ഇതിൽ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം ടൈയിൽ കലാശിച്ചു. ഫലത്തിൽ 1997ന് ശേഷം ഇന്ത്യക്ക് മേൽ ലങ്ക ആദ്യമായി ഒരു പരമ്പര വിജയം നേടി.
ഇന്ത്യയുടെ തോൽവിയെക്കുറിച്ചല്ല, ഏകദിന ക്രിക്കറ്റ് ആർക്കും വേണ്ടാതായതിനെക്കുറിച്ചാണ് ചർച്ചയെണ്ടേത്. ഏകദിന മത്സരങ്ങൾ കാണാൻ ടിവിക്ക് മുമ്പിൽ കുത്തിയിരുന്ന കാലമൊക്കെ ഇന്നൊരു ഗൃഹാതുരത മാത്രമായി മാറിക്കഴിഞ്ഞു. ഇന്ത്യ കുതിച്ചുപാഞ്ഞതിനാൽ 2023ലെ ഏകദിന ലോകകപ്പ് കാണാൻ ആളുണ്ടായിരുന്നുവെന്നത് നേരാണ്. പക്ഷേ ഏകദിന ക്രിക്കറ്റിനെ സവിശേഷമായി പരിശോധിച്ചാൽ അത് ആർക്കും വേണ്ടാത്ത എടുക്കാചരക്കായി മാറിയിരിക്കുന്നുവെന്ന് കാണാം.
പോയ വർഷം ന്യൂസിലാൻഡ് വെറും 3 ഏകദിനങ്ങളും ഇംഗ്ലണ്ട് എട്ടെണ്ണവും മാത്രമാണ് കളിച്ചത്. ബംഗ്ലാദേശ്, പാകിസ്താൻ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ എന്നിവർ ഒൻപെതണ്ണം വീതം കളിച്ചു. ആസ്ട്രേലിയ 11, വിൻഡീസ് 12 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. 18 ഏകദിനം കളിച്ച ലങ്കയാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. 2023മായി താരതമ്യം ചെയ്യുമ്പോൾ ഓരോ ടീമും കളിച്ച ഏകദിനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2023ൽ ഇന്ത്യ 35 ഏകദിനങ്ങളിലാണ് കളത്തിലിറങ്ങിയത്. അന്ന് ഏതാണ്ടെല്ലാ രാജ്യങ്ങളും 20ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണം ഏകദിന ലോകകപ്പാണ്. ലോകകപ്പിലെ റൗണ്ട് റോബിൻ മത്സരക്രമവും മുന്നൊരുക്കമായുള്ള പരമ്പരകളും കാരണം ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ കുത്തനെ കൂടി. എന്നാൽ അത് തീർന്നതോടെ എല്ലാവരും ഏകദിനത്തെ കൈവിട്ടതായും കാണാം.
ഏകനായി ഏകദിനം
2022 നവംബർ 22. ക്രിക്കറ്റിലെ ഐക്കോണിക് സ്റ്റേഡിയങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ഒരുലക്ഷത്തോളം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ അങ്ങിങ്ങായി ഏതാനുംപേർ മാത്രമുണ്ട്. തൊട്ടുപിന്നാലെ ക്രിക്കറ്റിലെ ഏറ്റവും വലിയ ബദ്ധവൈരികൾ ഏറ്റുമുട്ടുമ്പോൾപോലും സ്റ്റേഡിയത്തിന്റെ സ്ഥിതി ഇതാണെന്ന് കാണിച്ച് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ തകർച്ചയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ തൊട്ടുപിന്നാലെയുള്ള ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരക്കും ബിഗ്ബാഷ് ലീഗിനുമെല്ലാം കാണികൾ കൂട്ടമായെത്തി. ആളു കാണാത്തത് ക്രിക്കറ്റല്ല, ഏകദിന ക്രിക്കറ്റാണെന്നായിരുന്നു അതോടെ ഉയർന്ന വാദം. അടുത്തിടെ നടന്ന പാകിസ്താനുമായുള്ള ഏകദിന പരമ്പരക്ക് ഓസീസ് പല പ്രമുഖ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. ഓസീസ് മണ്ണിൽ വെച്ച് പാകിസ്താൻ ആ പരമ്പര വിജയിക്കുകയും ചെയ്തു. പക്ഷേ ഏകദിനമോ ഈ സീരീസോ ഓസീസ് ഒട്ടും ഗൗരമായി എടുക്കുന്നില്ലെന്നായിരുന്നു മുൻ നായകൻ മൈക്കൽ ക്ലാർക്ക് പ്രതികരിച്ചത്.
ചില കാര്യങ്ങളിൽ പ്രവചനങ്ങളെല്ലാം തെറ്റാറുണ്ട്. ഏകദിനത്തിന്റെ കാര്യം അതിലൊന്നാണ്. ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിന്റെ പരിശുദ്ധ രൂപമായ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുമെന്നായിരുന്നു എല്ലാവരും വിലയിരുത്തിയിരുന്നത്. മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ട്വന്റി20 മത്സരങ്ങളും ഒരു ദിവസം മാത്രമുള്ള ഏകദിനങ്ങളും ഉള്ളപ്പോൾ അഞ്ചു ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റ് ആര് കാണുമെന്നായിരുന്നു ചോദ്യം. എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറിച്ചാണ്. അതിവേഗത്തിലുള്ള ക്രിക്കറ്റ് ആഗ്രഹിക്കുന്നവർക്ക് ട്വന്റി20 പ്രിയപ്പെട്ടതായി മാറി.ക്രിക്കറ്റിന്റെ ജൈവികരൂപത്തെ മാത്രം ഇഷ്ടപ്പെടുന്നവർക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റും സജീവമാണ്. ബോർഡർ ഗവാസ്കർ ട്രോഫിയിലടക്കം കാണികളുടെ എണ്ണം പുതിയ റെക്കോർഡുകൾ തീർക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് ഉണർന്നിരിക്കുന്നതിന്റെ ഉദാഹരണമാണ്. എന്നാൽ ഈ രണ്ടിനുമിടയിൽ പെട്ട് ഏകദിന ക്രിക്കറ്റ് അനാഥമായി മാറി.
സച്ചിന് പോലും വേണ്ടാത്ത ഫോർമാറ്റ് !
odi cricket is boring എന്ന് വെറുതേ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ. ഈ അഭിപ്രായം പറഞ്ഞിട്ടുള്ള ഒരുപാട് ക്രിക്കറ്റർമാരെ കാണാനാകും. ഏകദിന ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറടക്കം ഇതേ വാദക്കാരനാണ്. ഏകദിന ക്രിക്കറ്റ് വിരസവും വളരെയധികം പ്രവചനീയവുമാണെന്നാണ് സച്ചിന്റെ വാദം. മുഈൻ അലി, ആകാശ് ചോപ്ര, സഞ്ജയ് മഞ്ഞരേക്കർ, ആൻഡ്രൂ ഫ്ലിന്റോഫ്, ഷെയിൻ വോൺ, ഗൗതം ഗംഭീർ അടക്കമുള്ള ഒട്ടേറെപ്പേർ ഇതേ അഭിപ്രായം തുറന്നുപറഞ്ഞു.
ക്രിക്കറ്റിലെ പതിവ് രാജ്യങ്ങൾക്ക് പുറമെ യു.എ.ഇ, യു.എസ്.എ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെല്ലാം ട്വന്റി20 ലീഗുകൾ ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സാമ്പത്തികം നൽകുന്ന ട്വന്റി20 ലീഗുകളുള്ളപ്പോൾ സ്വന്തം രാജ്യത്തിന്റെ ഏകദിന പരമ്പരകളിൽ പങ്കെടുക്കാൻ കളിക്കാരിൽ ഏറെപ്പേർക്കും വലിയ താൽപര്യമില്ല. പല രാജ്യങ്ങളും ഏകദിന പരമ്പരകൾ വെട്ടിക്കുറക്കുകയും ട്വന്റി20 മത്സരങ്ങൾ കളിക്കുകയും ചെയ്യുന്നു. ലോകകപ്പിനുള്ള യോഗ്യത നിശ്ചയിക്കുന്ന ഐ.സി.സി സൂപ്പർലീഗുള്ളതുകൊണ്ടു മാത്രമാണ് ഏകദിനം ഇത്രയെങ്കിലും സജീവമാകുന്നത്. അല്ലെങ്കിൽ അവസ്ഥ ഇതിലും ശോകമായേനെ. ക്രിക്കറ്റിലെ ചില വമ്പൻ പേരുകൾ ഏകദിന ക്രിക്കറ്റിൽനിന്നുമാത്രം വിരമിക്കുന്ന പ്രവണതയും അടുത്തിടെയായി കണ്ടുവരുന്നു.
ക്രിക്കറ്റിനെ ജനകീയമാക്കുന്നതിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പടർത്തുന്നതിലും ഏറ്റവും നിർണായകമായത് ഏകദിന ക്രിക്കറ്റിന്റെ വരവാണ്. ഏകദിന ലോകകപ്പ്, ഡേ നൈറ്റ് മത്സരങ്ങൾ, കളർ ജഴ്സി അടക്കമുള്ള പരിഷ്കാരങ്ങൾ ക്രിക്കറ്റിന് പുതിയ രൂപവും ഭാവവും നൽകി. ഏകദിന ക്രിക്കറ്റിനെ രക്ഷിച്ചുനിർത്താനുള്ള ഐസിസിയുടെ അവസാന ഉപാധികളിലൊന്നാണ് വരാനിക്കുന്ന ചാമ്പ്യൻസ് ട്രോഫി. പത്തു രാജ്യങ്ങളെ മാത്രം കളിപ്പിക്കുന്ന ഏകദിന ലോകകപ്പുള്ളപ്പോൾ എന്തിനാണ് അതിനിടയിൽ എട്ടു രാജ്യങ്ങളെ വെച്ച് ചാമ്പ്യൻസ് ട്രോഫി നടത്തുന്നത് എന്ന ചോദ്യം നേരത്തേ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ 2017ന് ശേഷം ആ ചാമ്പ്യൻസ് ട്രോഫി നടന്നിട്ടുമില്ലായിരുന്നു.
ബൈലാറ്ററൽ സീരീസുകളുടെ എണ്ണം കുറക്കുക, ത്രിരാഷ്ട്ര പരമ്പരകൾ തിരികെക്കൊണ്ടുവരിക, മത്സരം 40 ഓവറാക്കി വെട്ടിച്ചുരുക്കുക തുടങ്ങിയ ഒട്ടേറെ നിർദേശങ്ങൾ ഏകദിന ക്രിക്കറ്റിന്റെ തിരിച്ചുവരവിനായി പറയപ്പെടുന്നുണ്ട്. ഫെബ്രുവരിയിൽ അരങ്ങുണരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ കൂടി ഒരു ടെസ്റ്റ് ഡോസാണ്.
Adjust Story Font
16