ട്വന്റി20 ലോകകപ്പ്; പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാൻ
പാപുവ ന്യൂഗിനിയ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പത്ത് വിക്കറ്റും 38 ബോളും ബാക്കി നില്‍ക്കെയാണ് ഒമാന്‍ മറികടന്നത്
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാൻ. പാപുവ ന്യൂഗിനിയ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം പത്ത് വിക്കറ്റും 38 ബോളും ബാക്കി നിൽക്കെയാണ് ഒമാൻ മറികടന്നത്.
ആദ്യം ബാറ്റുചെയ്ത പാപുവ ന്യൂഗിനിയ ക്യാപ്റ്റൻ അസാദ് വാലുടെ അർധസെഞ്ച്വറിയുടെ ബലത്തിലായിരുന്നു 129 റൺസ് നേടിയത്. 43 പന്തിൽ നിന്ന് 56 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. ഒമാനായി ക്യാപ്റ്റൻ ഷിഷാൻ മക്‌സൂദ് നാലു ഓവറിൽ 20 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി.
129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാന്റെ ഓപ്പണർമാരായ അക്കിബ് ഇല്ല്യാസും ജതിന്ദർ സിങും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. അക്കിബ് 50 റൺസും ജതിന്ദർ 73 റൺസും എടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒമാന്‍ ഒന്നാമതെത്തി.ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്.
ഒക്ടോബർ 23നാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 23ന് സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. അന്ന് 7.30ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ഒക്ടോബർ 24ലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 24ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇതിന് മുമ്പ് ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഒക്ടോബർ 18നാണ് ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ സന്നാഹ മത്സരം. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരം ഒക്ടോബർ 20ന്.
Adjust Story Font
16