ഐപിഎൽ: ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്ത്; ആദ്യ എട്ട് സ്ഥാനങ്ങളിൽ ഒരേയൊരു താരം
കഴിഞ്ഞ സീസണിലും ഈ ഡല്‍ഹി താരം തന്നെയായിരുന്നു ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്.
ഐപിഎൽ 14-ാം സീസൺ 33-ാം മത്സരത്തിലെത്തി നിൽക്കുമ്പോൾ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരങ്ങളിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഒരു താരത്തിന്റെ പേര് മാത്രമേയുള്ളൂ- ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ ദക്ഷിണാഫ്രിക്കൻ താരം ആന്റിച്ച് നോർജെ. മണിക്കൂറിൽ 151.71 കിലോമീറ്ററാണ് ഈ സീസണിൽ നോർജേ എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്. അങ്ങനെ 150 ന് മുകളിൽ നാല് പ്രാവശ്യം അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. പട്ടികയിൽ അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ വേഗം 148.76 ആണ്. പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ഡൽഹിയുടെ തന്നെ കഗിസോ റബാദയാണ്. 148.73 ആണ്് റബാദ എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്.
കഴിഞ്ഞ സീസണിലും ആന്റിജ് നോർജെ തന്നെയായിരുന്നു ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്.156.22 ആയിരുന്നു അന്ന് അദ്ദേഹം കണ്ടെത്തിയ വേഗം. കഴിഞ്ഞ സീസണിൽ ഏറ്റവും വേഗതയേറിയ ആറ് പന്തുകളിൽ അഞ്ചും അദ്ദേഹത്തിന്റേതായിരുന്നു.
ഡൽഹി-ഹൈദരാബാദ് പോരാട്ടത്തിൽ ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഡൽഹി ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. 16 റൺസുമായി ശ്രേയസ് അയ്യറും 33 റൺസുമായി ശിഖർ ധവാനുമാണ് ക്രീസിൽ. 11 റൺസ് നേടിയ പൃഥ്വിഷായുടെ വിക്കറ്റ് വീഴ്ത്തിയത് ഖലീൽ അഹമ്മദാണ്.
നേരത്തെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 134 റൺസ്് നേടിയത്. ഹൈദരാബാദിന്റെ ഇന്നിങ്സിന്റെ തുടക്കം മുതൽ ആധിപത്യം ഡൽഹി ബൗളർമാർക്കായിരുന്നു. ആദ്യ ഓവറിൽ ഡേവിഡ് വാർണറെ പൂജ്യനാക്കി മടക്കി അയച്ച നോർജെയാണ് ഡൽഹിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ചത്. പിന്നീടെത്തിയ ഹൈദരാബാദിന്റെ ഒരു ബാറ്റ്സ്മാനും ഡൽഹി ബൗളർമാർക്ക് മേൽ ആധിപത്യം നേടാൻ സാധിച്ചില്ല.
28 റൺസെടുത്ത അബ്ദുൽ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ഡൽഹിക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റും നോർജെയും അക്ഷർ പട്ടേലും രണ്ട് വിക്കറ്റുകളും നേടി.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിൽ ശ്രേയസ് അയ്യർ പരിക്കുമാറി തിരിച്ചെത്തി. കോവിഡ് ഭീഷണിയിലാണ് മത്സരം നടക്കുക. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസ് ബൗളർ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചിരിരുന്നു. വിജയ് ശങ്കർ ഉൾപ്പെടെയുള്ള ആറ് ടീമംഗങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചിട്ടുണ്ട്.
നിലവിൽ പോയന്റ് പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്താണ്. ശിഖർ ധവാന്റെ തകർപ്പൻ ഫോമും ആവേശ് ഖാന്റെ മികച്ച ബൗളിങ്ങും ശ്രേയസ്സ് അയ്യരുടെ തിരിച്ചുവരവുമെല്ലാം ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയന്റുകളാണ് ടീമിനുള്ളത്. ഇംഗ്ലീഷ് ഓൾറൗണ്ടർ ക്രിസ് വോക്സ് ഇല്ലാതെയാണ് ഡൽഹി കളിക്കുക. വോക്സിന് പകരം ഓസീസ് പേസ് ബൗളർ ബെൻ ഡ്വാർഷ്യസിനെ ഡൽഹി തട്ടകത്തിലെത്തിച്ചു. മറുവശത്ത് സൺറൈസേഴ്സ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് വില്യംസണും സംഘവും ഇതുവരെ നേടിയിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ടീം വിജയിക്കണം.
Adjust Story Font
16