146 വർഷത്തിനിടെ ആദ്യം! വമ്പൻ നേട്ടവുമായി പാകിസ്താന്റെ സൗദ് ഷക്കീൽ
കളിച്ച എല്ലാ മത്സരങ്ങളിലും 50ലേറെ റണ്‍സ് സ്‌കോർ ചെയ്തു എന്ന വമ്പൻ നേട്ടമാണ് ഷക്കീൽ സൃഷ്ടിച്ചത്.
സൗദ് ഷക്കീൽ
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഉന്നതങ്ങളിലാണ് പാകിസ്താൻ. മൂന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 563 റൺസെന്ന നിലയിലാണ്. ഇതോടെ പാകിസ്താന് 397 റൺസിന്റെ ലീഡായി. 450ലേറെ സ്‌കോർ ചെയ്ത് ശ്രീലങ്കയെ ബാറ്റിങിന് വിടാനായിരിക്കും പാകിസ്താന്റെ പദ്ധതി. ഈ കൂറ്റൻ സ്‌കോറിലേക്ക് പാകിസ്താനെ പ്രധാനമായും സഹായിച്ചത് ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെ ഇരട്ട സെഞ്ച്വറിയാണ്.
201 റൺസാണ് താരം അടിച്ചെടുത്തത്. പുറമെ സൽമാൽ അലി ആഗയുടെ സെഞ്ച്വറിയും പാകിസ്താന്റെ മികച്ച സ്‌കോറിന് അടിത്തറയേകി. 132 റൺസ് നേടിയ ആഗ ഇപ്പോഴും ക്രീസിൽ ഉണ്ട്. 57 റൺസ് നേടിയ സൗദ് ഷക്കീലിന്റെ പ്രകടനവും നിർണായകമായി. സൗദ് ഷക്കീലാണ് ഒരു വമ്പൻ റെക്കോർഡ് സൃഷ്ടിച്ചത്. 27കാരനായ ഷക്കീൽ പാകിസ്താനായി ടെസ്റ്റില്‍ ഇതുവരെ ഏഴ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
ഏഴ് മത്സരങ്ങളിൽ നിന്ന് താരത്തിന്റെ ആറാം അർധ സെഞ്ച്വറിയായിരുന്നു ഇന്നലെ കൊളംബോയിൽ കുറിച്ചത്. ഈ ഏഴ് മത്സരങ്ങളിൽ നിന്ന് തന്നെ താരം ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും കണ്ടെത്തി. കളിച്ച എല്ലാ മത്സരങ്ങളിലും 50ലേറെ റണ്‍സ് സ്‌കോർ ചെയ്തു എന്ന വമ്പൻ നേട്ടമാണ് ഷക്കീൽ സൃഷ്ടിച്ചത്. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ, മുൻ വിൻഡീസ് താരം ബാസിൽ ബച്ചർ, പാകിസ്താന്റെ സഈദ് അഹമ്മദ്, ന്യൂസിലാൻഡിന്റെ ബെർട്ട് സ്‌കട്ട്‌ലിഫി എന്നിവരെയാണ് സൗദ് ഷക്കീൽ പിന്നിലാക്കിയത്.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 76, രണ്ടാം ടെസ്റ്റിൽ 63,94(രണ്ട് ഇന്നിങ്സുകള്‍) മൂന്നാം ടെസ്റ്റിൽ 53, നാലാം ടെസ്റ്റിൽ 55, അഞ്ചാം ടെസ്റ്റിൽ 125, ആറാം ടെസ്റ്റിൽ 208, ഏഴാം ടെസ്റ്റിൽ 53 എന്നിങ്ങനെയാണ് ഷക്കീലിന്റെ സ്കോറുകള്‍. ഷക്കീലിന്റെ ബാറ്റിങ് മികവിനെ തുടർന്നാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താൻ വിജയിച്ചത്. മത്സരത്തിൽ താരമായി തെരഞ്ഞെടുത്തതും ഷക്കീലിനെ ആയിരുന്നു. ആ മത്സരത്തിലായിരുന്നു താരം ഇരട്ട സെഞ്ച്വറി തികച്ചത്(208). പാകിസ്താന് പുറത്ത് അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി കണ്ടെത്തുന്ന ആദ്യ പാക് ക്രിക്കറ്റർ എന്ന നേട്ടവും ഷക്കീലിനെ തേടി എത്തിയിരുന്നു. പേസ് ബൗളർമാർ വരവറിയിക്കുന്ന പാക് ക്രിക്കറ്റിൽ ഷക്കീൽ എന്ന ബാറ്ററുടെ പ്രകടനം ശ്രദ്ധേയമാണ്.
Adjust Story Font
16