സെമി സാധ്യതകൾ സജീവമാക്കി പാകിസ്താൻ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു
നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്താന് സെമി സാധ്യത തുറക്കുക
സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പർ 12ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാകിസ്താൻ. 33 റൺസിനാണ് പാകിസ്താന്റെ ജയം. മഴമൂലം ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 14 ഓവറാക്കി കുറച്ചിരുന്നു. അവസാന ഓവറുകളിൽ പാക് ബൗളർമാർ പുറത്തെടുത്ത മിന്നും പ്രകടനമാണ് ടീമിന് തുണയായത്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തിൽ തന്നെ ഓപ്പണർ ക്വിന്റൻ ഡി കോക്കിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ താരം മടങ്ങി. സമീപ കാലത്തായി മോശം ഫോമിൽ നിൽക്കുന്ന മറ്റൊരു ഓപ്പണറും നായകനുമായ ടെംബ ബവുമ പക്ഷേ ഇത്തവണ മികവ് കാണിച്ചു.
എന്നാൽ, മൂന്നാമനായി എത്തിയ റിലി റൂസോ ഏഴ് റൺസുമായി മടങ്ങി. പിന്നാലെ ബവുമയും മടങ്ങി. ക്യാപ്റ്റൻ 10 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 36 റൺസ് കണ്ടെത്തി. പിന്നീടെത്തിയ എയ്ഡൻ മാർക്രം മികവോടെ കളിച്ച് വരവെ സ്വന്തം സ്‌കോർ 20ൽ എത്തിയപ്പോൾ പുറത്തായി. പിന്നീട് മഴയെത്തി. മഴയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ 30 പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 73 റൺസായിരുന്നു. എന്നാൽ വിജയത്തിലേക്ക് ബാറ്റ് വീശുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. 142 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സ് 108 ൽ 9 വിക്കറ്റ് നഷ്ടത്തിൽ അവസാനിച്ചു.
പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ശദബ് ഖാൻ രണ്ടും വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് വസീം,നസീം ഷാ,ഹാരിസ് റഊഫ് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. സ്‌കോർബോർഡിൽ 43 തികയുന്നതിനിടെ നാല് മുൻനിര ബാറ്റർമാരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. എന്നാൽ, അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടിൽ മുഹമ്മദ് നവാസിനെയും കൂട്ടുപിടിച്ച് ഇഫ്ത്തിക്കർ അഹമ്മദ് സ്‌കോർ പതുക്കെ ഉയർത്തി.
സ്‌കോർ 95 എത്തിനിൽക്കെ നവാസ് പുറത്തായെങ്കിലും പിന്നീടെത്തിയ ശദബ് ഖാൻ തകർത്തടിച്ചതോടെ സ്‌കോർ കുത്തനെ ഉയർന്നു. 22 പന്തിൽ 4 സിക്സും മൂന്ന് ഫോറും ഉൾപ്പടെ 52 റൺസാണ് ശദബ് നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ വീണെങ്കിലും സ്‌കോർ 185 ൽ എത്തിയിരുന്നു. ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി നോർജേ നാലും പാർനൽ, റബാദ, ഇങ്കിഡി, ഷാംസി എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ അഞ്ചു റൺസ് വിജയം നേടിയതോടെ, പാകിസ്താന്റെ സെമിഫൈനൽ സാധ്യത പരുങ്ങലിലായിട്ടുണ്ട്. മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുസരിച്ചായിരിക്കും ടൂർണമെന്റിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുക. ഇന്ത്യയോടും സിംബാബ്വെയോടും നേരിട്ട തോൽവികളാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്താന് സെമി സാധ്യത തുറക്കുക.
Adjust Story Font
16