Quantcast

ഫോണും പാസ്‌പോർട്ടും മറന്നു; എയർപോർട്ടിൽ റയാൻ പരാഗിന് പറ്റിയത് വലിയ അബദ്ധം

കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാനായി മിന്നുംഫോമിൽ കളിച്ച യുവതാരം ആദ്യമായാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്.

MediaOne Logo

Sports Desk

  • Published:

    3 July 2024 10:06 AM GMT

ഫോണും പാസ്‌പോർട്ടും മറന്നു; എയർപോർട്ടിൽ റയാൻ പരാഗിന് പറ്റിയത് വലിയ അബദ്ധം
X

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനായി പുറപ്പെടും മുൻപ് ഇന്ത്യൻ താരം റയാൻ പരാഗിന് സംഭവിച്ചത് വലിയ അബദ്ധം. പാസ്‌പോർട്ടും രണ്ട് മൊബൈൽ ഫോണുമാണ് താരം എയർപോർട്ടിൽ മറന്നുവെച്ചത്. ആദ്യമായി ഇന്ത്യൻ ടീമിലേക്കെത്തിയതിന്റെ ആവേശത്തിലായിരുന്നു താരം. ഒടുവിൽ കുറച്ചു സമയത്തെ തെരച്ചിലിനൊടുവിൽ മൊബൈലും പാസ്‌പോർട്ടും ലഭിച്ചു. സിംബാബ്‌ബെയിലെത്തിയ ശേഷം ബി.സി.സി.ഐ വീഡിയോയിലാണ് താരം തനിക്ക് പറ്റിയ അമളി വിശദീകരിച്ചത്.

ഇതേ കുറിച്ച് പരാഗ് പറയുന്നത് ഇങ്ങനെ. ''ടീമിലെത്തിയതിൽ ഞാൻ ആവേശഭരിതനായിരുന്നു. ഇതിനിടെ എന്റെ പാസ് പോർട്ടും മൊബൈലുകളും ഞാൻ മറന്നു. അറിയാതെ മറ്റൊരിടത്ത് വെക്കുകയായിരുന്നു. എന്നാൽ എവിടെയാണ് വച്ചതെന്ന കാര്യം മറന്നുപോയി. എന്നാൽ അൽപസമയത്തിനകം വീണ്ടെടുക്കാനായി''. ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ പരാഗ് പറഞ്ഞു. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിനാണ് പരാഗ് ഒരുങ്ങുന്നത്. കഴിഞ്ഞ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 15 മത്സരങ്ങളിൽ നിന്നായി 573 റൺസാണ് യുവതാരം സ്വന്തമാക്കിയത്.

ശുഭ്മാൻ ഗിലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് സിംബാബ്‌വെയിൽ കളിക്കുക. ലോകകപ്പ് കിരീടം നേടിയ ടീം എത്താൻ വൈകിയതോടെ കഴിഞ്ഞ ദിവസം ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ബി.സി.സി.ഐ മാറ്റം വരുത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരെ ഒഴിവാക്കി പകരം സായ് സുദർശൻ, ഹർഷിത് റാണ, ജിതേഷ് ശർമ എന്നിവരെ ഉൾപ്പെടുത്തി. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ് ലക്ഷമണാണ് പരിശീലക ചുമതല. ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞിരുന്നു.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

TAGS :

Next Story