കളി പറയാൻ ഇനി പാർഥിവ് പട്ടേലും; ഐപിഎല്ലിനുള്ള കമന്റേറ്റർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് സ്റ്റാർ സ്‌പോർട്‌സ്
ഇനി 31 മത്സരങ്ങളാണ് ഐപിഎല്ലിൽ ബാക്കിയുള്ളത്.
സെപ്റ്റംബർ 19 ന് യുഎഇയിൽ ആരംഭിക്കുന്ന ഐപിഎൽ 14-ാം സീസണിന്റെ രണ്ടാം പാദത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ആരാധകരുടെ പ്രിയപ്പെട്ട ധോണിയുടെ ചൈന്നൈ സൂപ്പർ കിങ്‌സും രോഹിത്തിന്റെ മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. മത്സരത്തിന്റെ സംപ്രേക്ഷണവകാശമുള്ള സ്റ്റാർ സ്‌പോർട്‌സ് ഐപിഎല്ലിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഐപിഎല്ലിന്റെ ടിവി അനുഭവത്തിൽ വലിയ പങ്കുവഹിക്കുന്ന കമന്റേറ്റർമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്റ്റാർ സ്‌പോർട്‌സ്.
ഹിന്ദി, ഇംഗ്ലീഷ് കമന്റേറ്റർമാരുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലീഷിൽ മത്സരം വിവരിക്കാൻ ഹർഷ ഭോഗ്ലെ, സുനിൽ ഗവാസ്‌കർ, എൽ. സിവ, മുരളി കാർത്തിക്, ദീപ് ദാസ് ഗുപ്ത, അൻജും ചോപ്ര, ഇയാൻ ബിഷപ്, അലൻ വിൽക്കിൻസ്, എംബാൻഗ്വ, നിക്കോളാസ് നൈറ്റ്, ഡാനി മോറിസൺ, സൈമൺ ഡുൾ, മാത്യു ഹെയ്ഡൻ, കെവിൻ പീറ്റേഴ്‌സൺ എന്നിവർ ഉൾപ്പെടുന്നു.
ഹിന്ദിയിൽ മത്സരം പറയാൻ ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ സപ്പോർടിങ് സ്റ്റാഫ് അംഗമായ മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലും ഉൾപ്പെട്ടിട്ടുണ്ട്. മറ്റു പേരുകൾ ഇവയാണ്. ജറ്റിൻ സപ്രു, സുരൻ സുന്ദരം, ആകാശ് ചോപ്ര, നിഖിൽ ചോപ്ര, ടാനിയ പുരോഹിത്, ഇർഫാൻ പത്താൻ, ഗൗതം ഗംഭീർ, കിരൺ മോറെ.
ഇനി 31 മത്സരങ്ങളാണ് ഐപിഎല്ലിൽ ബാക്കിയുള്ളത്. ഒക്ടോബർ എട്ടിന് ലീഗ് സ്റ്റേജ് മത്സരങ്ങൾ അവസാനിക്കും. ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും, 11 ന് എലിമിനേറ്ററും നടക്കും. 13 ന് രണ്ടാം ക്വാളിഫയർ നടക്കും. ഒക്ടോബർ 15 ന് ദുബൈയിലാണ് ഫൈനൽ നടക്കുക.
Adjust Story Font
16