Quantcast

'പിച്ച് റോളറെന്താ, ടെന്നീസ് ബോളോ പോക്കറ്റലിട്ട് കൊണ്ടുനടക്കാന്‍? ബിസിസിഐ ഇടപെടണം, പര്‍വേസ് റസൂല്‍

പിച്ച് റോളര്‍ കൈക്കലാക്കിയെന്ന ആരോപണം പര്‍വേസ് നിഷേധിച്ചു. അവരുടെ പിച്ച് റോളറൊന്നും ഞാന്‍ എടുത്തിട്ടില്ല. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ആളാണ് ഞാന്‍.

MediaOne Logo

Web Desk

  • Published:

    21 Aug 2021 10:55 AM GMT

പിച്ച് റോളറെന്താ, ടെന്നീസ് ബോളോ പോക്കറ്റലിട്ട് കൊണ്ടുനടക്കാന്‍?  ബിസിസിഐ ഇടപെടണം, പര്‍വേസ് റസൂല്‍
X

പിച്ച് റോളര്‍ മോഷ്ടിച്ചെന്നാരോപിച്ച് ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നോട്ടീസ് അയച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം പര്‍വേസ് റസൂല്‍. വിഷയത്തില്‍ ബി.സി.സി.ഐ ഇടപെടണമെന്നും പര്‍വേസ് റസൂല്‍ വ്യക്തമാക്കി. പിച്ച് റോളര്‍ തിരികെ ഏല്‍പ്പിച്ചില്ലെങ്കില്‍ പൊലീസ് കേസാക്കും എന്നായിരുന്നു ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പര്‍വേസിനോട് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയ്ക്കായി ഒരു ഏകദിനവും ഒരു ടെസ്റ്റും കളിച്ചിട്ടുള്ള താരമാണ് റസൂൽ.

പിച്ച് റോളര്‍ കൈക്കലാക്കിയെന്ന ആരോപണം പര്‍വേസ് നിഷേധിച്ചു. അവരുടെ പിച്ച് റോളറൊന്നും ഞാന്‍ എടുത്തിട്ടില്ല. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ആളാണ് ഞാന്‍. ജമ്മുകശ്മീരിന് വേണ്ടി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച ഒരു രാജ്യന്തര ക്രിക്കറ്റ് താരത്തിനോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നും പര്‍വേസ് ചോദിക്കുന്നു.

പിച്ച് റോളർ ടെന്നിസ് പന്ത് പോലെ പോക്കറ്റിലിട്ട് എല്ലായിടത്തും കൊണ്ടുപോകാവുന്ന സംഗതിയാണോ? ക്രിക്കറ്റ് പിച്ച് സൂക്ഷിക്കാനല്ലേ അത് ഉപയോഗിക്കുന്നത്? ക്രിക്കറ്റിന്റെ വളർച്ച തന്നെയല്ലേ ആത്യന്തിക ലക്ഷ്യം? ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ജൂലൈ അഞ്ചിന് അയച്ച നോട്ടിസിന് മറുപടി നൽകിയില്ലെന്ന് വ്യക്തമാക്കി എനിക്ക് രണ്ടാമതും നോട്ടീസ് നൽകിയെന്നാണ് അവർ പറയുന്നത്' – റസൂൽ ചൂണ്ടിക്കാട്ടി.

എന്നാല്‍ പര്‍വേസ് പിച്ച് റോളര്‍ എടുത്തു എന്നല്ല നോട്ടീസില്‍ പറയുന്നത് എന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് തലവന്‍ അനില്‍ ഗുപ്ത പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ ജില്ലാ അസോസിയേഷനുകളേയും ബന്ധപ്പെടാനുള്ള വിലാസം ലഭ്യമല്ല. അതുകൊണ്ട് ഓരോ ജില്ലയിലുമായി പരിചയമുള്ളവരുടെ പേരില്‍ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഗുപ്ത പറയുന്നത്.

ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിയമിച്ച മൂന്നംഗ സബ് കമ്മിറ്റിയാണ്. ജമ്മുകശ്മീർ ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. കമ്മിറ്റിയിൽ അംഗമായ ബിജെപി വക്താവ് കൂടിയായ ബ്രിഗേഡിയർ (റിട്ടയേർഡ്) അനിൽ ഗുപ്തയുടെ നേതൃത്വത്തിലാണ് താരത്തിന് നോട്ടിസ് നൽകിയത്. ഗുപ്തയ്ക്ക് പുറമെ മറ്റൊരു ബിജെപി വക്താവ് കൂടി കമ്മിറ്റിയിലുണ്ട്.

TAGS :

Next Story