ഇങ്ങനെ ഓടിയാൽ എങ്ങനെ? റകീമിന്റെ റൺഔട്ടിൽ ആരാധകർക്ക് സങ്കടം
കരീബിയൻ പ്രീമിയർ ലീഗിൽ(സി.പി.എൽ)ബാർബഡോസ് റോയൽസ് താരമാണ് റകീം.
ബാർബഡോസ്: സജീവ ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടിയ കളിക്കാരനാണ് വെസ്റ്റ്ഇൻഡീസ് താരം റകീം കോൺവാൾ. ഈ ഭാരക്കൂടുതൽ തന്നെയാണ് താരത്തെ വേറിട്ട് നിർത്തുന്നതും. ഫീൽഡിങ്ങിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം പ്രത്യേകം അറിയാനും പറ്റും. കരീബിയൻ പ്രീമിയർ ലീഗിൽ(സി.പി.എൽ)ബാർബഡോസ് റോയൽസ് താരമാണ് റകീം. ഇപ്പോൾ റകീം സമൂഹമാധ്യമങ്ങളിൽ നിറയാൻ കാരണം സിപിഎല്ലിലെ ഒരു റൺഔട്ടിന്റെ പേരിലാണ്.
റകീം തന്നെയാണ് റൺഔട്ടായതും. മത്സരത്തില്‍ ലൂസിയ കിങ് ഉയർത്തിയ 201 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തുകയായിരുന്നു ബാർബഡോസ്. ക്രീസിൽ റകീം. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഒരു വമ്പനടിക്ക് ശ്രമിച്ചെങ്കിലും പന്ത് വേണ്ട രീതിയിൽ കണക്ട് ആയില്ല. ഫൈൻ ലെഗിലോട്ടാണ് പോയത്. ക്രിസ് സോളിനായിരുന്നു അവിടെ ഡ്യൂട്ടി. പന്ത് ആദ്യം കൈയിൽ നിന്ന് പോയെങ്കിലും രണ്ടാം ശ്രമത്തിൽ ആദ്ദേഹം വീണ്ടെടുത്തു.
ഇതേസമയം തന്നെ റകീം റൺസിനായി ക്രീസ് വിട്ടിരുന്നു. എന്നാൽ സോളിന്റെ ത്രോ സ്റ്റമ്പിൽ കൊള്ളുകയും ചെയ്തു. എന്നാല്‍ റകീമിന് ക്രീസിൽ എത്താനായില്ല. ഒട്ടും ശ്രമിക്കാത്ത മട്ടിലുള്ള ഓട്ടം താരത്തിന്റെ റൺഔട്ടിലാണ് കലാശിച്ചത്. ഒന്ന് ശ്രമിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന റൺഔട്ടാണെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും കുറിക്കുന്നത്. മത്സരത്തിൽ ബാർബഡോസ് തോൽക്കുകയും ചെയ്തു.
ഭാരക്കൂടുതലുള്ളത് കൊണ്ടാണ് പലപ്പോഴും റകീം വാർത്തകളിൽ ഇടംനേടാറുള്ളത്. ക്രിക്കറ്റ് വിദഗ്ധന്മാരെല്ലം തടിയുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് റകീമിനെ സ്‌നേഹപൂർവം ഉപദേശിക്കാറുമുണ്ട്. എന്നാൽ റകീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയലേക്ക് അദ്ദേഹത്തിന്റെ ശരീരം ഇതുവരെ എത്തിയിരുന്നില്ല. എന്നാൽ പുതിയ റൺഔട്ട് ഈ വഴിക്കുള്ള ചർച്ചകൾക്കും കാരണമാകും എന്നാണ് സമൂഹമാധ്യമങ്ങങ്ങളിലെ സംസാരം.
Watch Video
Adjust Story Font
16