നികത്താനാകാതെ ബട്‍ലറുടെ ശൂന്യത; രാജസ്ഥാൻ ടീം എങ്ങനെയുണ്ട്?

ഐപിഎല്ലിന് അരങ്ങുണരാൻ ഏതാനും ദിവസങ്ങളുടെ ദൂരം മാത്രം. കിങ്ങിന്റെ ബെംഗളൂരുവിനും തലയുടെ ചെന്നൈക്കും ഹിറ്റ്മാന്റെ മുംബൈക്കുമെല്ലാം ആരാധകരുണ്ട്. പക്ഷേ കേരളത്തിൽ ഈ ടീമുകളോടൊപ്പം നിൽക്കാൻ പോന്ന ആരാധക പിന്തുണയുള്ള ടീമായി രാജസ്ഥാൻ മാറിയിരിക്കുന്നു. അതിന് ഒരേ ഒരു കാരണം മാത്രം..സഞ്ജു വിശ്വനാഥ് സാംസൺ
വിരലിനേറ്റ പരിക്ക് ആശങ്ക പടർത്തിയെങ്കിലുംസഞ്ജു രാജസ്ഥാൻ ടീമിനൊപ്പം ചേരുന്ന വിഡിയോ റോയൽസ് പങ്കുവെച്ചിട്ടുണ്ട്. മാർച്ച് 23ന് സൺറെസേഴ്സ് ഹൈദരബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യമത്സരം. ക്യാപ്റ്റൻ തൊപ്പിയണിയാൻ സഞ്ജു ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പക്ഷേ പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗ ധ്രുവ് ജുറേൽ അണിഞ്ഞേക്കും.
അവസാന ലാപ്പിൽ കാൽ ഇടറിയെങ്കിലും പോയ സീസൺ പൊതുവേ രാജസ്ഥാന് ഭേദപ്പെട്ടതായിരുന്നു. ഇക്കുറി മെഗാ താരലേലേത്തിന് ശേഷം രാജസ്ഥാൻ ടീം എങ്ങനെയുണ്ട്. ഒരു കിരീടമണിയാനുള്ള മെറ്റീരിയലുകൾ ആ ടീമിനുണ്ടോ? പരിശോധിക്കാം
ബാറ്റിങ് സുദൃഢം, പക്ഷേ...
അടിമുടി മെയ്ഡ് ഇൻ ഇന്ത്യ ബാറ്റിങ് ലൈനപ്പുമായാണ് രാജസ്ഥാൻ പുതിയ സീസണിന് ഒരുങ്ങുന്നത്. യശസ്വി ജയ്സ്വാളും സഞ്ജും സാംസണും ഓപ്പണർമാരാകും. ആദ്യ ഓവർ മുതലേ അടിച്ചുതുടങ്ങുന്ന ഇരുവരും ക്രീസിൽ നിലയുറപ്പിച്ചാൽ എതിർ ടീമുകൾ ശരിക്കും വെള്ളം കുടിക്കും. സഞ്ജു ട്വന്റി 20യിൽ ഇന്ത്യൻ ഓപ്പണറായി സ്ഥാനം പിടിച്ചെങ്കിൽ ജയ്സ്വാൾ ഇന്നല്ലെങ്കിൽ നാളെ വിളിക്കുമെന്ന പ്രതീക്ഷയിലാണ്. ദേശീയ ടീമിൽ സാന്നിധ്യമറിയിക്കണമെങ്കിൽ ഇരുവർക്കും ഐപിഎൽ പ്രകടനങ്ങൾ നിർണായകമാണ്. നിർണായകമായ വൺഡൗൺ പൊസിഷനിൽ നിതീഷ് റാണയാണ് എത്തുക. 2017 മുതൽ 2023വരെയുള്ള ഏത് ഐപിഎൽ സീസണുകളിൽ 300ന് മുകളിൽ സ്കോർ ചെയ്തയാളാണ് റാണ. പക്ഷേ പോയ സീസണിൽ കൊൽക്കത്തയിൽ അദ്ദേഹത്തിന് ഒരു റോളുമുണ്ടായിരുന്നില്ല. രണ്ടേ രണ്ട് മത്സരങ്ങളാണ് കളത്തിലിറങ്ങിയത്.
നാലാം നമ്പറിൽ റ്യാൻ പരാഗ്. 2019 മുതൽ രാജസ്ഥാനിൽ സ്ഥിരസാന്നിധ്യമായ ഈ അസം കാരൻപോയ സീസണിൽ ടീം തന്നിൽ അർപ്പിച്ച പ്രതീക്ഷകാത്തു. 2023-24 സീസണിൽ മുഷ്താഖ് അലി ട്രോഫിയിൽ ടോപ് സ്കോററായ താരം പോയ സീസണിൽ 573 റൺസ് രാജസ്ഥാനായി അടിച്ചുകൂട്ടിയിരുന്നു. അസമിലെ ഗുവാഹത്തി രാജസ്ഥാന്റെ സെക്കൻഡ് ഹോം ഗ്രൗണ്ടാണ്. രാജസ്ഥാൻ ഉടമകളിലൊരാളായ രജ്ഞിത് ഭർതകുറും അസംകാരനാണ്. ഇത് രണ്ട് പ്ലസ് പോയന്റുകൾ പരാഗിന് നേരത്തേ ഗുണമായിരുന്നു. എന്നാൽ പെർഫോമൻസ് കൊണ്ടുതന്നെ ടീമിൽ ഇടംപിടിക്കാവുന്ന താരമായി പരാഗ് മാറിയിട്ടുണ്ട്
അഞ്ചാം നമ്പറായി ധ്രുവ് ജുറേലും ആറാം നമ്പറായി ഷിംറോൺ ഹെറ്റ്മെയറും. പോയവർഷത്തെ അതേ താരങ്ങൾ. ട്വന്റി 20 മത്സരങ്ങളിലെ നിർണായകമായ ഫിനിഷിങ് റോൾ ചെയ്യുക എന്ന ഉത്തരവാദിത്തമാണ് ഇവർക്കുണ്ടാകുക. തുടർന്ന് വരുന്നവരിൽ വനിന്ദു ഹസരങ്കയും ജോഫ്ര ആർച്ചറും വേണ്ടി വന്നാൽ ഏതാനും ഷോട്ടുകൾ അടിക്കാൻ പോന്നവരാണ്. ആകെത്തുകയിൽ മികച്ച ബാറ്റിങ് ലൈനപ്പുണ്ട്. പക്ഷേ ഒരു വലിയ അഭാവം അവർക്ക് നികത്താനായില്ല. ജോസ് ബട്‍ലർക്ക് പകരക്കാരൻ ആര്? ബട്ലറെപ്പോലെ ഒറ്റക്ക് മത്സരം തിരിച്ചുപിടിക്കാൻ കെൽപ്പുള്ള ഒരു ബിഗ് ഓവർസീസ് െപ്ലയറുടെ അഭാവം തീർച്ചയായും ഈ സംഘത്തിനുണ്ട്
ബൗളിങ് ഡിപ്പാർട്മെന്റിലും ആശങ്കയുണ്ട്
യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ, ട്രെന്റ് ബോൾട്ട്.. മിനിമം ഗ്യാരണ്ടിയുള്ള മൂന്ന് ബൗളർമാരെ അവർ ഈ ലേത്തിൽ വിട്ടുകളഞ്ഞു. അതിന് പകരം എത്തിച്ചത് ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവർ. ജോഫ്ര ആർച്ചർ ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യൻ തന്നെയാണ്. മുമ്പ് റോയൽസിനായി നന്നായി പന്തെറിഞ്ഞിട്ടുമുണ്ട്. പക്ഷേ പരിക്കിന് ശേഷം കളത്തിലേക്ക് തിരിച്ചുവന്ന ആർച്ചർക്ക് ഒരിക്കലും പോയകാലത്തെ ആർച്ചറാകാൻ സാധിച്ചിട്ടില്ല. ബൗളിങ് ഡിപ്പാർട്മെന്റിനെ നയിക്കാൻ പ്രാപ്തിയുള്ള ആർച്ചർ മങ്ങിയാൽ അത് ടീമിനെത്തന്നെ ബാധിച്ചേക്കാം. ആർച്ചർക്ക് മുന്നിൽ വലിയ ഉത്തരവാത്തിങ്ങളുണ്ട്
ഹസരങ്കയും തീക്ഷണയും ഒരുമിച്ച് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയെങ്കിൽ അഫ്ഗാൻ പേസർ ഫസൽ ഹഖ് ഫാറൂഖി പകരം വരും. കൂടെ സന്ദീപ് ശർമയും തുഷാർ ദേശ്പാണ്ഡെയും ചേരും. ഹെറ്റ്മെയർ അല്ലാതെ ബാറ്റിങ്ങിൽ വിദേശ താരങ്ങൾ ഇല്ലാത്തതിനാൽ നാല് ഓവർസീസ് സ്ളോട്ടുകളിൽ മൂന്നെണ്ണവും ബൗളർമാർക്കായി ഉപയോഗിക്കും.
ശുഭം ദുബെ, ആകാശ് മധ്വാൾ, വൈഭവ് സൂര്യവംശി, ക്വന മഫാക തുടങ്ങിയ ഏതാനുംപേർ പുറത്തുമുണ്ട്. പക്ഷേ ഓവർസീസ് താരങ്ങളുടെ കാര്യത്തിൽ വല്ലാത്ത ദൗർബല്യം അവർക്കുണ്ട്.
മറ്റൊന്ന് കോച്ചിന്റെ കസേരയിൽ രാഹുൽ ദ്രാവിഡ് എത്തിയെന്നതാണ്. ഒരു ദ്രാവിഡീയൻ ശൈലിയാണോ അതോ ഫിയർലെസ് അപ്രോച്ചോണോ രാജസ്ഥാൻ പിന്തുടരുക. കാത്തിരിക്കാം.
Adjust Story Font
16