രഞ്ജി ട്രോഫിയിൽ പൊരുതാതെ കീഴടങ്ങി കേരളം; മുംബൈ വിജയം 232 റൺസിന്
327 റൺസ് വിജലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനിൽ തന്നെ തകർന്നടിയുകയായിരുന്നു
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് 232 റൺസ് തോൽവി. അവസാനദിനം ബാറ്റിങ് തുടങ്ങിയ ആതിഥേയർ 94 റൺസിന് പുറത്തായി. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. രോഹൻ എസ് കുന്നുമ്മൽ 26 റൺസ്, ജലജ് സക്‌സേന 16 റൺസെടുത്ത് പുറത്തായി. 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനിൽ തന്നെ തകർന്നടിയുകയായിരുന്നു. സന്ദർശകർക്കായി ഷംസ് മുലാനി അഞ്ച് വിക്കറ്റ് നേടി. ധവാൽ കുൽക്കർണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം സെന്റ് സേവ്യേർസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സ്‌കോർ മുംബൈ 251, 319, കേരളം 244, 94.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന സ്‌കോറിൽ ക്രീസിലിറങ്ങിയ കേരളത്തിന് ശക്തമായ മുംബൈ ബാറ്റിങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നാലാം ദിനം ആദ്യ ഓവറിലെ അവസാന പന്തിൽ ജലജ് സക്‌സേനയെ പുറത്താക്കി ധവാൽ കുൽക്കർണിയാണ് ബ്രേക്ക് ത്രൂ നൽകിയത്. വൺഡൗണായി ക്രീസിൽ ഇറങ്ങിയ കൃഷ്ണ പ്രസാദ് നാല് റൺസെടുത്ത് പുറത്തായി. യുവതാരം രോഹൻ കുന്നുമ്മൽ പ്രതീക്ഷ നൽകിയെങ്കിലും ഷംസ് മുലാനിയുടെ പന്തിൽ മുംബൈ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നൽകി മടങ്ങി.
സച്ചിൻ ബേബി(12), വിഷ്ണു വിനോദ്(6), ശ്രേയസ് ഗോപാലിനെ(0) എന്നിവരും വേഗത്തിൽ പുറത്തായതോടെ പതനം പൂർത്തിയായി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടർന്ന മുംബൈയുടെ മധ്യനിര തകർന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെയാണ് മികച്ച സ്‌കോറിലെത്തിയത്.
Adjust Story Font
16