Quantcast

രവി ശാസ്ത്രി സ്ലീപ്പര്‍ കോച്ചോ സൂപ്പര്‍ കോച്ചോ?

നേട്ടങ്ങള്‍ മാത്രമല്ല, ഒരുപാട് വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു രവി ശാസ്ത്രിയുടെ പരിശീലക പ്രയാണം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് വരുമ്പോള്‍ രവിശാസ്ത്രി ബാക്കിവെച്ചതെന്തൊക്കെ?

MediaOne Logo

Roshin Raghavan

  • Published:

    9 Nov 2021 7:59 AM GMT

രവി ശാസ്ത്രി സ്ലീപ്പര്‍ കോച്ചോ സൂപ്പര്‍ കോച്ചോ?
X

2011 ലോകകപ്പ് ഫൈനല്‍. മഹേന്ദ്ര സിങ് ധോണി ഗാലറിയിലേക്ക് പറത്തിയ ആ ഷോട്ടിലൂടെ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തി. ആ നിമിഷത്തെ ഓരോരുത്തരും ഓര്‍ക്കുക ഒരു അസാധ്യ കമന്‍ററിയോടെ മാത്രമായിരിക്കും. ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍. അതെ, രവി ശാസ്ത്രിയുടെ ആ മാജിക്കല്‍ കമന്‍ററി. ഒരു ലെഗ് സ്പിന്നറായി ടീമിലെത്തി, ബാറ്റിങ് ആള്‍ റൌണ്ടറായി കരിയര്‍ അവസാനിപ്പിച്ച്, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കിയ, പിന്നീട് ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തിയ ദി റിയല്‍ ആള്‍റൌണ്ടര്‍. രവി ശാസ്ത്രി. ടി20 ലോകകപ്പ് അവസാനിച്ചതോടെ നായകസ്ഥാനത്തുനിന്നും വിരാട് കോഹ്‍ലി പടിയിറങ്ങുന്നതിനൊപ്പം രവി ശാസ്ത്രിയും ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഔദ്യോഗിക യാത്ര അവസാനിപ്പിക്കുകയാണ്. നേട്ടങ്ങള്‍ മാത്രമല്ല, ഒരുപാട് വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു രവി ശാസ്ത്രിയുടെ പരിശീലക പ്രയാണം. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് വരുമ്പോള്‍ രവിശാസ്ത്രി ബാക്കിവെച്ചതെന്തൊക്കെ?

2016ല്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തുനിന്നും പടിയിറങ്ങി 2017ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ലോകകപ്പിന് ശേഷം കരാര്‍ അവസാനിച്ചെങ്കിലും അത് വീണ്ടും നീട്ടുകയായിരുന്നു. രവി ശാസ്ത്രിയുടെ പരിശീലനത്തില്‍ ഇന്ത്യ കൈവരിച്ച പ്രധാന നേട്ടങ്ങള്‍ ആദ്യം പരിശോധിക്കാം.

2018ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നേടി ആസ്ട്രേലിയയെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു. ആസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് സീരീസ് വിജയം നേടുന്ന ആദ്യത്തെ ഏഷ്യന്‍ ടീമായി വിരാട് കോഹ്‍ലി നയിക്കുന്ന ഇന്ത്യന്‍ ടീം മാറി. 2021ല്‍ തികച്ചും അവിസ്മരണീയമായ ടെസ്റ്റ് വിജയം ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ സ്വന്തമാക്കിയതും രവി ശാസ്ത്രിയുടെ പരിശീലനത്തിലായിരുന്നു. നായകന്‍ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയുടെ നായകത്വത്തിലാണ് ഇന്ത്യ കപ്പടിച്ചത്.

2019ലെ ലോകകപ്പ് സെമി ഫൈനല്‍ നേട്ടം. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടന്ന 2019 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ ടീം ഇന്ത്യ നടത്തിയ പ്രയാണം രാജകീയമായിരുന്നു. സെമിയില്‍ ന്യൂസിലാന്‍റുമായി പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ക്രിക്കറ്റിന്‍റെ ക്ലാസിക് ഫോര്‍മാറ്റായ ടെസ്റ്റ് റാങ്കിങ്ങില്‍ 2016 മുതല്‍ 2020 വരെ 42 മാസം ഇന്ത്യ സ്ഥിരത പുലര്‍ത്തി. ഇത് എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നാണ്.

2020ല്‍ ന്യൂസിലാന്‍റിനെ അവരുടെ മണ്ണില്‍ വൈറ്റ് വാഷ് ചെയ്ത ആദ്യ ടീമായി ഇന്ത്യ മാറി. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20കളും അടങ്ങിയ സീരീസില്‍ അഞ്ചില്‍ അഞ്ചും ജയിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്.

എണ്ണിപ്പറയാന്‍ ക്രാപ്റ്റന്‍ കോഹ്‍ലിക്കൊപ്പം നിരവധി റെക്കോര്‍ഡുകള്‍ ശാസ്ത്രിക്കൊപ്പമുണ്ടെങ്കിലും വിമര്‍ശനങ്ങളും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. രവി ശാസ്ത്രിയുടെ പരിശീലനത്തില്‍ ഒരു ഐസിസി ട്രോഫി പോലും ഇന്ത്യക്ക് നേടാനായില്ല എന്നത് അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ കോട്ടം തന്നെയാണ്. എല്ലാ സുപ്രധാന ടൂര്‍ണമെന്‍റുകളിലും അവസാന ഘട്ടം വരെയെത്തും, ശേഷം എല്ലാ പ്രതീക്ഷകളെയും പൊട്ടിച്ചെറിഞ്ഞ് തോല്‍വി ഏറ്റുവാങ്ങും.

2019 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിയും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരാജയവും ഇതില്‍ പ്രധാനമാണ്. ആ തോല്‍വികള്‍ 'സ്ലീപ്പര്‍ കോച്ച്' എന്ന ടാഗും ട്രോളുകളിലൂടെയും വിമര്‍ശകരിലൂടെയും ശാസ്ത്രിയെ തേടിയെത്തി. അദ്ദേഹത്തിന്‍റെ കരിയറിലെ അവസാന പ്രതീക്ഷയായിരുന്നു 2021 ടി20 ലോകകപ്പ്. ഇപ്പോള്‍ അതില്‍ നിന്നും ഇന്ത്യ പുറത്തായതോടെ കിരീടമില്ലാത്ത രാജ തന്ത്രജ്ഞനായി രവി ശാസ്ത്രിക്ക് പടിയിറങ്ങാം.

TAGS :

Next Story