പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ച് കോഹ്‍ലി ആന്‍റ് ബോയ്സ്; പഞ്ചാബിനെ പരാജയപ്പെടുത്തി
പതിവുപോലെത്തന്നെ മികച്ച തുടക്കമാണ് നായകന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നല്‍കിയത്
ആവേശം അലതല്ലിയ മത്സരത്തിനൊടുവില്‍ പതിനാലാം ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 6 റണ്‍സിന് പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെയാണ് ടൂര്‍ണമെന്‍റില്‍ ആര്‍.സി.ബി പ്ലേ ഓഫിലേക്ക് കടക്കുന്നത്. ആര്‍.സി.ബി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പതിവുപോലെത്തന്നെ മികച്ച തുടക്കമാണ് നായകന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നല്‍കിയത്. 91 റണ്‍സ് വരെ വിക്കറ്റ് നഷ്ടമല്ലാതെ യാത്ര തുടര്‍ന്ന പഞ്ചാബിന് പെട്ടന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. മായങ്ക് 57 റണ്‍സും രാഹുല്‍ 39 റണ്‍സും നേടി. മൂന്ന് വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹലാണ് പഞ്ചാബിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വില്ലനായത്. ഷഹബാസ് അഹമദ്, ഗാര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പരാജയത്തോടെ പഞ്ചാബിന് പ്ലേ ഓഫ് ഒരു വിദൂര സാധ്യത മാത്രമായി.
നേരത്തെ ബാംഗ്ലൂരിനായി മാക്‌സ്‌വെല്‍ 33 പന്തില്‍ നിന്നും 57 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മികച്ച തുടക്കത്തിന് ശേഷമാണ് ബാംഗ്ലൂരിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത്. ദേവ്‌ദത്ത് പടിക്കല്‍ വിരാട് കോഹ്‌ലി എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് പന്തെറിഞ്ഞുതുടങ്ങിയ ഹെന്റിക്‌സാണ് ബാഗ്ലൂരിനെ തകര്‍ത്തത്. കോഹ്‌ലി 25 റണ്‍സും ദേവ്‌ദത്ത് പടിക്കല്‍ 40 റണ്‍സും നേടിയപ്പോള്‍ ഹെന്റിക്‌സ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ നേടി.
Adjust Story Font
16