ഐപിഎല്ലിൽ ആർസിബിക്ക് വിജയത്തുടക്കം; നിലവിലെ ചാമ്പ്യൻ കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തോൽപിച്ചു
വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും അർധ സെഞ്ച്വറി സ്വന്തമാക്കി

കൊൽക്കത്ത: നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപിച്ച് ഐപിഎൽ 18ാം സീസൺ ഗംഭീരമായി തുടങ്ങി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊൽക്കത്ത തട്ടകമായ ഈഡൻഗാർഡനിൽ നടന്ന ഉദ്ഘാടന ആവേശ പോരാട്ടത്തിൽ ഏഴ് വിക്കറ്റിനാണ് ജയം പിടിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ കെകെആർ ഉയർത്തിയ 175 റൺസ് 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിരാട് കോഹ്‌ലി അർധ സെഞ്ച്വറിയുമായി(59) പുറത്താകാതെ നിന്നു. മുൻ കൊൽക്കത്ത താരമായ ഫിൾ സാൾട്ടും (56) മികച്ച പ്രകടനം നടത്തി.
ഓപ്പണിങിൽ ഇരുവരും ചേർന്ന് 95 റൺസ് കൂട്ടിചേർത്തത് ആർസിബി വിജയത്തിൽ നിർണായകമായി. വരുൺ ചക്രവർത്തി എറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 21 റൺസാണ് ഫിൽ സാൾട്ട് അടിച്ചത്. പവർപ്ലെയിൽ 80 റൺസാണ് ഇന്ത്യ-ഇംഗ്ലീഷ് സഖ്യം നേടിയത്. 36 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് കോഹ്‌ലി 59 റൺസെടുത്തത്. 31 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സറും സഹിതമാണ് സാൾട്ട് ആദ്യ ആർസിബി ഫിഫ്റ്റി ആഘോഷമാക്കിയത്. ക്യാപ്റ്റൻ രജത് പടിദാർ(16 പന്തിൽ 34), ലിയാം ലിവിങ്സ്റ്റൺ(അഞ്ച് പന്തിൽ 16) എന്നിവരും തകർത്തടിച്ചതോടെ അനായാസം ലക്ഷ്യംമറികടന്നു. ഇംപാക്ട് പ്ലെയറായെത്തിയ ദേവ്ദത്ത് പടിക്കലിന് (10) കാര്യമായ സംഭാവന നൽകാനായില്ല. ആതിഥേയർക്കായി സുനിൽ നരെയിനും വരുൺ ചക്രവർത്തിയും വൈഭവ് അറോറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്ക് ക്വിന്റൺ ഡി കോക്കിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. 4 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരത്തെ ജോഷ് ഹേസൽവുഡ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സുനിൽ നരെയ്ൻ-ക്യാപ്റ്റൻ അജിൻക്യ രഹാനെ കൂട്ടുകെട്ട് ആതിഥേയരുടെ പ്രതീക്ഷക്കൊത്തുയർന്നു. ആദ്യ മൂന്ന് ഓവറുകളിൽ സ്‌കോർബോർഡിൽ ഒൻപത് റൺസ് മാത്രമായിരുന്ന കെകെആർ 6 ഓവർ സമാപിക്കുമ്പോൾ 60 റൺസിലെത്തി. ബെംഗളൂരു പേസർമാരെ തുടരെ അതിർത്തി കടത്തിയ ഇരുവരും അതിവേഗം സ്‌കോർ ചലിപ്പിച്ചു. എന്നാൽ 10 ഓവറിൽ സ്‌കോർ 107ൽ നിൽക്കെ നരെയ്‌നെ നഷ്ടമായി.
പിന്നാലെ അജിൻക്യ രഹാനെയെ ക്രുണാൽ പാണ്ഡ്യയും പുറത്താക്കി. വെങ്കടേഷ് അയ്യറും(6),റിങ്കു സിങും(12),ആന്ദ്രെ റസലും(4), രമൺദീപും വേഗത്തിൽ മടങ്ങിയതോടെ അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ചാമ്പ്യൻ ടീമിനായില്ല. ഒരുവശത്ത് അൻക്രിഷ് രഘുവംശി(30) തകർത്തടിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഡെത്ത് ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതോടെ കൊൽക്കത്തയെ 174ൽ വരിഞ്ഞുമുറുക്കാൻ ബെംഗളൂരു ബൗളർമാർക്കായി. മധ്യഓവറുകളിൽ നിർണായക മൂന്ന് കൊൽക്കത്ത വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരം. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നൽകി.
Adjust Story Font
16