ഉയിർത്തെഴുന്നേറ്റ് ഇന്ത്യ;അഫ്ഗാനെ 66 റൺസിന് തോൽപ്പിച്ചു
ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യൻ സ്‌കോർ 200 കടത്താൻ സഹായിച്ചത്
ടി-20 ലോകകപ്പിൽ ഉയിർത്തെഴുന്നേറ്റ് ഇന്ത്യ. അഫ്ഗാനെ 60 റൺസിന് തോൽപ്പിച്ചു വിജയവഴിയിൽ തിരിച്ചെത്തി. ഓപ്പണർമാർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും റൺമല പടുത്തപ്പോൾ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നതൊന്നും ഇന്ത്യയെ ബാധിച്ചില്ല. നിശ്ചിത 20 ഓവറിൽ ടൂർണമെൻറിലെ ഏറ്റവും വലിയ സ്‌കോർ ടീം നേടിയെടുത്തു. 210 റൺസ്. അതും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. എന്നാൽ ഇന്ത്യ ഉയർത്തിയ ലക്ഷം തേടിയുള്ള അഫ്ഗാന്റെ യാത്ര 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടപ്പെടുത്തി 144 ൽഒതുങ്ങി.
ടൂർണമെൻറിൽ ആദ്യമായാണ് ഒരു ടീമിന്റെ സ്‌കോർ 200 കടക്കുന്നത്. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യൻ സ്‌കോർ 200 കടത്താൻ സഹായിച്ചത്. ഇരുവരും അർധസെഞ്ച്വറി തികച്ചു. ആദ്യ വിക്കറ്റിൽ 141 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. ലോകകപ്പിലെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടെയാണിത്.
രോഹിത് ശർമ 47 പന്തിൽ നിന്ന് മൂന്ന് സിക്സും എട്ട് ഫോറുമടക്കം 74 റൺസെടുത്തു. കരീം ജനാതിനാണ് രോഹിതിന്റെ വിക്കറ്റ്. കെ.എൽ രാഹുൽ 48 പന്തുകളിൽ നിന്നായി രണ്ട് സിക്സും ആറ് ഫോറുമടക്കം 69 റൺസെടുത്തു. ഗുലാബ്ദീൻ നാഇബിനാണ് കെ.എൽ രാഹുലിന്റെ വിക്കറ്റ്. അവസാന ഓവറുകളിൽ റിഷബ് പന്തും ഹർദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്‌കോറിന് ദ്രുത വേഗം നൽകിയത്. ഹർദിക് പാണ്ഡ്യ രണ്ട് സിക്സുകളുടെ അകമ്പടിയിൽ 13 പന്തിൽ 35 റൺസെടുത്തപ്പോൾ റിഷബ് പന്ത് മൂന്ന് സിക്സറും ഒരു ഫോറുമടക്കം 27 റൺസെടുത്തു.
അഫ്ഗാനായി കരീം ജന്നത് 42 റൺസും മുഹമ്മദ് നബി 35 റൺസും നേടി ഉയർന്ന സ്‌കോറർമാരായി. സസായ് 13, ഗുറാബ്‌സ് 19, ഗുലാബ്ദീൻ നായ്ബ് 18, നജീബുല്ലാഹ് സർദാൻ 11, ഷറഫുദ്ദീൻ അഷ്‌റഫ് 2 എന്നിങ്ങനെ റൺസ് നേടി. മുഹമ്മദ് ഷഹ്‌സാദും റാഷിദ് ഖാനും പൂജ്യം റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 32 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും രവി ചന്ദ്രൻ അശ്വിൻ 14 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റും നേടി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീതവും കയ്യിലാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലൻറിനോടും ദയനീയ പരാജയമേറ്റു വാങ്ങിയ ഇന്ത്യക്ക് ട്വൻറി -20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിക്കാൻ ഇനി നേരിയ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്.
Adjust Story Font
16