30ാം വയസിൽ വിരമിച്ചു, പിന്നാലെ തിരിച്ചുവരവ്: കാരണം വെളിപ്പെടുത്തി രജപക്‌സെ
കുടുംബപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വിരമിക്കലെന്നാണ് രാജപക്‌സെ വ്യക്തമാക്കിയിരുന്നത്. എന്തായാലും അദ്ദേഹം വിരമിക്കല്‍ തീരുമാനം മാറ്റി കളത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
2021ലെ ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്കയുടെ ഇടംകൈയ്യൻ ബാറ്റർ ഭാനുക രജപക്‌സെ ഞെട്ടിക്കുന്നൊരു പ്രഖ്യാപനം നടത്തി, ഈ വർഷം ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു എന്ന്. കേട്ടവരെല്ലാം ഞെട്ടി. ഫോം ഇല്ലാതെ നില്‍ക്കുന്നൊരു ലങ്കന്‍ ടീമില്‍ നിന്ന് എന്തിനാണ് പെട്ടെന്ന് വിരമിക്കുന്നതെന്നായിരുന്നു ചോദ്യം.
കുടുംബപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വിരമിക്കലെന്നാണ് പഞ്ചാബ് കിങ്സിന്റെ താരമായ രാജപക്‌സെ വ്യക്തമാക്കിയിരുന്നത്. എന്തായാലും അദ്ദേഹം വിരമിക്കല്‍ തീരുമാനം മാറ്റി കളത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് രജപക്സെ. ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിർദേശ പ്രകാരമാണു വിരമിക്കൽ തീരുമാനം മാറ്റിയതെന്ന് രജപ്സ പറയുന്നു.
'രാജ്യത്തിനായി കൂടുതൽ മത്സരങ്ങൾ കളിക്കാനാകുന്നതിൽ അഭിമാനമുണ്ട്. ഞാൻ പഴയ ആൾതന്നെയാണ്. ഫിറ്റ്നെസ്സ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണു ദേശീയ ടീമിലെ സ്ഥാനം നഷ്ടമായത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടുന്ന ഫിറ്റ്നെസ് നിലവാരം പുലർത്തിയിരുന്നില്ല'- രജപക്സ പറഞ്ഞു. ശ്രീലങ്കൻ കായിക മന്ത്രി ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചതിനു ശേഷമാണു വിരമിക്കൽ തീരുമാനം പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിന് വേണ്ടി രജപക്സെ പുറത്തെടുക്കുന്നത്. കൊൽക്കത്തയെക്കെതിരായ ഐപിഎൽ മത്സരത്തിൽ വെറും 9 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 31 റൺസാണ് രജപക്സ അടിച്ചെടുത്തത്. മത്സരത്തില്‍ 5 വിക്കറ്റിന് കൊൽക്കത്ത വിജയിച്ചു. 15.2 ഓവറിൽ അവർ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 31 പന്തിൽ 70 റൺസ് നേടിയ റസലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി. എട്ട് സിക്‌സറും 2 ബൗണ്ടറികളും അടങ്ങിയതായിരുന്നു റസലിന്റെ ഇന്നിങ്‌സ്.
Adjust Story Font
16