Quantcast

തകർത്തടിച്ച് റിഷഭ് പന്ത്; ടി- 20 യാണോ എന്ന് ആരാധകർ, ടെസ്റ്റിൽ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി

ഇന്ത്യക്കായി ശ്രേയസ് അയ്യരും അര്‍ധസെഞ്ച്വറി നേടി

MediaOne Logo

Web Desk

  • Updated:

    2022-03-13 14:50:57.0

Published:

13 March 2022 2:36 PM GMT

തകർത്തടിച്ച് റിഷഭ് പന്ത്;  ടി- 20 യാണോ എന്ന് ആരാധകർ, ടെസ്റ്റിൽ   ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി
X

തകർത്തടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്‍റെ മികവിൽ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലീഡ് 400 കടത്തി. അവസാനമായി വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എന്ന നിലയിലാണ്. ടി-20 മോഡിൽ ബാറ്റ് വീശിയ പന്ത് രണ്ട് സിക്‌സറുകളുടേയും ഏഴ് ബൗണ്ടറികളുടേയും അകമ്പടിയിൽ വെറും 28 പന്തിൽ നിന്നാണ് അർധസെഞ്ച്വറി പൂർത്തിയാക്കത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്ത്യക്കാരന്‍റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടി ക്രീസിലുണ്ട്.

മുമ്പ് 30 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച കപില്‍ ദേവിന്‍റെ പേരിലായിരുന്നു വേഗതയേറിയ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്. 26 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച ഷാഹിദ് അഫ്രീദിയുടെ പേരിലാണ് ലോകക്രിക്കറ്റില്‍ ഈ റെക്കോര്‍ഡുള്ളത്.

ഹനുമ വിഹാരി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പന്ത് തുടക്കം മുതല്‍ തന്നെ അക്രമണോത്സുകമായാണ് ബാറ്റ് വീശിയത്. ശ്രീലങ്കന്‍ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പന്ത് തുടരെ ബൗണ്ടറികളുമായി കളം നിറഞ്ഞു. അര്‍ധ സെഞ്ച്വറി തികച്ച ശേഷം മൂന്ന് പന്തുകള്‍ നേരിട്ട താരം പ്രവീണ്‍ ജയവിക്രമക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ പേസ്ബൗളർ ജസ്പ്രീത് ബുംറയുടെ മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 109 റണ്‍സിന് കൂടാരം കയറ്റിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സെടുത്ത് പുറത്തായ വിരാട് കോഹ്‍ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹനുമ വിഹാരി 35 റണ്‍സെടുത്ത് പുറത്തായി. 64 റണ്‍സുമായി ശ്രേയസ് അയ്യറും 7 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യയുടെ ലീഡ് 408 റണ്‍സായി .

TAGS :

Next Story