'ചെറുതും വലുതുമായ എല്ലാത്തിനും നന്ദി'; സ്വിമ്മിംഗ് പൂളിൽ നടന്ന് ഋഷഭ് പന്ത്, വീഡിയോ
വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കും വിവിധ ചികിത്സയ്ക്കും ശേഷം താരം വിശ്രമത്തിലാണുള്ളത്
Rishab Panth In Swimming Pool
വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കവേ വിശേഷം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത്. സ്വിമ്മിംഗ് പൂളിലൂടെ നടക്കുന്ന വീഡിയോയാണ് താരം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. 'ചെറുതും വലുതുമായ എല്ലാത്തിനും അതിനിടയിലുള്ളതിനും നന്ദി'യെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചാമ്പ്യന് കൂടുതൽ ശക്തിയുണ്ടാകട്ടെയെന്ന കുറിപ്പോടെ വീഡിയോ ബി.സി.സി.ഐ പങ്കുവെച്ചു.
കാറപകടത്തിനുശേഷം പുറത്തിറങ്ങിനടക്കുന്ന ഫോട്ടോ മുമ്പ് താരം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ എന്ന അടിക്കുറിപ്പോടെയാണ് പന്ത് ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്കും വിവിധ ചികിത്സയ്ക്കും ശേഷം താരം വിശ്രമത്തിലാണുള്ളത്.
അപകടത്തിനുശേഷം പിന്തുണയും പ്രാർത്ഥനയുമായി ഒപ്പംനിന്നവർക്കെല്ലാം നേരത്തെ പന്ത് നന്ദി പറഞ്ഞിരുന്നു. ബി.സി.സി.ഐ, ബോർഡ് ജയ് ഷാ, സർക്കാർ വൃത്തങ്ങൾ എന്നിവരെ പ്രത്യേകം പേര് പറഞ്ഞ് നന്ദിയും രേഖപ്പെടുത്തി. 'എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്' -ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു താരം. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.
അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.
Indian Cricketer Rishab Panth Walking In Swimming Pool
Adjust Story Font
16