കിഷന്റെ അതിവേഗ അർധസെഞ്ച്വറിയും, ആ ബാറ്റും; ട്രെൻഡിങ് ചാർട്ടിൽ
ലഭിച്ച അവസരം മുതലെടുത്ത താരം പുറത്താകാതെ 52 റൺസാണ് നേടിയത്. 34 പന്തുകളിൽ നിന്ന് നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്.
ഡൊമിനിക്ക: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ അതിവേഗത്തിലുള്ള അർധ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളം നിറഞ്ഞിരുന്നു. ലഭിച്ച അവസരം മുതലെടുത്ത താരം പുറത്താകാതെ 52 റൺസാണ് നേടിയത്. 34 പന്തുകളിൽ നിന്ന് നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്.
എന്നാൽ കിഷൻ ഉപയോഗിച്ച ആ ബാറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരം. ആർപി17(RP17) എന്നാണ് ബാറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ബാറ്റാണിതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പന്തും ആർപി17 എന്ന് രേഖപ്പെടുത്തിയ ബാറ്റ് ഉപയോഗിച്ചിരുന്നു. എന്നാൽ പന്തിന്റെ ബാറ്റ് അല്ലെന്നും തന്റെ ബാറ്റിൽ ആർപി17 എന്ന് കിഷൻ രേഖപ്പെടുത്തിയതാകാമെന്നുമാണ് വേറെ ചിലർ വ്യക്തമാക്കുന്നത്.
ഏതായാലും ആരാധർ ഈ ബാറ്റും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതും ആഘോഷിക്കുകയാണ്. ഇഷാൻ കിഷൻ ട്വിറ്ററിൽ ട്രെൻഡിങാണ്. 17 എന്ന് പന്തിന്റെ ജേഴ്‌സി നമ്പറാണ്. ആർ എന്നത് താരത്തിന്റെ പേരിലെ ആദ്യ അക്ഷരവും. നാഷണൽ ക്രിക്കറ്റ്അക്കാദമിയിൽ കഴിയുന്ന പന്തിനെ കണ്ടകാര്യം കിഷൻ വ്യക്തമാക്കിയിരുന്നു. വെസ്റ്റ്ഇൻഡീസ് പരമ്പരക്ക് മുന്നോടിയായിരുന്നു പന്തിനെ കിഷൻ കണ്ടത്. ബാറ്റിങിൽ ചില ടിപ്‌സുകൾ പന്ത് കൈമാറിയ കാര്യം കിഷൻ വ്യക്തമാക്കി. അണ്ടർ 19 തലം മുതൽ ഇരുവരും സൗഹൃദത്തിലാണ്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ കളി ഇന്ത്യയുടെ കയ്യിലാണ്. ഒരു ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിൻഡീസിന് ജയിക്കാൻ 289 റൺസ് കൂടി വേണം. അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്ക് ജയിക്കാവുന്നതാണ്. ടാഗ്‌നരേയ്ൻ ചന്ദ്രപോൾ(24) ജെർമെയ്ൻ ബ്ലാക്ക്വുഡ്(20) എന്നിവരാണ് ക്രീസിൽ.
Ishan Kishan thanked Rishabh Pant for helping in bat positions before going to WI Tests ❤#IshanKishan #RishabhPant pic.twitter.com/SBag15yPhk
— Cricket Anari (@cricketanari) July 24, 2023
Adjust Story Font
16