'വിന്‍റേജ് ഉത്തപ്പ' റീലോഡഡ്; മുത്തശ്ശികഥയിലെ രാജകുമാരനല്ല, ഇത് കേരളത്തിന്‍റെ ആലയില്‍ ചുട്ടുപഴുത്ത റോബിന്‍
ടീമിൻറെ തുടക്കം തന്നെ പിഴച്ചപ്പോൾ ആരാധകർ കൂട്ടത്തകർച്ച പ്രതീക്ഷിച്ചു. പക്ഷേ മൂർച്ച ക്ഷയിക്കാത്ത പഴയൊരു ആയുധം ഇത്തവണ ചെന്നൈ ഇലവനിൽ ഉണ്ടായിരുന്നു...
ആറ് വര്‍ഷമായി അയാള്‍ ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ട്. ഒരു കാലത്ത് അവസാന ഓവറുകളില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയിരുന്ന, ടൈറ്റ് മാച്ചുകളില്‍ നഖം കടിച്ച് കളി കണ്ടിരുന്ന കാണികളെ ആവേശത്തിന്‍റെ കൊടുമുടി കയറ്റിയിരുന്ന, ക്രീസില്‍ നിന്ന് പിച്ചിന്‍റെ നടുവിലേക്ക് നടന്നുവന്ന് സിക്സറുകള്‍ പായിച്ചിരുന്ന ആ കര്‍ണാടകക്കാരന്‍... ആരും മറന്ന് കാണാനിടയില്ലാത്ത ആ കളിക്കാരന്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്, റോബിന്‍ ഉത്തപ്പ.
കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ ടീമിനെ ഇത്തവണ ആദ്യ ഫൈനലിസ്റ്റുകളാക്കിയതിന് പിന്നില്‍ കഴിഞ്ഞ മത്സരത്തിലെ ഉത്തപ്പയുടെ ഇന്നിങ്സിന് അത്രമേല്‍ പങ്കുണ്ട്. ഈ സീസണില്‍ ഇതിനുമുമ്പ് രണ്ട് മത്സരങ്ങളില്‍ മാത്രം അവസരം കിട്ടിയ ഉത്തപ്പയക്ക് ഇത്തവണ റെയ്നയുടെ പരിക്കാണ് അവസരം സൃഷ്ടിച്ചത്. റെയ്നക്ക് പരിക്കേറ്റതോടെ റോബിന്‍ ഉത്തപ്പ അവസാന ഇലവനില്‍ ഇടംപിടിക്കുകയായിരുന്നു. കിട്ടിയ അവസരം എന്തായാലും ഉത്തപ്പ മുതലാക്കി. ടീം ആഗ്രഹിച്ചതിനുമപ്പുറം ഉത്തപ്പയുടെ ബാറ്റ് ശബ്ദിച്ചു.
ഡൽഹിയുടെ 173 റൺസ് എന്ന ലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് ആദ്യത്തെ ഓവറില്‍ തന്നെ അടികിട്ടി. ടീമിനെ ഞെട്ടിച്ച് മികച്ച ഫോമിലുള്ള ഓപ്പണർ ഫാഫ് ഡൂപ്ലസ്സി പുറത്ത്. നോർട്ജെയുടെ തീ തുപ്പുന്ന പന്ത് ഡുപ്ലസിയുടെ ബെയില്‍സ് തെറിപ്പിച്ചു. ടീം സ്കോര്‍ മൂന്ന് റണ്‍സ് മാത്രം. നല്ലൊരു ടോട്ടല്‍ ചേസ് ചെയ്യുന്ന ടീമിന്‍റെ തുടക്കം തന്നെ പിഴച്ചപ്പോള്‍ ആരാധകര്‍ കൂട്ടത്തകര്‍ച്ച പ്രതീക്ഷിച്ചു. പക്ഷേ മൂര്‍ച്ച ക്ഷയിക്കാത്ത പഴയൊരു ആയുധം ഇത്തവണ ചെന്നൈ ഇലവനില്‍ ഉണ്ടായിരുന്നു...
പ്രതാപകാലത്തെ റോബിന്‍ ഉത്തപ്പ
മിന്നലിന്‍റെ വേഗതയുള്ള ബ്രെറ്റ് ലീയുടെ പന്തുകളെ പിച്ചിന്‍റെ പകുതി വരെ നടന്നുകയറി സിക്സ് അടിച്ചിരുന്ന, ടി-20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലെ ബോൾ ഔട്ടിൽ വിക്കറ്റ് എടുത്ത് തൊപ്പിയൂരി കാണികളെ അഭിവാദ്യം ചെയ്ത, ബാംഗ്ലൂരിനായി വെടിക്കെട്ടുകൾ നടത്തിയിരുന്ന, കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച് ഓറഞ്ച് ക്യാപ്പണിഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു... റോബിന്‍ ഉത്തപ്പ, അയാളെ ഇന്നലെ വീണ്ടും കണ്ടു. ചെന്നൈ ജഴ്സിയില്‍
തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ബാറ്റുവീശിയ ഉത്തപ്പ 35 പന്തുകളില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി. 44 പന്തില്‍ ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുമായി 63 റണ്‍സുമായാണ് വണ്‍ഡൌണ്‍ ഇറങ്ങിയ ഉത്തപ്പ തിരിച്ചുകയറിയത്. റോബിന്‍ ഉത്തപ്പയുടെയും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്‍റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്യാപ്റ്റൻ ധോണിയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈക്ക് ഫൈനല്‍ ടിക്കറ്റ് നൽകിയത്.
ഉത്തപ്പയുടെ തിരിച്ചുവരവിന് പിന്നില്‍ കേരളവും
ഉത്തപ്പയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് കേരളാ ക്രിക്കറ്റ് ടീം ആണെന്നത് മലയാളി ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കും. കഴിഞ്ഞ രഞ്ജി സീസണിൽ, ഉത്തപ്പ കേരളാ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നു. മുഹമ്മദ് അസറുദ്ദീനൊപ്പം വിജയഹ് ഹസാരെ ട്രോഫിയിൽ, കേരളത്തിനായി തകർപ്പൻ തുടക്കം നല്കിയതും ഉത്തപ്പയായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യമായാണ് ഉത്തപ്പ കേരളത്തിനായി പാഡണിഞ്ഞത്. സൌരാഷ്ട്ര താരമായിരുന്ന ഉത്തപ്പയെ കഴിഞ്ഞ വര്‍ഷമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീമിലെത്തിച്ചത്. അസോസിയേഷന്‍ താരത്തിലര്‍പ്പിച്ച വിശ്വാസത്തെ കളിക്കളത്തില്‍ സിക്സര്‍ പായിച്ചുകൊണ്ടാണ് ഉത്തപ്പ കാത്തത്. എലൈറ്റ് ഗ്രൂപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയുമടക്കം വെടിക്കെട്ടിന് തിരികൊളുത്തുന്നത് പോലെയായിരുന്നു ഉത്തപ്പയുടെ പ്രകടനം.
ക്രീസിൽ നിന്ന് പിച്ചിന്‍റെ നടുവിലേക്ക് നടന്നുവന്ന് പന്ത് ബൗണ്ടറിയിലേക്ക് പായിക്കുന്ന ഉത്തപ്പ
ഉത്തപ്പയുടെ വെടിക്കെട്ട് പ്രകടനം വീണ്ടും കാണുമ്പോള്‍ ആരാധകരുടെ ഓര്‍മകള്‍ പോകുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് പിറകിലേക്കായിരിക്കും. ഉത്തപ്പ ഇന്ത്യന്‍ ടീമില്‍ വരവറിയിച്ച കാലം. 2007ലെ ഇംഗ്ലണ്ടിനെതിരായ ആറാം ഏകദിനം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49 ഓവറില്‍ 286ന് ആറ് എന്ന നിലയില്‍ നില്‍ക്കുന്നു. അവസാന ഓവര്‍ ഇന്ത്യക്കായി എറിയാനെത്തിയത് ഓള്‍റൌണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ് എന്‍ഡില്‍ നില്‍ക്കുന്നത് ഇംഗ്ലണ്ട് സ്പിന്നര്‍ ദിമിത്രി മസ്കരനാസ്. ആദ്യത്തെ പന്തില്‍ റണ്‍സ് നേടാന്‍ മസ്കരനാസിനായില്ല. പിന്നീട് എറിഞ്ഞ അഞ്ച് പന്തുകളും നിലം തൊടാതെ നേരെ ബൌണ്ടറിയിലേക്ക്. ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരനില്‍ നിന്ന് അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ ഇന്ത്യന്‍ ടീം ഞെട്ടിത്തരിച്ചു. 49 ഓവറില്‍ 286ല്‍ നിന്ന ഇംഗ്ലണ്ട് ടീം കളിയവസാനിപ്പിച്ചത് 316 എന്ന സ്കോറില്‍. അവസാന ഓവറില്‍ യുവരാജിനെ നിലംതൊടാതെ പറപ്പിച്ച മസ്കരനാസ് അടിച്ച് കൂട്ടിയതാകട്ടെ അഞ്ച് സിക്സറും.
316 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കം ഓപ്പണര്‍മാരായ സച്ചിനും ഗാംഗുലിയും നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആവശ്യമായ റണ്‍റേറ്റ് കൂടി വരികയും, കറന്‍റ് റണ്‍റേറ്റ് കുറഞ്ഞ് വരികയും ചെയ്യുന്നു, ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുന്നു. പരാജയം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അവസ്ഥയില്‍ ഏഴാമനായി റോബിന്‍ ഉത്തപ്പ ക്രീസിലെത്തുന്നു. ആദ്യം ധോണിയെയും പിന്നീട് വാലറ്റത്തേയും കൂട്ടുപിടിച്ച് ഉത്തപ്പ നടത്തിയ പ്രകടനം കളിയാരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. ഇനി ആരാധകര്‍ മറന്നാലും, ഉത്തപ്പ തന്നെ മറന്നാലും ആ കളി യുവരാജ് മറക്കാനിടയില്ല.
അവസാന ഓവറില്‍ അഞ്ച് സിക്സര്‍ വഴങ്ങി, ടീം തോറ്റാല്‍ ഉത്തരവാദിത്തം മുഴുവന്‍ ഒറ്റക്ക് ചുമക്കേണ്ടി വരുമായിരുന്ന യുവരാജിന് ഉത്തപ്പ നല്‍കിയത് ജീവനും വായുവുമായിരുന്നു. തോല്‍വി ഉറപ്പിച്ച കളിയില്‍, കണ്ട് പരിചയിച്ച ശൈലികളെയും കോപ്പിബുക്ക് ഷോട്ടുകളെയുംഎല്ലാം അസ്ഥാനത്താക്കി ക്രീസിന്‍റെ പകുതിയോളം നടന്നിറങ്ങി വന്ന് ബൌണ്ടറി പായിക്കുന്ന റോബിന്‍ ഉത്തപ്പയെ ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
രണ്ട് പന്തും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെയാണ് ഉത്തപ്പ ടീമിനായ് വിജയ റണ്‍ നേടിയത്, അതും സ്റ്റുവര്‍ട്ട് ബ്രോഡിനെ ക്രീസ് വിട്ട് നടന്നിറങ്ങി ഓഫ് ഡ്രൈവിലൂടെ പായിച്ച ബൌണ്ടറിയിലൂടെ. പന്ത് ബൌണ്ടറി കടന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഓടിയെത്തി ഉത്തപ്പയെ കെട്ടിപ്പിടിച്ച് കൊണ്ട് തുള്ളിച്ചാടിയ യുവരാജ് സിങിന്‍റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ഉത്തപ്പയുടെ ഇന്നിങ്സ് എന്തായിരുന്നു എന്ന്.....!
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പല മത്സരങ്ങളില്‍ പുറത്തെടുത്തെങ്കിലും സ്ഥിരതയില്ലായ്മ പലപ്പോഴും ഉത്തപ്പക്ക് വിനയായി. 2015 വരെ ടീമില്‍ വന്നുപോയി നിന്ന ഉത്തപ്പക്ക് സിംബാവെ പര്യടനത്തോടെയാണ് ടീമിലെ സ്ഥാനം പൂര്‍ണമായും നഷ്ടമായത്. എങ്കിലും ഐ.പി.എല്ലില്‍ ഉത്തപ്പ സജീവമായിരുന്നു. 2012 മുതല്‍ 18 വരെ മികച്ച ഫോമിലായിരുന്നു ഉത്തപ്പയുടെ ബാറ്റിങ്. 130 സ്ട്രൈക് റേറ്റില്‍ 4600ഇലധികം റണ്‍സ് സ്കോര്‍ ചെയ്ത ഉത്തപ്പ ഒട്ടുമിക്ക ഐ.പി.എല്‍ ടീമുകളിലും കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് താരമായി വന്ന ഉത്തപ്പ പിന്നീട് ബാംഗ്ലൂരിലും പുണെ വാരിയേഴ്സിലും കളിച്ചു. തുടര്‍ന്ന് 2014 മുതല്‍ 19 വരെ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി പാഡണിഞ്ഞു. പിന്നീട് രാജസ്ഥാനിലെത്തിയ ഉത്തപ്പയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ കളത്തിലെത്തിച്ചു.ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ ചെന്ന് വിറപ്പിച്ച അന്നത്തെ 22കാരന് ഇന്ന് വയസ്സ് 35. ഇനിയും ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ഉത്തപ്പ പ്രതീക്ഷിക്കുന്നതും ഒരു മടങ്ങിവരവാണ്.
Adjust Story Font
16