Quantcast

രോഹിത് പുതിയ ലുക്കിൽ; വിൻഡീസിൽ ലക്ക് തേടിയെത്തുമോ?

വെസ്റ്റിൻഡീസിലെ പരമ്പരയ്ക്കായി ബാർബഡോസിലെത്തിയ ടീം ബീച്ച് വോളി കളിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

MediaOne Logo

Sports Desk

  • Updated:

    2023-07-11 05:22:25.0

Published:

4 July 2023 2:41 PM GMT

Rohit Sharma in new look; Will India get lucky in the West Indies series?
X

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ താടി പൂർണമായി വടിച്ച് പുതിയ ലുക്കിൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരെ ടീം കളിക്കാനിരിക്കെയാണ് നായകൻ പുതിയ ലുക്ക് സ്വീകരിച്ചിരിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസൺ തുടങ്ങിയിരിക്കുകയാണ്. 2023 ഐസിസി ലോകകപ്പ് നടക്കാനിരിക്കുകയുമാണ്. അതിനാൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസം നേടാനുള്ള ശ്രമത്തിലാണ് രോഹിതും സംഘവും. വെസ്റ്റിൻഡീസിലെ പരമ്പരയ്ക്കായി ബാർബഡോസിലെത്തിയ ടീം ബീച്ച് വോളി കളിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്ഥിരമായി താടി വെക്കാറുള്ള രോഹിത് ക്ലീൻ ഷേവ് ചെയ്താണ് ചിത്രത്തിലുള്ളത്.

വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മൂന്നു ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളും കളിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഒരാഴ്ചത്തെ പരിശീലന ക്യാമ്പിൽ താരങ്ങൾ പങ്കെടുക്കും. പരിശീലന മത്സരങ്ങളും കളിക്കും. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ്.

ലുക്ക് മാറ്റിയെങ്കിലും ലക്ക് വീണ്ടെടുക്കാൻ രോഹിതിനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രോഹിതിന്റെ കീഴിൽ ടീം കളിച്ച ടി20 ലോകകപ്പിലും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വിജയിക്കാനായിരുന്നില്ല. ഇനി സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പാണ് ബാക്കിയുള്ളത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്‌ത്രേലിയയോട് തോൽവിയേറ്റു വാങ്ങിയ ശേഷം ചേതേശ്വർ പൂജാര, ഉമേഷ് യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ ഇടംനഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ യശ്വസി ജയ്‌സ്വാൾ, റുതുരാജ് ഗെയ്ക്ക്‌വാദ്, മുകേഷ് കുമാർ എന്നീ യുവതാരങ്ങൾക്ക് തങ്ങളുടെ ആദ്യ ടെസ്റ്റ് അവസരം ലഭിച്ചിരിക്കുകയാണ്. അതിനിടെ, മികച്ച പ്രകടനം നടത്തിയ അജിങ്ക്യാ രഹാനെ ഉപനായകനായി വൻ തിരിച്ചുവരവ് നടത്തി.

എന്നാൽ 2023 ഏകദിന ലോകകപ്പിൽ യോഗ്യത നേടാനാകാത്ത വിഷമത്തിലാണ് വിൻഡീസ് ടീം. കുറച്ചു വർഷങ്ങളായി ടീമിലും നയത്തിലുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അവർ.

ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ(നായകൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്ക്‌വാദ്, വിരാട് കോഹ്‌ലി, യശ്വസി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (ഉപനായകൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, ഷർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട്, നവദീപ് സെയ്‌നി.

Rohit Sharma in new look; Will India get lucky in the West Indies series?

TAGS :

Next Story