ന്യൂസിലാൻഡിനെതിരായ പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചു: രോഹിത് ശർമ്മ നായകൻ, കോലി ഇല്ല, നാല് പുതുമുഖങ്ങള്‍
കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റടുത്തതിന് ശേഷവുമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 17ന് ജയ്പൂരിലാണ് ആരംഭിക്കുന്നത്
ന്യൂസിലാൻഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് നായകൻ. വിരാട് കോലിക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചു. നാല് പുതുമുഖങ്ങൾ ടീമിൽ ഇടം നേടി. ഋതുരാജ് ഗെയിക് വാദ്, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരാണ് ടീമിൽ ഇടം നേടിയ പുതുമുഖങ്ങൾ. ഐപിഎല്ലിലെ മികവാണ് ഇവർക്ക് തുണയായത്.
കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റടുത്തതിന് ശേഷവുമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 17ന് ജയ്പൂരിലാണ് ആരംഭിക്കുന്നത്. റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ. ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത രവിചന്ദ്ര അശ്വിനെ ടീമിൽ നിലനിർത്തിയപ്പോൾ യൂസ് വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ എന്നിവർ തിരിച്ചെത്തി. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും ടീമിൽ ഇടം നേടി. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം നേടാനായില്ല.
ടീം ഇങ്ങനെ: രോഹിത് ശർമ്മ(നായകൻ) ലോകേഷ് രാഹുൽ(ഉപനായകൻ) ഋതുരാജ് ഗെയിക് വാദ്, ശ്രേയസ് അയ്യർ, ,സൂര്യകുമാർ യാദവ്, റിഷബ് പന്ത്, ഇഷൻ കിഷൻ, വെങ്കടേഷ് അയ്യർ, യൂസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്
അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മനസിൽ കണ്ടാണ് ബി.സി.സി.ഐ ടീം പണിയുന്നത്. അതേസമയം ടി20യില്‍ അടുത്ത ഉപനായകനാവാൻ ഏറ്റവും യോജിച്ചയാൾ പേസർ ജസ്പ്രീത് ബുംറയാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതിനാലാണ് സെവാഗ് ബുംറയെ പിന്തുണച്ചത്.
Adjust Story Font
16