Quantcast

സച്ചിൻ-വോൺ പോര്; ഓർമകളുടെ ക്രീസിൽ ആ കളിക്കാലം

29 തവണയാണ് മൈതാനത്ത് ക്രിക്കറ്റ് ദൈവവും ലോകക്രിക്കറ്റിലെ സ്പിൻ ഇതിഹാസവും നേർക്കുനേർ വന്നത്

MediaOne Logo

Sports Desk

  • Updated:

    2022-03-05 03:56:55.0

Published:

5 March 2022 3:46 AM GMT

സച്ചിൻ-വോൺ പോര്; ഓർമകളുടെ ക്രീസിൽ ആ കളിക്കാലം
X

ലോകക്രിക്കറ്റിലെ ഏറ്റവും വലിയൊരു പോരിന്റെ കഥയാണിത്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തിന് ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാനാകുമായിരുന്ന പോരിന്റെ കഥ. ആ പോര് രണ്ട് രാജ്യങ്ങൾക്കിടയിലായിരുന്നില്ല. രണ്ട് താരങ്ങൾക്കിടയിലായിരുന്നു. ക്രിക്കറ്റ് ലോകത്തെ രണ്ടിതിഹാസങ്ങളുടെ പോരെന്നാണ് ലോകം ആ പോരിനെ പേരിട്ടുവിളിച്ചത്. ഇന്ത്യ- ആസ്‌ത്രേലിയ പോരാട്ടങ്ങൾ നടക്കുമ്പോഴെല്ലാം കളിയുടെ ജയപരാജയങ്ങളെക്കാളേറെ സച്ചിൻ - ഷെയിൻ വോൺ പോരാട്ടങ്ങളേക്കുറിച്ചായിരുന്നു ആരാധകർക്ക് ഏറെ പറയാനുണ്ടായിരുന്നത്.

ക്രിക്കറ്റ് ദൈവത്തിന് മുന്നിൽ കറങ്ങിത്തിരിഞ്ഞ വോൺ ഗൂഗ്ലികൾ

1998 മാർച്ച് ആറ്. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ ബോര്‍ഡര്‍ ഗവാസ്കര്‍ സീരീസിലെ ആദ്യ പോരാട്ടം നടക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ രണ്ടു മാന്ത്രികരുടെ പോരെന്ന പേരിൽ ആ പോരാട്ടം കളിക്കു മുമ്പേ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. സച്ചിൻ ക്രീസിലേക്ക് നടന്നു വന്നു. ആരാധകരുടെ പ്രതീക്ഷകളെ തെറ്റിക്കാതെ ഷെയിൻ വോൺ പന്തെറിയാനുമെത്തി.

സച്ചിന്റെ മുഖത്ത് സമ്മർദത്തിന്റെ നിഴൽ പോലുമുണ്ടായിരുന്നില്ല. വോണെറിഞ്ഞ ആദ്യ പന്ത് തന്നെ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി സച്ചിൻ തന്റെ നിലപാട് പ്രഖ്യാപിച്ചു. ഗ്യാലറി ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒന്നാം പന്തിനെ അതിർത്തി കടത്തിയ ആവേശത്തിൽ വോണിന്റെ ആഞ്ചാം പന്തിനേയും സ്‌ട്രൈറ്റ് ഡ്രൈവിലൂടെ അതിർത്തി കടത്താൻ ശ്രമിച്ച സച്ചിന്റെ കണക്കു കൂട്ടലുകൾ തെറ്റി. ഷെയിൻ വോൺ എന്ന സ്പിന്‍ മാന്ത്രികന്റെ കൂർമബുദ്ധിക്ക് മുന്നിൽ ക്രിക്കറ്റ് ദൈവം കറങ്ങിവീഴുകയായിരുന്നു. ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് ലെഗിൽ കാത്തു നിന്ന ആസ്‌ത്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടൈലറുടെ കയ്യിലേക്ക്. ടൈലർക്ക് പിഴച്ചില്ല. ഗ്യാലറി പെട്ടെന്ന് നിശബ്ദമായി. തലതാഴ്ത്തിപ്പിടിച്ച് സച്ചിൻ അന്ന് മൈതാനം വിടുമ്പോൾ വോൺ ആഘോഷത്തിമിർപ്പിലായിരുന്നു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ ഇന്നിംഗ്‌സ് 257 റൺസിലവസാനിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ സച്ചിൻ എന്തൊക്കെയോ കരുതിയുറപ്പിച്ചാണ് ക്രീസിലെത്തിയത്. മൈതാനത്ത് പിന്നീട് കണ്ടത് ഒരു സംഹാര താണ്ഡവമായിരുന്നു. ടെസ്റ്റ് മോഡിൽ നിന്ന് പെട്ടെന്നാണ് സച്ചിൻ കളിയുടെ ഗിയർ മാറ്റിയത്. 191 പന്തിൽ നിന്ന് 14 ബൗണ്ടറിയും നാല് സിക്‌സറുമടക്കം സച്ചിൻ അന്ന് അടിച്ചു കൂട്ടിയത് 155 റൺസ്. 81.15 ആയിരുന്നു ആ ഇന്നിംഗ്‌സിൽ സച്ചിന്റെ സ്‌ട്രൈക്ക് റൈറ്റ്. വലം കയ്യൻ ബാറ്റർമാർക്ക് മുന്നിൽ ലെഗ് സൈഡിൽ പന്തു പിച്ച് ചെയ്യിച്ച് കറക്കി വീഴ്ത്തുന്ന ഷെയിൻ വോൺ എന്ന കുശാഗ്രബുദ്ധിക്കാരനായ ബൗളറുടെ തന്ത്രങ്ങളെ അതിർത്തിയിലേക്ക് സച്ചിൻ തുടരെ അടിച്ചു പായിച്ചു. ആ മത്സരം ഇന്ത്യ 179 റൺസിന് ജയിക്കുകയും ചെയ്തു. അന്ന് ബൗണ്ടറിയിലേക്ക് പായുന്ന പന്തുകളെ നോക്കി മുഖത്ത് കൈവച്ച് നിൽക്കുന്ന വോണിന്റെ മുഖം ഇന്ത്യൻ ആരാധകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

ഇരുവരും നേര്‍ക്കുനേര്‍ വന്നത് 29 തവണ

29 തവണയാണ് മൈതാനത്ത് ക്രിക്കറ്റ് ദൈവവും ലോകക്രിക്കറ്റിലെ സ്പിൻ ഇതിഹാസവും നേർക്കുനേർ വന്നത്. ഇതിൽ നാല് തവണ മാത്രമാണ് വോണിന്റെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ സച്ചിൻ വീണത്. 1998ൽ ചെന്നൈയിൽ. അതേ വർഷം തന്നെ കാൺപൂരിൽ. 1999ൽ അഡ്‌ലൈഡിലും മെൽബണിലും. എന്നാൽ 21ാം നൂറ്റാണ്ടിൽ ഒരിക്കൽ പോലും സച്ചിൻ വോണിന് മുന്നിൽ വീണിട്ടില്ല എന്ന് മാത്രമല്ല സച്ചിന്റെ ബാറ്റിന്റെ ചൂട് വോൺ ആവോളമറിഞ്ഞിട്ടുമുണ്ട്.

മൈതാനത്തിനകത്ത് ചിരവൈരികളായിരുന്നെങ്കിലും മൈതാനത്തിന് പുറത്ത് സച്ചിനും വോണും ആത്മസുഹൃത്തുക്കളായിരുന്നു. വോണിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്തയറിഞ്ഞ് സച്ചിന്‍ കുറിച്ചത് ഇങ്ങനെയാണ്...

"ഞെട്ടലോടെയാണ് ഞാനീ വാർത്ത കേട്ടത്. വേദനാജനകം. വോൺ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. താങ്കളുമായി ഒരു മോശം അനുഭവം പോലും എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല. ഇന്ത്യക്കാർക്കിടയിൽ താങ്കൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്"

TAGS :

Next Story