അന്ന് ആ പരസ്യം ചെയ്തിരുന്നെങ്കില്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലായിരുന്നു: സച്ചിന്‍
1998ലെ സംഭവമാണ് സച്ചിന്‍ വെളിപ്പെടുത്തിയത്
ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയിട്ടുണ്ടെന്നും അതിന്‍റെ കാരണമെന്തെന്നും വെളിപ്പെടുത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആ പരസ്യത്തില്‍ അഭിനയിക്കുന്നത് ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. പരസ്യത്തില്‍ അഭിനയിച്ചിരുന്നെങ്കില്‍ തന്‍റെ വീട്ടുകാരെയോ കോച്ചിനെയോ അഭിമുഖീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും സച്ചിന്‍ വിശദീകരിച്ചു.
1998ലെ സംഭവമാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. കീടങ്ങളെ കൊല്ലുന്ന ബാറ്റ് നിര്‍മിക്കുന്ന ഒരു കമ്പനി പരസ്യത്തിനായി തന്നെ സമീപിച്ചു. കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ബോള്‍ അടിച്ചുപറത്തണമെന്നാണ് സ്ക്രിപ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ അത് ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞശേഷം സ്‌ക്രിപ്റ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആ പരസ്യം ചെയ്താല്‍ താന്‍ ആദരിക്കുന്ന ക്രിക്കറ്റിനോട് ചെയ്യുന്ന അനാദരവാകും അതെന്ന് പരസ്യക്കാരെ ബോധ്യപ്പെടുത്തിയെന്ന് സച്ചിന്‍ പറഞ്ഞു.
"അന്ന് ആ പരസ്യം ചെയ്തിരുന്നെങ്കില്‍ എനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാനോ കോച്ചിനെ അഭിമുഖീകരിക്കാനോ സാധിക്കുമായിരുന്നില്ല. അവര്‍ ശരിയായ മൂല്യങ്ങള്‍ എന്നില്‍ വളര്‍ത്തിയെടുത്തവരാണ്. ഞാന്‍ ആ മൂല്യങ്ങള്‍ക്കൊപ്പമാണ്. ഒടുവില്‍ അന്ന് ആ സ്‌ക്രിപ്റ്റ് മാറ്റി"- സച്ചിന്‍ പറഞ്ഞു. ഗൗരവ് കപൂറിനൊപ്പം നടത്തിയ ചാറ്റ് ഷോയിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.
തന്‍റെ കരിയറിലുടനീളം വിവാദങ്ങളില്‍ പെടാതിരിക്കാന്‍ സച്ചിന്‍ ശ്രദ്ധിച്ചിരുന്നു. 24 വർഷം നീണ്ട കരിയറിൽ 200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടി. 2013ലാണ് അദ്ദേഹം വിരമിച്ചതെങ്കിലും അനൗദ്യോഗിക മത്സരങ്ങളിൽ പങ്കെടുക്കുന്നു. ഈ വര്‍ഷം ഒക്ടോബറിൽ റോഡ് സേഫ്റ്റി വേൾഡ് സീരീസിലാണ് സച്ചിന്‍ അവസാനമായി ക്രിക്കറ്റ് കളിച്ചത്.
Summary- Indian cricket legend Sachin Tendulkar revealed that he had rejected an advertisement as it was disrespectful to the sport for which he was approached right after his desert storm knock against Australia in Sharjah back in 1998.
Adjust Story Font
16