സഞ്ജു കളിക്കാൻ ഇനിയും വൈകും,സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മാച്ചിലുമില്ല; കാരണമിതാണ്
ബാർബഡോസിൽ നിന്ന് ഇന്ത്യൻ ടീം തിരിച്ചെത്താൻ വൈകുന്നതാണ് കാരണമായി ബി.സി.സി.ഐ പറയുന്നത്.
ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കി. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. എന്നാൽ ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വെസ്റ്റിൻഡീസിൽ നിന്ന് ടീം എത്താൻ വൈകുന്നതിനാൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തുന്നതായി ബി.സി.സി.ഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം ഇടംപടിച്ചിരുന്നു.
Sai Sudharsan, Jitesh Sharma and Harshit Rana have been added to India's squad for the Zimbabwe tour. pic.twitter.com/xAIUoJbnBQ
— Mufaddal Vohra (@mufaddal_vohra) July 2, 2024
നേരത്തെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡിൽ മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ വരുത്തിയത്.സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നീ താരങ്ങളും രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല. ഈ താരങ്ങൾക്ക് പകരമായി സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ എന്നിവരെ ബിസിസിഐ ഉൾപ്പെടുത്തി. സഞ്ജുവിന് പകരം ജിതേഷ് വിക്കറ്റ് കീപ്പറുടെ റോളിൽ ഇറങ്ങും. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യൻ ടീമിന്റെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീം ഇതിനകം യാത്രതിരിച്ചുകഴിഞ്ഞു. ഇതോടെയാണ് മറ്റു താരങ്ങളെ അയക്കാൻ ബി.സി.സി.ഐ നിർബന്ധിതമായത്. അവസാന മൂന്ന് മത്സരങ്ങളിൽ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെ വി.വി.എസ് ലക്ഷ്മണിനാണ് ടീമിന്റെ പരിശീലക ചുമതല നൽകിയത്. പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങുന്ന ടീമിനെ നയിക്കുന്നത് ശുഭ്മാൻ ഗില്ലാണ്. നേരത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തെ തുടർന്നാണ് മലയാളി താരം ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ഒരു മത്സരത്തിൽപോലും കളത്തിലിറങ്ങാനായില്ല. ഋഷഭ് പന്തടക്കമുള്ള താരങ്ങൾക്ക് വിശ്രമമനുവദിച്ചതിനാൽ സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു ഇടംപിടിച്ചിരുന്നു.
Adjust Story Font
16