''48 മത്സരങ്ങളിൽ പരാജയപ്പെട്ട പന്ത് ഇപ്പോഴും ടീമിൽ.. സഞ്ജു വിരമിക്കലാണ് നല്ലത്''; ടി20 ടീം പ്രഖ്യാപനത്തിന് ശേഷം പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒന്നാം മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്
ഇംഗ്ലണ്ടിനെതിരായ ടി20 ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ നിന്ന് തഴഞ്ഞതിനെതിരെയാണ് ആരാധകരുടെ വിമർശനം. അയർലന്‍റിനെതിരായ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു അർധ സെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്ച്ച വച്ചിരുന്നു.
എന്നാൽ ഇതൊന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും സഞ്ജുവിനെ ടീമില്‍ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് കാരണമായില്ല. വിരാട് കോഹ്‍ലി അടക്കമുള്ള സീനിയർ താരങ്ങൾ മടങ്ങിയെത്തുന്നതിനാലാണ് സഞ്ജുവിന് അവസരം നഷ്ടമായത്. ബി.സി.സി.ഐ സഞ്ജുവിനോട് കാണിക്കുന്നത് ക്രൂരതയാണെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. ജസ്റ്റിസ് ഫോർ സഞ്ജു എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ഇതിനോടകം ട്രെന്‍റിങ്ങായി കഴിഞ്ഞു.
സഞ്ജുവിനെ കൂടാതെ ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, വെങ്കടേഷ് അയ്യർ, അർഷ്ദീപ് സിങ് എന്നിവരാണ് ആദ്യ ടി 20 മത്സരത്തിനുള്ള ടീമിൽ മാത്രമുള്ളത്.
ട്വിറ്ററിലെ ചില പ്രതികരണങ്ങൾ ഇങ്ങനെ
സഞ്ജുവിന് ഒരുപാട് ആരാധകരുണ്ടായതിൽ അത്ഭുതങ്ങളൊന്നുമില്ല. ബി.സി.സി.ഐ അവരുടെ അനീതി കൊണ്ട് രാജ്യത്തെ മുഴുവൻ ക്രിക്കറ്റ് പ്രേമികളേയും സഞ്ജുവിന്റെ ആരാധകരാക്കി. തിരിച്ചു വരവിൽ കിട്ടിയ ഒറ്റ അവസരത്തിൽ അവൻ നേടിയത് 77 റൺസാണ്. 48 മത്സരങ്ങളിൽ തുടരേ പരാജയപ്പെട്ട പന്തിന് ഇപ്പോഴും അവസരം ലഭിക്കുന്നതാണ് വിരോധാഭാസം..
സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കലാണ് ഇതിലും ബേധം. എന്നിട്ട് ഇംഗ്ലണ്ടിനോ ഓസ്‌ട്രേലിയക്കോ വേണ്ടി കളിക്കൂ..
ബി.സി.സി.ഐ എന്താണീ കാണിക്കുന്നത്.. സഞ്ജു ഫോമിൽ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് ബി.സി.സി.ഐ ക്ക് ഒരു വിഷയമേ അല്ല. സഞ്ജുവിലെ പ്രതിഭയെ നശിപ്പിക്കുകയാണ് ഇവർ.
Adjust Story Font
16