Quantcast

പന്തിനെ സാക്ഷിയാക്കിയൊരു സഞ്ജു ഷോ

MediaOne Logo
pant sanju
X

ഗ്യാലറിയിലെ വി.ഐ.പി റൂമിന്റെ ശീതളമിയിലിരുന്ന ശതകോടീശ്വരൻ പാർത് ജിൻഡാൽ എല്ലാം മറന്ന് ഒരു ആരാധകനെപ്പോലെ അലറി വിളിച്ചതിൽ എല്ലാമുണ്ട്. ​േപ്ല ഓഫ് പ്രതീക്ഷകളുടെ നൂൽപ്പാലത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്ന അയാളുടെ ടീമായ ഡൽഹി ക്യാപിറ്റൽസിന് മുന്നോട്ടുപോകാന്‍ വിജയം അനിവാര്യമായിരുന്നു. പക്ഷേ അതിന് മുന്നിലൊരാൾ ​ഹെർക്കുലീസിനെപ്പോൽ വട്ടമിട്ടുനിൽക്കുന്നു. സഞ്ജു സാംസൺ. തോറ്റുപോയെങ്കിലും അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിന്നും അയാൾ മടങ്ങിയത് ഐ.പി.എല്ലിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായാണ്.

പൊതുവേ സീസണിൽ ഏറ്റവും നന്നായി പന്തെറിയുന്ന രാജസ്ഥാൻ ബൗളർമാരെ തരിപ്പണമാക്കി ഡൽഹി കുറിച്ചത് 221 റൺസെന്ന ഹിമാലൻ ലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സ്കോർ നാലിലെത്തുമ്പോൾ യശസ്വി ജയ്സ്വാൾ മടങ്ങുന്നു. ക്യാപ്റ്റൻ സഞ്ജു ക്രീസിലേക്ക്. കെ.എൽ രാഹുലും ശുഭ് മാൻ ഗില്ലും പുറത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിൽ ഐ.പി.എൽ​ ഫോമിന്റെ പേരിൽ സ്ഞ്ജു ഇടം പിടിച്ചത് രസിക്കാത്തവർ ഇനിയുമുണ്ട്. ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പുറത്തായത് പൂജ്യത്തിന്. സ്റ്റംപിന് പിന്നിൽ എതിർടീമിന്റെ വിക്കറ്റ് കാക്കുന്നത് എക്കാലത്തും തന്റെ അദൃശ്യ എതിരാളായിരുന്ന ഋഷഭ് പന്താണ്. ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി ഇടം പിടിച്ച രണ്ടുപേരും നേർക്കുനേർ വരുന്ന മത്സരത്തിന് ​ഒരുപാട് വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

തീർച്ചയായും സമ്മർദ്ദമുണ്ടാകുന്ന മത്സരത്തെ അയാളൊരു അവസരമാക്കി. അപ്പുറത്തുള്ള ജോസ് ബട്‍ലറെയും റ്യാൻ പരാഗിനെയും സാക്ഷിയാക്കി അയാൾ രാജസ്ഥാനെ എടുത്തുയർത്തി. ഖലീൽ അഹ്മദ്, ഇശാന്ത് ശർമ, മുകേഷ് കുമാർ, റാസിഖ് എന്നീ നാലുപേസർമാരും അയാളുടെ പ്രഹരശേഷി ശരിക്കുമറിഞ്ഞു. ഹിറ്റിങ് സ്ളോട്ടിൽ വീണുകിട്ടിയ ഒരു പന്തിനെയും അയാൾ വെറുതെവിട്ടില്ല. തലോടിവിട്ടാൽ റൺസധികം എത്തുകയില്ലെന്ന് കണ്ട് പവർ ജനറേറ്റുചെയ്ത ഷോട്ടുകളാണ് അയാൾ തൊടുത്തത്. എട്ടുബൗണ്ടറികളും ആറുസിക്സറുകളുമാണ് ആ ബാറ്റിന്റെ ചുടുചുംബനങ്ങളേറ്റ് പുളഞ്ഞുപോയത്. ഖലീൽ അഹ്മദിന്റെ ഒരു പെർ​ഫെക്ട് യോർക്കർപോലും ബൗണ്ടറികടന്നുപോയത് സഞ്ജുവിന്റെ ക്ലാസ് വ്യക്തമാക്കുന്നു.

ഒടുവിൽ വിജയത്തിലേക്ക് തേരുതെളിക്കുകയാണെന്ന് തോന്നിപ്പിക്കവേ കർണനെപ്പോൽ 86 റൺസുമായി അയാൾ വീണു. ബൗണ്ടറി ലൈനിനെ മുട്ടിയിരുമ്മി അയാളുടെ ക്യാച്ചെടുത്തയാളു​ടെ പേര് ‘ഹോപ്’ എന്നായത് യാദൃശ്ചികമായിരിക്കാം. ഗാലറിക്കൊപ്പം വിധികർത്താക്കളും തനിക്കെതിരെയാണെന്ന് തിരിച്ചറിഞ്ഞ അയാൾ പ്രതിഷേധ മുദ്രകളുയർത്തിയാണ് തിരിച്ചുനടന്നത്. ആ പ്രതിഷേധത്തിൽ അയാളൊറ്റക്കായിരുന്നില്ല. ആ പുറത്താകലിൽ അനീതിയുണ്ടെന്ന തിരിച്ചറിവിൽ ഒരുപാട്പേർ അയാൾക്കൊപ്പം അണിനിരക്കുന്നു.

കേവലം മലയാളികളുടെ വികാരത്തിനും പിന്തുണക്കുമപ്പുറം രാജ്യമൊന്നാകെ അറിയപ്പെടുന്ന ഐക്കണായി അയാൾ ഇതിനോടകം വളർന്നിട്ടുണ്ട്. സഞ്ജുവിന് എന്നെന്നും ഓർമിക്കാനുള്ള ഒരു സീസണാണിതെന്നും ഉയർന്ന നിലവാരത്തിലുള്ള കൺസിസ്റ്റൻസിക്ക് കൈയ്യടിക്കുന്നു​വെന്നുമാണ് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തത്. സഞ്ജുവിന്റെ കണ്ണുകളിൽ എരിയുന്ന വിജയദാഹം ടീമിനാകെയും ​പ്രചോദനം നൽകുന്നുവെന്നാണ് രാജസ്ഥാൻ റോയൽസ് കുറിച്ചത്. 2021ൽ ഐ.പി.എല്ലിലെ ഗ്ലാമർ പോസ്റ്റുകളിലൊന്നായ രാജസ്ഥാൻ​ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിനെ ഏൽപ്പിക്കുമ്പോൾ നെറ്റിചുളിച്ചവർ ഏറെയുണ്ടായിരുന്നു. അന്ന് സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് സഞ്ജു ക്യാപ്റ്റനായതെങ്കിൽ ഇന്ന് ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിലെത്തിച്ച ജോസ് ബട്‍ലറും വരാനിരിക്കുന്ന ലോകകപ്പിൽ വിൻഡീസിനെ നയിക്കുന്ന റോവ്മാൻ പവലും അയാളുടെ ക്യാപ്റ്റൻസിയിൽ കളിക്കുന്നു. പക്ഷേ ഒരിക്കൽ പോലും അയാളുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത വിധം ഫീൽഡിലും ക്രീസിലും വിക്കറ്റിന് പിന്നിലും ഒരുപോലെ അയാൾ തിളങ്ങുന്നു.

TAGS :

Next Story