4,4,4,6; സഞ്ജുവിന്റെ 'ആക്രമണത്തിൽ' തരിപ്പണമായി ലിറ്റിൽ, ഏറ്റെടുത്ത് ആരാധകർ
നാലാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. 34ന് രണ്ട് എന്ന നിലയിൽ ഇന്ത്യ ഒന്ന് ഇടറിയ നിമിഷം
ഡബ്ലിൻ: എന്തെങ്കിലും ചെയ്‌തെങ്കിലെ സഞ്ജു സാംസണ് പിടിച്ചുനിൽക്കാനാവുമായിരുന്നുള്ളൂ. ഈയൊരു കാര്യം മനസിൽവെച്ചിട്ടാവണം അയർലാൻഡിനെതിരായ രണ്ടാം ടി20യിൽ സഞ്ജു ബാറ്റിങിന് എത്തിയത്. ആദ്യ മത്സരം മഴയെടുത്തതിന്റെ നിർഭാഗ്യം മുന്നിലുണ്ട്. ഒപ്പം വിൻഡീസിനെതിരായ പരമ്പരയിലെ ആശങ്കപ്പെടുത്തുന്ന കണക്കുകളും.
നാലാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. 34ന് രണ്ട് എന്ന നിലയിൽ ഇന്ത്യ ഒന്ന് ഇടറിയ നിമിഷം. വന്നപാടെ അടിച്ചുകളിക്കാതെ സഞ്ജു ഒന്ന് ശാന്തനായി. സാഹചര്യം മനസിലാക്കിയ ശേഷം താരം തന്റെ പഴയ ഫോമിലേക്ക്. പത്താം ഓവർ എറിഞ്ഞ ജോഷ്വ ലിറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ് ചൂട് ആവോളം അറിഞ്ഞത്. മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം ആ ഓവറിൽ സഞ്ജു നേടിയത് 18 റൺസ്. ആറ് പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ടോപ് ക്ലാസ് പ്രകടനം.
ഒമ്പതാം ഓവർ തീരുമ്പോൾ സഞ്ജു 16 പന്തിൽ നിന്ന് 20 റൺസായിരുന്നു നേടിയത്. എന്നാൽ ജോഷ്വോയെ കശക്കിയെറിഞ്ഞതിന് ശേഷം സഞ്ജുവിന്റെ വ്യക്തിഗത സ്‌കോർ 22 പന്തിൽ 38ഉം!
പിന്നീട് രണ്ട് റൺസ് കൂടിയെ താരത്തിന് കൂട്ടിച്ചേർക്കാനായുള്ളൂ. സ്പിൻ ബൗളർ ബെഞ്ചമിന്റെ പന്തിൽ ബാറ്റിൽ കൊണ്ട് സഞ്ജുവിന്റെ സ്റ്റമ്പ് ഇളകി. ഏഷ്യാകപ്പും ലോകകപ്പും മുന്നിൽ നിൽക്കെ സഞ്ജുവിന് എന്തെങ്കിലും അവസരത്തിന് സാധ്യതയുണ്ടെങ്കിൽ അയർലാൻഡിനെതിരായ പരമ്പരയായിരുന്നു ബാക്കിയുണ്ടായിരുന്നത്. ആദ്യ മത്സരത്തിലും ബാറ്റിങിന് അവസരം ലഭിച്ചെങ്കിലും ഒരു റൺസെ നേടാനായുള്ളൂ. അപ്പോഴേക്കും മഴ എത്തി. പിന്നാലെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. അതിന് മുന്നോടിയായി ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഒരൊറ്റ പ്രകടത്തിന്റെ പേരില്‍ സഞ്ജു ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല. വിൻഡീസിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെതിരെ വിമർശനങ്ങളുടെ ഒഴുക്കായിരുന്നു. അവസരം ലഭിച്ചിട്ടും മുതലെടുക്കാനാവാതെ പോകുന്നുവെങ്കിൽ പിന്നെ സെലക്ടർമാരെ കുറ്റം പറയരുതെന്നുമൊക്കെയാണ് ട്വിറ്ററിൽ നിറഞ്ഞിരുന്നത്.
Watch Video
Adjust Story Font
16