സഞ്ജുവിന് ഇന്ന് 150ാം ഐ.പി.എൽ മത്സരം; മറ്റൊരു നേട്ടവും തൊട്ടരികെ...
രാജസ്ഥാനായി 3000 റൺസ് നേടിയ ഏകതാരമെന്ന നേട്ടവും വെടിക്കെട്ട് താരത്തിന്റെ പേരിലാണ്
കൊൽക്കത്ത: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ഇന്ന് 150ാം ഐ.പി.എൽ മത്സരം. ഈ നേട്ടം കൈവരിക്കുന്ന 25ാമത് താരമാണ് മലയാളി ക്രിക്കറ്റർ. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തോടെയാണ് സഞ്ജു ഐ.പി.എല്ലിൽ സുപ്രധാന നാഴികക്കല്ല് മറികടക്കുന്നത്. മത്സരങ്ങളിൽ 122 എണ്ണവും രാജസ്ഥാൻ റോയൽസിനായാണ് സഞ്ജു കളിച്ചിട്ടുള്ളത്. രാജസ്ഥാനായി നൂറിലേറെ മത്സരം കളിച്ച രണ്ട് താരങ്ങളിലൊരാളാണ് ഇപ്പോഴത്തെ ക്യാപ്റ്റനായ സഞ്ജു. മറ്റൊരാൾ അജിങ്ക്യ രഹാനെയാണ്.
ഇന്ന് കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിൽ മറ്റൊരു നേട്ടം കൂടി സഞ്ജുവിന് കൈവരിക്കാനാകും. ടൂർണമെൻറിൽ 4000 റൺസെന്ന നാഴികക്കല്ലാണ് മറികടക്കാനാകുക. ഇപ്പോൾ 3834 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 137.07 പ്രഹര ശേഷിയോടെ, 29.26 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗിൽ സഞ്ജുവിന് മൂന്നു സെഞ്ച്വറികളും 20 അർധസെഞ്ച്വറികളുമുണ്ട്.
രാജസ്ഥാനായി 3000 റൺസ് നേടിയ ഏകതാരമെന്ന നേട്ടവും വെടിക്കെട്ട് താരത്തിന്റെ പേരിലാണ്. 117 മത്സരങ്ങളിൽ നിന്ന് 29.78 ശരാശരിയിൽ 3157 റൺസാണ് ടീമിനായി സഞ്ജു അടിച്ചുകൂട്ടിയത്. ഇവയിൽ രണ്ട് സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളുമുണ്ട്. റോയൽസിനായി ൨൪൯ ഫോറുകളും 150സിക്‌സറുകളും സഞ്ജു പായിച്ചിട്ടുണ്ട്. 2810 റൺസ് നേടിയ രഹാനെയാണ് രാജസ്ഥാനായി റണ്ണടിച്ച് കൂട്ടിയ മറ്റൊരു താരം.
2023 ഐ.പി.എൽ സീസണിൽ രാജസ്ഥാനായി മുന്നൂറിലേറെ റൺസ് നേടിയ മൂന്നു ബാറ്റർമാരിൽ ഒരാളാണ് സഞ്ജു. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് മറ്റു രണ്ട് താരങ്ങൾ. 11 മത്സരങ്ങളിൽ നിനന് 30.80 ശരാശരിയിൽ 308 റൺസാണ് നായകൻ അടിച്ചുകൂട്ടിയത്. 154.77 ആണ് പ്രഹരശേഷി.
കൊൽക്കത്തയ്ക്കെതിരെ ടോസ് ലഭിച്ച രാജസ്ഥാൻ ബൗളിംഗാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 18 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് കൊൽക്കത്തൻ പടയ്ക്ക് നേടാനായത്. അർധസെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരാണ് ടീമിനായി തിളങ്ങിയത്. 57 റൺസടിച്ച അയ്യരെ ചഹലിന്റെ പന്തിൽ ബോൾട്ട് പിടികൂടി. ഓപ്പണർമാരായ ജേസൺ റോയ്, റഹ്‌മാനുല്ല ഗുർബാസ്, നായകൻ നിതീഷ് റാണ, ആൻഡ്രേ റസ്സൽ എന്നിവരും പുറത്തായി. ട്രെൻഡ് ബോൾട്ട് റോയിയെ ഹെറ്റ്മെയറുടെയും ഗുർബാസിനെ സന്ദീപിന്റെയും കൈകളിലെത്തിക്കുകയായിരുന്നു. മത്സരം 11ാം ഓവറിലേക്ക് കടന്നതോടെയാണ് നിതീഷ് റാണ കൊൽക്കത്തയുടെ പവലിയനിലേക്ക് മടങ്ങിയത്. ചഹലിന്റെ പന്തിൽ ഹെറ്റ്മെയർ പിടികൂടുകയായിരുന്നു. റസ്സലിനെ മലയാളി ബൗളർ കെ.എം ആസിഫ് അശ്വിന്റെ കൈകളിലെത്തിച്ചു.
ഹെറ്റ്മെയറും സന്ദീപും അസാമാന്യ ഫീൽഡിംഗ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജോ റൂട്ട് മത്സരത്തിലെ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം സ്പിന്നറും നാലാമതിറങ്ങുന്ന ബാറ്ററുമായാണ് ഇംഗ്ലീഷ് താരം കളിക്കുന്നത്.
Sanju Samson's 150th IPL match today
Adjust Story Font
16