സഞ്ജുവിനായി ആർപ്പുവിളിച്ച് ഗ്യാലറി; എടുത്തു പറഞ്ഞ് കമന്ററിയും
ഇതിന് മുമ്പ് ഇന്ത്യൻ ടീം അയർലാൻഡിൽ എത്തിയപ്പോഴു സഞ്ജുവിനായി ആരവങ്ങളുയർന്നിരുന്നു.
ഡബ്ലിൻ: വെസ്റ്റ്ഇൻഡീസിനെതിരായ മോശം ഫോം മായ്ച്ചുകളയാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മലയാളി താരം സഞ്ജു സാംസൺ. അയർലാൻഡിനെതിരായ ആദ്യ മത്സരമായിരുന്നു അതിനുള്ള വേദി. എന്നാൽ നിർഭാഗ്യമെന്നോണം താരത്തിന് അതിന് കഴിഞ്ഞില്ല. ഒരു റൺസെടുത്ത് നിൽക്കെ മഴ എത്തി. മത്സര വിജയിയായി ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ പ്രഖ്യാപിക്കുകയും ചെയ്തു.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം നാളെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന് ആ മത്സരം നിർണായകമായിരുന്നു. അതിൽ ശോഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഏഷ്യാകപ്പിലും അതുവഴി ലോകകപ്പിലും സഞ്ജുവിനെ പ്രതീക്ഷിക്കാമായിരുന്നു. അതേസമയം ക്രീസിൽ സഞ്ജു എത്തിയ നിമിഷം മുതൽ താരത്തിനായുള്ള ആർപ്പുവിളിയായിരുന്നു. സഞ്ജു, സഞ്ജു എന്ന പേര് സ്റ്റേഡിയത്തിൽ നിന്നും ഉയർന്നു. ടിവി കമന്റേറ്റർമാർ ഇക്കാര്യം എടുത്തുപറയുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തേര്‍ഡ് മാനിലോട്ട് കളിച്ച് താരം ഒരു റൺസ് നേടി. പിന്നാലെ മഴ എത്തി.
ഇതിന് മുമ്പ് ഇന്ത്യൻ ടീം അയർലാൻഡിൽ എത്തിയപ്പോഴും സഞ്ജുവിനായി ആരവങ്ങളുയർന്നിരുന്നു. അന്ന് ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചിരുന്നത്. ടോസിന് പിന്നാലെ ടീം അംഗങ്ങളുടെ പേര് പരാമർശിക്കവെ സഞ്ജുവിനെ പറഞ്ഞതോടെയാണ് ഗ്യാലറി ഇളകി മറിഞ്ഞത്. ഇക്കാര്യം ഹാർദിക് പാണ്ഡ്യ സൂചിപ്പിക്കുകയും ചെയ്തു. സഞ്ജുവിന് ധാരാളം ആരാധകർ ഉണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു അന്ന് ഹാർദികിന്റെ കമന്റ്.
രാജസ്ഥാൻ റോയൽസിന്റെയും കേരളത്തിന്റെയും രാജാവ് എന്ന കമന്ററിയും സഞ്ജു ക്രീസിലെത്തിയതിന് പിന്നാലെ കേൾക്കാമായിരുന്നു. അതേസമയം ഏഷ്യാകപ്പിനുള്ള ടീമിൽ സഞ്ജുവിന് ഇടം ഉണ്ടാകില്ലെന്നാണ് പ്രബലമായ റിപ്പോർട്ടുകൾ. ഫോമിന്റെ പരിസരത്ത് ഇല്ലാത്തതും ലോകേഷ് രാഹുൽ പരിക്കിൽ നിന്ന് മുക്തനായതുമാണ് സഞ്ജുവിന് തിരിച്ചടിയായത്. സഞ്ജുവിന് സാധ്യതയില്ലെന്ന് ഒരുവിധം ക്രിക്കറ്റ് വിദഗ്ധന്മാരെല്ലാം പറയുന്നുമുണ്ട്.
Watch Video
Adjust Story Font
16