Quantcast

നായകനായി സഞ്ജു മടങ്ങിയെത്തുന്നു; വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐ അനുമതി

ഏപ്രിൽ അഞ്ചിന് പഞ്ചാബ് കിങ്‌സുമായാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം

MediaOne Logo

Sports Desk

  • Published:

    2 April 2025 12:04 PM

Sanju returns as captain; BCCI allows him to play as wicketkeeper
X

ന്യൂഡൽഹി: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തിരിച്ചെത്തുന്നു. അടുത്ത മത്സരം മുതൽ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്‌സലൻസ് നൽകിയതോടെയാണ് നായകസ്ഥാനത്തേക്കുള്ള മടങ്ങിവരവിന് കളമൊരുങ്ങിയത്. വിരലിന് പരുക്കേറ്റതിനെ തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാനുള്ള അനുമതി സഞ്ജുവിന് ലഭിച്ചിരുന്നില്ല. ഇതോടെ മലയാളി താരം ഇംപാക്ട് പ്ലെയറായാണ് എത്തിയത്. പകരം ക്യാപ്റ്റനായി റയാൻ പരാഗിനെ രാജസ്ഥാൻ മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിക്കറ്റ് കീപ്പർ റോളിൽ ദ്രുവ് ജൂറേലാണ് ഇറങ്ങിയത്.

കായികക്ഷമത തെളിയിക്കാനായി കഴിഞ്ഞദിവസം താരം ടീം ക്യാമ്പ് വിട്ട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നു. സഞ്ജു കായിക ക്ഷമത തെളിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്‌സുമായാണ് ആർആറിന്റെ അടുത്ത മത്സരം. പരാഗിന് കീഴിൽ ഇറങ്ങിയ ടീം ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം രുചിച്ചെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപിച്ച് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. സ്ഥിരം ക്യാപ്റ്റനെത്തുന്നതോടെ ടീം രണ്ടാംജയം സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു 66 റൺസ് നേടിയിരുന്നു. എന്നാൽ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഏപ്രിൽ അഞ്ചിന് പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു ഫോമിലേക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

TAGS :

Next Story