Quantcast

സെഞ്ചുറി നേട്ടം അവൾക്കുള്ള വിവാഹവാർഷിക സമ്മാനം; സഞ്ജുവിന് ആശംസയുമായി ക്രിക്കറ്റ് ആരാധകർ

മത്സരശേഷം സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തെ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ വാനോളം പുകഴ്ത്തി.

MediaOne Logo

Web Desk

  • Updated:

    2023-12-22 06:09:53.0

Published:

22 Dec 2023 5:34 AM GMT

sanju samson
X

പാൾ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഡിസംബർ 22ന് വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളിതാരം. 2018 ഡിസംബർ 22നായിരുന്നു കോളജ് കാലത്തെ സുഹൃത്ത് ചാരുലതയുമായി സഞ്ജുവിന്റെ വിവാഹം. കാത്തിരുന്ന സെഞ്ചുറി വിവാഹവാർഷിക സമ്മാനമായതിന്റെ സന്തോഷത്തിലാണ് കുടുംബം. ഇന്ത്യക്കായി നേട്ടം കൈവരിക്കുന്ന ആദ്യമലയാളിതാരവുമായി സഞ്ജു.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ സ്ഥാനം ലഭിക്കാതിരുന്ന സഞ്ജുവിന് നീണ്ട ഇടവേളക്ക് ശേഷമാണ് ദേശീയടീമിലേക്ക് വീണ്ടും വിളിയെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമാച്ചിൽ അവസരം ലഭിക്കാതിരുന്ന 29കാരൻ രണ്ടാം കളിയിൽ പെട്ടെന്ന് പുറത്താകുകയും ചെയ്തു. ഇതോടെ മൂന്നാം ഏകദിനം സഞ്ജുവിന് നിർണായകമായി. 108 റൺസുമായി കരുത്ത്കാട്ടിയ താരം ടീമിൽ തന്റെ അവസരം കൂടിയാണ് സുരക്ഷിതമാക്കിയത്. താരത്തിന്റെ മികവിൽ 296 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 218 റൺസിൽ അവസാനിപ്പിച്ചു.

മത്സരശേഷം സഞ്ജുവിന്റെ സെഞ്ചുറി പ്രകടനത്തെ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ വാനോളം പുകഴ്ത്തി. സമീപകാലത്തായി അസാമാന്യ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. എന്നാൽ മറ്റുപല കാരണങ്ങളാൽ കൂടുതൽ അവസരം ലഭിച്ചിരുന്നില്ല. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചപ്പോൾ ലഭിച്ച ഈ അവസരം സഞ്ജു മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയെന്നും കെ.എൽ രാഹുൽ പറഞ്ഞു.

ഇതുവരെ 15 ഏകദിന മത്സരങ്ങളിൽ നിന്നായി 402 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റന്റെ സമ്പാദ്യം. 50 ശരാശരിയിൽ ബാറ്റ് വീശിയ താരം മൂന്ന് അർദ്ധസെഞ്ച്വറി നേടുകയും ചെയ്തു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാംനമ്പറിൽ താരത്തെ ഇറക്കാനുള്ള തീരുമാനവും നിർണായകമായി. പതിവിൽ നിന്ന് വിപരീതമായി പതുക്കെ തുടങ്ങിയ സഞ്ജു പിന്നീട് സ്വതസിദ്ധമായ ശൈലിയിലേക്ക് മാറുകയായിരുന്നു. വിദേശപിച്ചിൽ സെഞ്ച്വറി പ്രകടനം നടത്തിയ സഞ്ജുവിന്റെ പ്രകടനം സെലക്ടർമാർ കാണാതെ പോകരുതെന്ന് കമന്റേറ്റർ സഞ്ജയ് മഞ്ചറേക്കർ പറഞ്ഞു.

TAGS :

Next Story