Quantcast

ലോകകപ്പിനുള്ള ടീമില്‍ മാറ്റം വരുത്തി പാകിസ്താന്‍; സര്‍ഫ്രാസ് തിരിച്ചെത്തി

ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താന്‍

MediaOne Logo

Web Desk

  • Published:

    9 Oct 2021 12:22 PM GMT

ലോകകപ്പിനുള്ള ടീമില്‍ മാറ്റം വരുത്തി പാകിസ്താന്‍; സര്‍ഫ്രാസ് തിരിച്ചെത്തി
X

ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ മാറ്റം വരുത്താനുള്ള സമയപരിധി ഒക്ടോബര്‍ 10 ന് അവസാനിക്കാനിരിക്കെ, ആദ്യം പ്രഖ്യാപിച്ച ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി പാകിസ്താന്‍. മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പാക്ക് സിലക്ടര്‍മാര്‍ ടീമിലേക്കു തിരിച്ചുവിളിച്ചു. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍നിന്ന് മൂന്നുപേരെ ഒഴിവാക്കിയാണ് മുപ്പത്തിനാലുകാരനായ സര്‍ഫ്രാസ് അഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പുതുതായി ഉള്‍പ്പെടുത്തിയത്.

ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. പാകിസ്താനിലെ ദേശീയ ട്വന്റി20 ടൂര്‍ണമെന്റിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിലും മാറ്റങ്ങള്‍ വരുത്തിയതെന്ന് പാകിസ്താന്‍ ചീഫ് സിലക്ടര്‍ മുഹമ്മദ് വാസിം അറിയിച്ചു.

'പാകിസ്താന്‍ ദേശീയ ട്വന്റി20 ടൂര്‍ണമെന്റിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയും ടീം മാനേജ്‌മെന്റുമായി സംസാരിച്ചും സര്‍ഫ്രാസ് അഹമ്മദ്, ഫഖര്‍ സമാന്‍, ഹൈദര്‍ അലി എന്നിവരെ ട്വന്റി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സിലക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നു' - മുഹമ്മദ് വാസിം പറഞ്ഞു.

യുഎഇയില്‍വച്ചു നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്കിടെ ബയോ സെക്യുര്‍ ബബ്ള്‍ ലംഘിച്ചതിന്റെ പേരില്‍ ലോകകപ്പ് ടീമില്‍നിന്ന് സിലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്ന താരമാണ് ഹൈദര്‍ അലി. എന്നാല്‍, ദേശീയ ട്വന്റി20 ലീഗില്‍ എട്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 315 റണ്‍സടിച്ച പ്രകടനമാണ് താരത്തിന് ലോകകപ്പ് ടീമില്‍ ഇടംനല്‍കിയത്.

മറ്റൊരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ സുഹൈബ് മക്‌സൂദിനെ പരുക്ക് ഭേദമായാല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും മുഹമ്മദ് വാസിം അറിയിച്ചു. ഖുഷ്ദില്‍ ഷാ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അസം ഖാന്‍, പേസ് ബോളര്‍ മുഹമ്മദ് ഹസ്നയ്ന്‍ എന്നിവരെയാണ് ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍നിന്ന് ഒഴിവാക്കിയത്. ഖുഷ്ദില്‍ ഷാ, ഷഹനവാസ് ദഹ്നി,ഉസ്മാന്‍ ഖാദിര്‍ എന്നിവരാണ് ടീമിന്റെ റിസര്‍വ് അംഗങ്ങള്‍.

ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താന്‍. ഒക്ടോബര്‍ 24ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.


TAGS :

Next Story